കാഞ്ഞിരപ്പള്ളി കൊലപാതകം; സഹോദരനെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസില്‍ ജോര്‍ജ് കുര്യന്റെ മൊഴിയെടുത്തു; തന്നെ ആക്രമിച്ചത് കൊണ്ടാണ് വെടിവച്ചതെന്ന് പ്രതിയുടെ മൊഴി
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി: സഹോദരനെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസില്‍ ജോര്‍ജ് കുര്യന്റെ മൊഴിയെടുത്തു. സഹോദരനെയും ബന്ധുവിനെയും വെടിവെച്ചത് തന്നെ ആക്രമിച്ചതുകൊണ്ടാണെന്നാണ് ജോര്‍ജ് കുര്യന്റെ മൊഴി.
സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്കായി എത്തിയപ്പോള്‍ രഞ്ജുവിന്റെയും അമ്മാവന്റേയും ഗുണ്ടകൾ തന്നെ ആക്രമിക്കുകയായിരുന്നു. തന്നെ ബലമായി വീട്ടിൽ നിന്ന് പുറത്താക്കി. പിന്നീട് വീട്ടിൽ കയറിയപ്പോൾ മുറിയ്ക്കുള്ളിൽ വച്ചും ഉന്തും തള്ളും ഉണ്ടായി. ഇതിനിടയിലാണ് വെടിവച്ചതെന്നും ജോർജ് കുര്യൻ പൊലീസിനോട് പറഞ്ഞു.
ജോർജ് കുര്യന്റെ സഹോദരൻ രഞ്ജു കുര്യൻ, മാതൃസഹോദരൻ കൂട്ടിക്കൽ സ്വദേശി മാത്യു സ്കറിയ എന്നിവരാണ് വെടിയേറ്റ് മരിച്ചത്. രഞ്ജു ഇന്നലെ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മാത്യു സ്കറിയ ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്. തലയ്ക്ക് വെടിയേറ്റ മാത്യു ഗുരുതരാവസ്ഥയിൽ ആയിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാമ്പത്തിക ബാധ്യത ഉള്ള മൂത്ത സഹോദരൻ ജോർജ് കുര്യൻ രണ്ടരയേക്കർ സ്ഥലത്ത് വീടുകൾ വെച്ച് വിൽപന നടത്താനുള്ള പദ്ധതി ഇട്ടതാണ് തർക്കത്തിന് കാരണമായത്. കുടുംബ വീടിന് അടുത്തുള്ള അരയേക്കർ സ്ഥലം ഒഴിച്ചിടണം എന്ന് സഹോദരൻ രഞ്ജു കുര്യൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാൻ ജോർജ് കുര്യൻ തയ്യാറായില്ല.
തർക്കത്തിൽ ഒത്തുതീർപ്പ് നടത്താനാണ് മാതൃസഹോദരൻ മാത്യു സ്കറിയാ എത്തിയത്. സംസാരത്തിനിടയിൽ സഹോദരങ്ങൾ തമ്മിൽ വാക്ക് തർക്കത്തിലേക്ക് നീങ്ങി. പ്രകോപിതനായ ജോർജ് കയ്യിൽ കരുതിയ റിവോൾവർ എടുത്ത് രഞ്ജുവിനെ വെടിവെച്ചു. പിടിച്ചുമാറ്റാൻ എത്തിയ മാത്യുവിന് നേരെയും നിറയൊഴിക്കുകയായിരുന്നു. ഇരുവർക്കും തലയ്ക്കാണ് വെടിയേറ്റത്. വെടിവെപ്പ് നടക്കുമ്പോൾ ജോർജിന്റെയും രഞ്ജുവിന്റെയും മാതാപിതാക്കളും കുടുംബ വീട്ടിലുണ്ടായിരുന്നു.
കൊച്ചിയിൽ ഫ്ലാറ്റ് നിർമ്മാതാവാണ് ജോർജ് കുര്യൻ. ഊട്ടിയിൽ വ്യവസായി ആയ രഞ്ജുവാണ് കുടുംബവീട്ടിൽ താമസിച്ചിരുന്നത്. കരുതിക്കൂട്ടി തന്നെയാണ് ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ എത്തിയതെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ കുറച്ചു നാളുകളായി കരിമ്പാനയിൽ കുടുംബത്തിൽ സ്വത്തു സംബന്ധിച്ച് തർക്കങ്ങൾ നിലനിന്നിരുന്നു. ഇതാണ് കൊലയിലേക്ക് എത്തിയത്. വെടിവെച്ച പോയിൻറ് 9mm റിവോൾവറിന് ലൈസൻസ് ഉണ്ടായിരുന്നു എന്നും പൊലീസ് അറിയിച്ചു.