കാപ്പ നിയമ ലംഘനം: ഒരു വർഷത്തേക്ക് കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയെ മണിമല പോലീസ് അറസ്റ്റ് ചെയ്തു
കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ മണിമല സ്വദേശിയായ സന്ദീപ് എം തോമസ് (33) നെ കാപ്പ നിയമം ലംഘിച്ചതിന് മണിമല പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം, അടിപിടി, ഭീഷണിപ്പെടുത്തുക, സംഘം ചേരുക, ഭവനഭേദനം തുടങ്ങിയ ക്രിമിനൽ കേസുകളിൽ മണിമല പോലീസ് സ്റ്റേഷനില്‍ കേസുകൾ നിലവിലുണ്ട്.
ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് ജില്ലയിൽ നിന്നും ഇയാളെ നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു. എന്നാൽ ഇയാൾ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മണിമല പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടുന്നത്. മണിമല സ്റ്റേഷൻ എസ്.ഐ സെൽവരാജ്, സി.പി.ഓ മാരായ ജിമ്മി, ടോമി, ബിജേഷ്, അഭിലാഷ്, വിശാൽ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.