കോടതി പരിസരത്ത് വച്ച് കൊലക്കേസ് പ്രതിക്ക് കൈമാറാൻ കഞ്ചാവും ബീഡിയുമായി എത്തിയ യുവാവ് എക്‌സൈസ് പിടിയിൽ

കോടതി പരിസരത്ത് വച്ച് കൊലക്കേസ് പ്രതിക്ക് കൈമാറാൻ കഞ്ചാവും ബീഡിയുമായി എത്തിയ യുവാവ് എക്‌സൈസ് പിടിയിൽ

സ്വന്തം ലേഖകൻ

മലപ്പുറം : കോടതി പരിസരത്ത് വച്ച് കൊലക്കേസ് പ്രതിക്ക് കൈമാറാൻ കഞ്ചാവും ബീഡിയും കൈമാറാനെത്തിയ യുവാവ് എക്‌സൈസ് പിടിയിൽ. താനൂർ കോറമൻ കടപ്പുറം സ്വദേശി കോപ്പിന്റെ പുരക്കൽ ഉദൈഫാദ് ആണ് പരപ്പനങ്ങാടി എക്‌സൈസിന്റെ പിടിയിലായത്. താനൂർ അഞ്ചുടി ഇസ്ഹാഖ് വധക്കേസിലെ പ്രതികൾക്കാണ് ഇയാൾ കഞ്ചാവ് കൈമാറാനെത്തിയത്.

ഇസ്ഹാഖ് വധക്കേസിലെ പ്രതി സുഹൈലിന് നൽകാനാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതി മൊഴി നൽകി. റിമാൻഡ് കാലവധി നീട്ടുന്നതിനായാണ് പ്രതികളെ പരപ്പനങ്ങാടി കോടതിയിലെത്തിച്ചത്. പരപ്പനങ്ങാടി കോടതിക്ക് സമീപം പുത്തരിക്കലിലെ തിയ്യേറ്ററിനടുത്ത് നിന്നാണ് അൻപത് ഗ്രാം കഞ്ചാവും രണ്ട് ബീഡി പാക്കറ്റുകളുമായി ഉദൈഫ് പിടിയിലായത്.

ബീഡിക്കുള്ളിലും പൊതിയിലുമാക്കി പ്രത്യേകം ഇൻസുലേഷൻ ചുറ്റിയാണ് ഇയാൾ കഞ്ചാവ്  എത്തിച്ചിരുന്നത്. സുഹൈലിന്റെ സുഹൃത്ത് താനൂരിലെ ചീരാം കടപ്പുറം സ്വദേശി മുക്താർ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് ഉദൈഫ് കഞ്ചാവ് നൽകാനെത്തിയത്.

Tags :