പൊലീസിന്റെ ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം ശരിവെക്കുന്ന കണ്ടെത്തലുകള്‍; ആര് എസ് എസുകാരുടെ വിവരങ്ങള്‍ മാത്രമല്ല ചോര്‍ത്തിയത് നിര്‍ണ്ണായക രഹസ്യങ്ങള്‍; പൊലീസിലെ സ്ലീപ്പര്‍ സെല്ലിന്റെ ചാരവൃത്തിക്ക് ഇരകളായത് പൊലീസുകാരും കോണ്‍ഗ്രസ്, സിപിഎം നേതാക്കളും വരെ; നടന്നത് ക്രിമിനല്‍ ഗൂഢാലോചന; കരിമണ്ണൂര്‍ സ്റ്റേഷനിലെ സിപിഒ അനസിനെ പിരിച്ചു വിടും
സ്വന്തം ലേഖിക
ഇടുക്കി: പൊലീസിന്റെ ഔദ്യോഗിക വിവരങ്ങള്‍ എസ്ഡിപിഐക്ക് ചോര്‍ത്തി നല്കിയ സംഭവത്തിൽ ആരോപണ വിധേയനായ ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ സിപിഒ അനസ് പി.കെയെ സര്‍വ്വീസില്‍ നിന്ന് പിരിച്ചു വിടും.
സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മറുപടി കിട്ടിയാല്‍ ഉടന്‍ തിരുമാനം എടുക്കും. ജില്ലാ പൊലീസ് മേധാവി തന്നെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വിവരം ചോര്‍ത്തിയെന്ന ആരോപണം ശരിവെക്കുന്ന കണ്ടെത്തലുകള്‍ കിട്ടിയ സാഹചര്യത്തിലാണ് നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ജി ലാലാണ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഔദ്യോഗിക വിവരണ ശേഖരണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിച്ചുവെച്ച ആര്‍എസ്എസ് നേതാക്കളുടെ വിവരങ്ങള്‍ എസ്ഡിപിഐക്ക് കൈമാറിയെന്നതാണ് അനസിനെതിരെയുള്ള ആരോപണം.
വാട്സ്അപ്പ് വഴിയാണ് വിവരങ്ങള്‍ എസ്ഡിപിഐ നേതാവിന് കൈമാറിയിട്ടുള്ളത്. ക്രിമിനല്‍ ഗൂഢാലോചന ഇക്കാര്യത്തില്‍ നടന്നു എന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഇയാള്‍ക്കെതിരെ കേസും എടുക്കും.
വര്‍ഗീയത വളര്‍ത്തുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ച് തൊടുപുഴയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വണ്ണപ്പുറം സ്വദേശി ഷാനവാസ് എന്നയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പൊലീസിന്റെ ഔദ്യോഗിക വിവരം ചോര്‍ത്തിയത് കണ്ടെത്തുന്നത്.
പ്രാഥമിക അന്വേഷണത്തില്‍ സിപിഒ ആയ അനസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയ ഇയാളെ പിന്നീട് സസ്പെന്‍ഡ് ചെയ്തു. ഈ സംഭവം പൊലീസിന് നാണക്കേടുണ്ടാക്കിയ സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്.
പൊലീസുകാരും കോണ്‍ഗ്രസ്, സിപിഎം നേതാക്കളുംവരെ തൊടുപുഴയിലെ പി.കെ അനസിന്റെ നേതൃത്വത്തിലുള്ള പൊലീസിലെ സ്ലീപ്പര്‍ സെല്ലിന്റെ ചാരവൃത്തിക്ക് ഇരകളായിട്ടുണ്ടെന്നാണ് വിവരം. അനസിന്റെ ചാരപ്പണി പുറത്തുവന്നതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ടാര്‍ഗറ്റ് ചെയ്യപ്പെട്ട വ്യക്തികളുടെ പട്ടിക വിപുലമാണെന്ന് കണ്ടത്.
പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ക്ക് പൊലീസിന്റെ ഡാറ്റാബേസില്‍ നിന്നുള്ള വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി ചോര്‍ത്തി നല്‍കിയതിനാണ് അനസ് പി.കെ സസ്പെന്‍ഷനിലായത്. പൊലീസിലെ ഹിന്ദു വിശ്വാസികളുടെയും ക്ഷേത്രാചാരങ്ങളില്‍ പങ്കെടുക്കുന്നവരുടെയും വിശദമായ പട്ടിക അനസ് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന പൊലീസ് സ്റ്റേഷനുകളുടെ വിവരങ്ങള്‍ അടക്കമാണ് കൈമാറിയിരിക്കുന്നത്.
മാത്രമല്ല സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും സംസ്ഥാന നേതാക്കളുടെയും അവരുടെ അടുത്ത അനുയായികളുടെയും വിവരങ്ങളും ഇത്തരത്തില്‍ ചോര്‍ത്തി നല്‍കിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും എതിര്‍ക്കുന്നവരാണ് ഇവരില്‍ അധികവും. ഇതനുസരിച്ച് സംസ്ഥാനത്ത് ഉടനീളം ടാര്‍ഗെറ്റ് ചെയ്യേണ്ട വ്യക്തികളുടെ വിശദമായ പട്ടിക എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സ്ലീപ്പര്‍ സെല്ലുകള്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
പൊലീസുമായി സംഘര്‍ഷമുണ്ടായാല്‍ ഇവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ലക്ഷ്യമിട്ടാണ് കടുത്ത ഹിന്ദുവിശ്വാസികളും സംഘപരിവാര്‍ ബന്ധമുള്ളവരുമായ പൊലീസുകാരുടെ വിവരങ്ങള്‍ ശേഖരിച്ചതെന്നാണ് സൂചന. കോണ്‍ഗ്രസ്, സിപിഎം നേതാക്കളുടെ വിശദമായ വിവരങ്ങളും വീട്ടിലേക്കുള്ള വഴിയും വീട്ടുകാരുടെ വിവരങ്ങളും മക്കളുടെ പേരും സഹിതമാണ് ചോര്‍ത്തിയത്. ഭാവിയില്‍ ഈ പാര്‍ട്ടികളുമായി സംഘര്‍ഷമുണ്ടാകുമ്പോള്‍ നേരിടാനുള്ള കരുതല്‍ പട്ടികയായിരുന്നു ഇത്.
പൊലീസിന്റെ രഹസ്യ മെസേജുകള്‍ അടക്കം ചോര്‍ന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. അനസ് പോപ്പുലര്‍ ഫ്രണ്ടിന്റെ പൊലീസിലെ സ്ലീപ്പര്‍ സെല്ലായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് സേനയിലുള്ളവര്‍ തന്നെ ആരോപിക്കുന്നത്. അനസ് സുഹൃത്തിന് കൈമാറിയ ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ വ്യക്തിവിവരങ്ങള്‍ ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടുകാരായ പലര്‍ക്കും കൈമാറിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇതു കൂടാതെ വൈദികരുടെയും ക്രിസ്ത്യന്‍ സമുദായ നേതാക്കളുടെയും ജില്ലയിലെ പ്രധാന തസ്തികളില്‍ ഇരിക്കുന്ന പൊലീസുകാരുടെയും വിവരങ്ങള്‍ അനസ് ചോര്‍ത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അനസിനെ കൂടാതെ മറ്റാരെങ്കിലും പൊലീസ് സേനയില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ തീരുമാനമായിട്ടുണ്ട്.
വ്യക്തി സുരക്ഷയെ കാര്യമായി ബാധിക്കുന്ന രഹസ്യവിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് കൈമാറി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് സുഗമമായ വഴിയൊരുക്കിയിരിക്കുകയാണ്. ഏപ്രിലില്‍ ജമ്മു കശ്മീരിൽ സൈമ അക്തര്‍ എന്ന ഒരു പൊലീസ് ഉദ്യോഗസ്ഥ ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നു. അവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയാണ് സര്‍ക്കാര്‍ ചെയ്തത്. അനസിനെപ്പോലെ പ്രവര്‍ത്തിക്കുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സേനയിലുണ്ടെന്ന ആരോപണം ശക്തമാണ്. ഇവർക്കെതിരെയെല്ലാം ശക്തമായ നടപടി സ്വീകരിക്കും’