മുപ്പത് വര്‍ഷത്തെ ഭിക്ഷാടനത്തിലൂടെ സുകുമാരന്‍ സമ്പാദിച്ചത് 2.15 ലക്ഷത്തോളം രൂപ; പണച്ചാക്ക് നഷ്ടമായതോടെ ശാരീരിക അസ്വസ്ഥത മൂലം ഭിക്ഷാടകനെ വൃദ്ധസദനത്തിലാക്കി; ജൂവലറിയിലെ സെക്യൂരിറ്റി ജീവനക്കാരനായ മോഷ്ടാവ്  കരുനാഗപ്പള്ളി പൊലീസിൻ്റെ പിടിയിൽ

മുപ്പത് വര്‍ഷത്തെ ഭിക്ഷാടനത്തിലൂടെ സുകുമാരന്‍ സമ്പാദിച്ചത് 2.15 ലക്ഷത്തോളം രൂപ; പണച്ചാക്ക് നഷ്ടമായതോടെ ശാരീരിക അസ്വസ്ഥത മൂലം ഭിക്ഷാടകനെ വൃദ്ധസദനത്തിലാക്കി; ജൂവലറിയിലെ സെക്യൂരിറ്റി ജീവനക്കാരനായ മോഷ്ടാവ് കരുനാഗപ്പള്ളി പൊലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക

കരുനാഗപ്പള്ളി: മുപ്പതു വര്‍ഷമായി ഭിക്ഷയെടുത്തു ജീവിക്കുന്ന വയോധികന്റെ പണച്ചാക്ക് മോഷ്ടിച്ച കേസില്‍ ജൂവലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്.

പണം നഷ്ടമായ വിഷമത്തില്‍ ശാരീരികമായി അവശനായ ഭിക്ഷാടകൻ വൃദ്ധസദനത്തില്‍. കരുനാഗപ്പള്ളി മഹാദേവ ക്ഷേത്രത്തിന് മുന്നില്‍ ഭിക്ഷാടനം നടത്തുന്ന ചിറയൻകീഴ് സ്വദേശി സുകുമാരന്റെ (75) സമ്പാദ്യം മോഷ്ടിച്ച കേസില്‍ സോളാര്‍ ജൂവലറി ജീവനക്കാരൻ തെക്കുംഭാഗം താഴേത്തൊടിയില്‍ മണിലാലിനെ(55)യാണ് എസ്‌എച്ച്‌ഓ ബിജു അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൃദ്ധന്റെ പണച്ചാക്കില്‍ ഉപയോഗ യോഗ്യമായ നോട്ടുകള്‍ എണ്ണിയപ്പോള്‍ 2.15 ലക്ഷം രൂപയുണ്ടായിരുന്നു. കുറേ നോട്ടുകള്‍ ദ്രവിച്ച്‌ പോയതിന്റെ മൂല്യം കണക്കാക്കിയിട്ടില്ല.

30 വര്‍ഷമായി ക്ഷേത്രനടയില്‍ ഭിക്ഷയെടുക്കുന്ന സുകുമാരൻ തനിക്ക് കിട്ടുന്ന പണം മുഴുവൻ ചില്ലറ മാറ്റി നോട്ടാക്കി പ്ലാസ്റ്റിക് കവറിലിട്ട് ചാക്കു കൊണ്ട് മൂടി അത് തലയിണയ്ക്ക് അടിയില്‍ വച്ചാണ് കിടന്നുറങ്ങിയിരുന്നത്. ഇയാളുടെ കൈവശമുള്ള ചില്ലറകള്‍ ലോട്ടറിക്കച്ചവടക്കാര്‍ വന്ന് വാങ്ങും.

500, 100 രൂപകള്‍ക്കുള്ള ചില്ലറകളാണ് സുകുമാരൻ കൊടുത്തിരുന്നത്. ഇങ്ങനെ കിട്ടുന്ന 500, 100 രൂപ നോട്ടുകള്‍ സ്വരൂപിച്ച്‌ കവറിലാക്കി ചാക്കു കൊണ്ട് കെട്ടി അതില്‍ തല വച്ച്‌ സമീപത്തെ കടത്തിണ്ണയിലായിരുന്നു സുകുമാരന്റെ ഉറക്കം.

ഏപ്രില്‍ 26 ന് പുലര്‍ച്ചെയാണ് സുകുമാരന്റെ പണച്ചാക്ക് നഷ്ടമായത്. നാലു മണിക്ക് പ്രാഥമിക കൃത്യം നിര്‍വഹിക്കാൻ പോയ സുകുമാരൻ ശാരീരിക അവശതകള്‍ കാരണം രാവിലെ ആറിനാണ് തിരിച്ചു വന്നത്.

ഈ സമയം പണം അടങ്ങിയ ചാക്ക് ആരോ അറുത്തുകൊണ്ടുപോയതായി മനസിലാക്കി.
750000 രൂപയോളം ഉണ്ടെന്ന് പറഞ്ഞ് വിലപിച്ച സുകുമാരൻ പണം പോയതിന്റെ വിഷമത്തില്‍ മാനസികമായും ശാരീരികമായും തകര്‍ന്നു.

കിടക്കുന്ന സ്ഥലത്ത് തന്നെ മലമൂത്ര വിസര്‍ജനം നടത്തി. നാട്ടുകാര്‍ പൊലീസില്‍ പരാതി കൊടുത്തു. ജനമൈത്രി പൊലീസ് ഇയാളെ കുളിപ്പിച്ച്‌ വൃത്തിയാക്കി മാവേലിക്കരയിലുള്ള വൃദ്ധ സദനത്തിലേക്ക് മാറ്റി. നാട്ടുകാര്‍ കൊടുത്ത പരാതി പ്രകാരം കരുനാഗപ്പള്ളി എസ്‌എച്ച്‌ഓ ബിജുവിന്റെ നേതൃത്ത്വത്തില്‍ എസ് ഐമാരായ ഷമീര്‍, ഷാജിമോൻ, എസ് സിപിഓ രാജീവ്, സിപിഓ ഹാഷിം എന്നിവര്‍ ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു.