കണ്ണൂരില്‍ നടന്നത് ഗറില്ലാ മോഡല്‍ ആക്രമണങ്ങള്‍; സംസ്ഥാനത്തെ ചില ഉന്നത നേതാക്കള്‍ ഹിറ്റ് ലിസ്റ്റിലും; പോപ്പുലര്‍ ഫ്രണ്ട് നടത്തിയ രാഷ്ട്രീയ കൊലപാതകങ്ങളിൽ തീവ്രവാദ സാന്നിധ്യമോ….? ജില്ലയില്‍ നടന്ന ചില രാഷ്ട്രീയ കൊലപാതക കേസുകളിൽ പുനരന്വേഷണത്തിന് നീക്കം
സ്വന്തം ലേഖിക
കണ്ണൂര്‍: സംസ്ഥാനത്തെ ചില ഉന്നത നേതാക്കള്‍ പോപ്പുലര്‍ഫ്രണ്ട് ഹിറ്റ്ലിസ്റ്റിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂര്‍ ജില്ലയില്‍ നടന്ന ചില രാഷ്ട്രീയ കൊലപാതക കേസുകളും പുനഃ പരിശോധിക്കുന്നു.
ക്ഷേത്രസംരക്ഷണ സമിതി നേതാവ് പുന്നാട് അശ്വിനികുമാര്‍, സി.പി. എം പ്രവര്‍ത്തകനായ ഇരിട്ടിയിലെ സജീവന്‍, എ.ബി.വി.പി നേതാവ് കണ്ണവം ശ്യാമപ്രസാദ് തുടങ്ങിയ കൊലപാതക കേസുകളാണ് പുനഃപരിശോധനടത്തുന്നത്. തീവ്രവാദ സാന്നിധ്യം ഇത്തരം കൊലപാതകങ്ങളിലുണ്ടോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ അക്രമം നടന്ന ജില്ലകളിലൊന്നാണ് കണ്ണൂര്‍. ഹര്‍ത്താലുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സിറ്റി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം എണ്‍പതു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വധശ്രമം, സ്ഫോടക വസ്തുക്കള്‍ കൈക്കാര്യം ചെയ്യല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ചരക്കുലോറിയുടെ താക്കോല്‍ ഊരി കടന്നുകളയല്‍, വാഹനങ്ങളും കടകളും അടിച്ചുതകര്‍ക്കല്‍, മര്‍ദ്ദനം, ഭീഷണി, ഗൂഢാലോചന തുടങ്ങിയ സംഭവങ്ങള്‍ക്കാണ് കേസെടുത്തത്.
പോപ്പുലര്‍ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങള്‍ സിറിയയിലും ഇറാഖിലുമൊക്കെ നടക്കുന്ന ഗറില്ലാ മോഡലാണെന്ന റിപ്പോര്‍ട്ട് സംസ്ഥാന രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്. സമീപക്കാലത്ത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ ഹര്‍ത്താലിനെക്കാള്‍ ഏറ്റവും കൂടുതല്‍ ആക്രമണം നടന്ന ഹര്‍ത്താലുകളിലൊന്നാണിതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കെ. എസ്. ആര്‍.ടി.സി ബസുകള്‍ക്ക് നേരെ ഗറില്ലാമോഡല്‍ അക്രമമാണ് നടന്നതെന്നാണ് വിലയിരുത്തല്‍.
സാധാരണ ഹര്‍ത്താലുകളില്‍ നിന്നും ഒഴിവാക്കപ്പെടുന്ന ഇരുചക്രവാഹനങ്ങള്‍, ആംബുലന്‍സുകള്‍ എന്നിവയും അക്രമിക്കപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ ചില പി. എഫ്. ഐ സ്വാധീനകേന്ദ്രങ്ങളില്‍ തമ്പടിച്ചാണ് ആക്രമണങ്ങള്‍ അരങ്ങേറിയിട്ടുള്ളതെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
ആള്‍ക്കൂട്ടങ്ങള്‍ക്കിടെയില്‍ നിന്നും രണ്ടോ മൂന്നോ പേരെത്തി ആക്രമണം നടത്തിയശേഷം രക്ഷപ്പെടുകയായിരുന്നു.
നാറാത്ത് എന്‍. ഐ. എ കേസുമായി ബന്ധപ്പെട്ടു പൊലിസ് കണ്ടെത്തിയ അക്രമരീതികളും കഴിഞ്ഞ ഹര്‍ത്താലില്‍ നടന്ന ഗറില്ലാ അക്രമങ്ങളും തമ്മില്‍ സാമ്യമുണ്ടെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. തങ്ങള്‍ക്കെതിരെ യു. എ. പി. എ ചുമത്താതിരിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് പെട്രോള്‍ ബോംബുകള്‍ പ്രയോഗിച്ചതിന് പിന്നിലെന്നാണ് പൊലിസ് വിലയിരുത്തല്‍.