പാർട്ടി ഗ്രാമത്തിലെ ദളിത് യുവാവിന്റെ ദുരൂഹ മരണം : മകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതല്ല, സിപിഎം പ്രവർത്തകർ കൊന്നുതള്ളുകയായിരുന്നെന്ന് സുജിത്തിന്റെ അമ്മ ; പോസ്റ്റുമോർട്ടം നടത്താതെ തന്നെ മൃതദേഹം സംസ്‌കരിക്കാൻ പാർട്ടി ശ്രമം നടത്തി : സുജിത്തിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം

പാർട്ടി ഗ്രാമത്തിലെ ദളിത് യുവാവിന്റെ ദുരൂഹ മരണം : മകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതല്ല, സിപിഎം പ്രവർത്തകർ കൊന്നുതള്ളുകയായിരുന്നെന്ന് സുജിത്തിന്റെ അമ്മ ; പോസ്റ്റുമോർട്ടം നടത്താതെ തന്നെ മൃതദേഹം സംസ്‌കരിക്കാൻ പാർട്ടി ശ്രമം നടത്തി : സുജിത്തിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം

സ്വന്തം ലേഖകൻ

കണ്ണൂർ : മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ ദളിത് യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവതത്തിൽ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം ശക്തം. ധർമ്മടത്തിലെ പെരളശേരിയിലെ മുന്നു പെരിയയിലാണ് ആർടിസ്റ്റ് കൊയിലേര്യൻ സുജിത്തെന്ന ദളിത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചെക്കിക്കുളത്തെ സിപിഎം പാർട്ടിബ്രാഞ്ച് അംഗവും ദളിത് കുടുംബത്തിലെ അംഗവുമാണ് സുജിത്ത്. 2018 ഫെബ്രുവരി നാലിനാണ് സുജിത്തിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നു പെരിയയിലെ റോഡരികിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിൽ സിപിഎം എടക്കാട് ഏരിയാ സമ്മേളനത്തിന്റെയും സഹകരണ കോൺഗ്രസിന്റെയും പ്രചാരണ ബോർഡുകൾ എഴുതാനായി വന്ന സുജിത്തിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

എന്നാൽ തന്റെ മകൻ ഹൃദയാഘാതത്തിൽ മരിച്ചതല്ലെന്നും കൊല്ലപ്പെട്ടതാണെന്നുമാണ് സുജിത്തിന്റെ അമ്മ കമലാക്ഷി പറയുന്നത്. പൊലീസും ക്രൈംബ്രാഞ്ചും കേസ് നിരന്തരമായി അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

മരണം നടന്നയുടൻ തന്നെ ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രദേശത്തെ സിപിഎം നേതാക്കൾ പറഞ്ഞു പരത്തി. ഇതിനായി സുജിത്തിന്റെ നാടായ ചെക്കിക്കുളത്തെ സിപിഎം പ്രാദേശികനേതാവും ഒത്തുകളിച്ചുവെന്നും ആരോപണം ഉയരുന്നുണ്ട്. മരണം നടന്ന് 12 മണിക്കൂറിന് ശേഷമാണ് സുജിത്തിന്റെ ബന്ധുക്കളെ അറിയിച്ചത്.

പോസ്റ്റുമോർട്ടം ചെയ്യാതെ മൃതദേഹം സംസ്‌കരിക്കാനുള്ള നീക്കവുമുണ്ടായി. ബന്ധുക്കൾ എതിർത്തതോടെയാണ് പൊലീസും സിപിഎം പ്രവർത്തകരും ഈ നീക്കത്തിൽ നിന്നും പിന്തിരിഞ്ഞത്. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഡോ.ഗോപാലക്യഷ്ണൻ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സുജിത്തിന്റെ മരണം സ്വാഭാവികമല്ലെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് പട്ടിക ജന സമാജം ഭാരവാഹികൾ ചൂണ്ടികാട്ടി.

കഴുത്ത് മുറുക്കിയതിന്റെ പാടുകളും ക്ഷതങ്ങളും കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിൽ ആറോളം മുറിവുകളുണ്ട്. കണ്ണിൽ രക്തം കട്ട പിടിച്ചിട്ടുണ്ട്. മരണം നടന്ന സ്ഥലത്തെ തെളിവുകൾ നശിപ്പിക്കാനായി എടക്കാട് പൊലിസ് മുന്നു പെരിയയിലെ വാടക കെട്ടിടത്തിൽ യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയില്ല. സിപിഎം പ്രാദേശികനേതാക്കൾ പറഞ്ഞതനുസരിച്ച് പോസ്റ്റുമോർട്ടം നടക്കുന്നതിന് മുൻപ്തന്നെ ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലിസ് എഫ്.ഐ.ആറിൽ എഴുതി ചേർത്തിരുന്നു.

ബന്ധുക്കളുടെ പരാതിപ്രകാരം കേസ് ക്രൈംബ്രാഞ്ചിന് വിട്ടുവെങ്കിലും ഭരണ തലത്തിൽ തന്നെ അട്ടിമറിക്കാൻ ശ്രമിച്ചു. ഹൃദയാഘാതത്തിന്റെ കഠിന വേദനയാൽ സുജിത്ത് സ്വയം കഴുത്ത് ഞെരിച്ചതിനാലാണ് പാടുകൾ സംഭവിച്ചതെന്ന വിചിത്രമായ ന്യായമാണ് കണ്ണൂർ ഡി.വൈ.എസ്പി പി.പി സദാനന്ദൻ പറഞ്ഞതെന്ന് അമ്മ കമലാക്ഷി പറഞ്ഞു.

പരാതി നൽകാതെ ഈ വിഷയം അവസാനിപ്പിക്കുകയാണ് നല്ലതെന്ന് ഡി.വൈ.എസ്പി ഉപദേശിച്ചതായും കമലാക്ഷി ആരോപിച്ചു. ഉള്ളതെല്ലാം വിറ്റുപെറുക്കിയാലും കിടപ്പാടം നഷ്ടപ്പെടുത്തിയാലും താൻ സിബിഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് സുജിത്തിന്റെ അമ്മ കമലാക്ഷി പറഞ്ഞു. സിപിഎമ്മിനും അവരുടെ സഹകരണ ബാങ്കു ൾക്കും പണിയെടുത്ത വഴി ലക്ഷങ്ങൾ കൂലിയായി സുജിത്തിന് ലഭിക്കാനുണ്ടായിരുന്നു.

ഇതു ചോദിച്ച വൈരാഗ്യത്തിന് രണ്ട് ലോക്കൽ കമ്മിറ്റിയിലെ നേതാക്കൾ ആസുത്രിതമായാണ് തന്റെ മകനെ കൊലപ്പെടുത്തിയതെന്നുമാണ് കമലാക്ഷിയുടെ ആരോപണം.