കണ്ണൂരില്‍ ‘പുരനിറഞ്ഞു’ നില്‍ക്കുന്നവരെ കെട്ടിക്കാന്‍ സര്‍ക്കാര്‍ പദ്ധതി; ജാതകവും ജാതിയും മതവും മാനദണ്ഡമല്ല; സ്ത്രീധനം പാടില്ല; പിണറായി പഞ്ചായത്തിൻ്റെ സായുജ്യം പദ്ധതിക്ക് വൻ വരവേൽപ്പ്

കണ്ണൂരില്‍ ‘പുരനിറഞ്ഞു’ നില്‍ക്കുന്നവരെ കെട്ടിക്കാന്‍ സര്‍ക്കാര്‍ പദ്ധതി; ജാതകവും ജാതിയും മതവും മാനദണ്ഡമല്ല; സ്ത്രീധനം പാടില്ല; പിണറായി പഞ്ചായത്തിൻ്റെ സായുജ്യം പദ്ധതിക്ക് വൻ വരവേൽപ്പ്

സ്വന്തം ലേഖിക

കണ്ണൂര്‍: വിവാഹപ്രായം കഴിഞ്ഞിട്ടും പുരനിറഞ്ഞുനില്‍ക്കുന്ന യുവതീയുവാക്കളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങി രണ്ട് പഞ്ചായത്തുകള്‍.

മുഖ്യമന്ത്രിയുടെ പഞ്ചായത്തായ പിണറായിയും തളിപ്പറമ്പിനടുത്തുള്ള പട്ടുവം പഞ്ചായത്തുമാണ് മാതൃക കാട്ടുന്നത്. കുറഞ്ഞത് 35 വയസെങ്കിലും ആയവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. പ്രായവും വിദ്യാഭ്യാസവും നോക്കി അനുയോജ്യരായവരുടെ പട്ടിക പഞ്ചായത്ത് തയ്യാറാക്കും. ജാതകവും ജാതിയും മതവും മാനദണ്ഡമല്ല.
സ്ത്രീധനം പാടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സായുജ്യം എന്ന പേരില്‍ പിണറായി പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനും നടത്താം. പട്ടുവം പഞ്ചായത്തിന്റെ പദ്ധതി ‘നവമാംഗല്യം’ എന്ന പേരിലാണ്. വിവാഹാലോചനയ്ക്ക് പഞ്ചായത്ത് സബ് കമ്മിറ്റിയുണ്ടാക്കും. പരസ്പരം കാണാന്‍ സൗകര്യം ഒരുക്കും.

ഇഷ്ടപ്പെട്ടാല്‍ ഇരുവര്‍ക്കും കൗണ്‍സലിംഗ് നടത്തും. ലളിതമായ ചടങ്ങിലൂടെ വിവാഹിതരാവാന്‍ തയ്യാറായാല്‍, പഞ്ചായത്തിന്റെ ചെലവില്‍ നടത്തിക്കൊടുക്കും. ചെലവേറിയ ചടങ്ങായാല്‍ അത് സ്വയം വഹിക്കണം. സമൂഹ വിവാഹത്തിന് സന്നദ്ധമാണെങ്കില്‍,അതിനും പഞ്ചായത്ത് തയ്യാര്‍.

പിണറായി പഞ്ചായത്തില്‍ ഇന്നു മുതല്‍ രജിസ്ട്രേഷന്‍ തുടങ്ങും. വെബ്സൈറ്റും തയ്യാറാക്കുന്നുണ്ട്. വധൂവരന്‍മാരെ തേടി മറ്റു പഞ്ചായത്തുകള്‍ക്ക് കത്ത് അയച്ചു തുടങ്ങി.