കല്പാത്തിയുടെ അഗ്രഹാരദേവതകൾ വിശ്വാസത്തേരിലേറി രഥ പ്രയാണം തുടങ്ങി; ഒന്നാംതേരുനാളിൽ വിശ്വനാഥസ്വാമിയുടെയും പരിവാരദേവതകളായ ഗണപതി, സുബ്രഹ്മണ്യൻ എന്നിവരുടെയുമടക്കം മൂന്ന് തേരുകളാണ് തേരോട്ടത്തിനിറങ്ങിയത്.
ആചാരവിശുദ്ധിയും പ്രാർഥനാപുണ്യവുമായി കല്പാത്തിയുടെ അഗ്രഹാരദേവതകൾ വിശ്വാസത്തേരിലേറി രഥ പ്രയാണം തുടങ്ങി. ഉത്സവനാഥനായ കല്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമിയുടെയും പരിവാരദേവതകളുടെയും രഥങ്ങളാണ് ആദ്യദിനം രഥവീഥിയിലെത്തിയത്. രാവിലെ ഒമ്പതിനും പത്തിനും ഇടയിലാണ് രഥാരോഹണം നടന്നത്. വൈകീട്ട് നാലിന് രഥപ്രയാണവും നടക്കും. ചൊവ്വാഴ്ച രണ്ടാംതേരും ബുധനാഴ്ച മൂന്നാംതേരും അന്നുവൈകീട്ട് ദേവരഥസംഗമവും നടക്കും.
കാശിയിൽ പാതിയുടെ അഗ്രഹാര വീഥികളിലൂടെ ദേശഥങ്ങൾ പ്രയാണം തുടങ്ങി. ഒന്നാംതേരുനാളിൽ വിശ്വനാഥസ്വാമിയുടെയും പരിവാരദേവതകളായ ഗണപതി, സുബ്രഹ്മണ്യൻ എന്നിവരുടെയുമടക്കം മൂന്ന് തേരുകളാണ് തേരോട്ടത്തിനിറങ്ങിയത്. രഥാരോഹണശേഷം രഥം കിഴക്കുദിശയിലേക്ക് മുഹൂർത്തത്തിനായി നീക്കിനിർത്തിയാണ് രാവിലെത്തെ ചടങ്ങ് അവസാനിച്ചത്.
കുണ്ടമ്പലത്തിനുമുന്നിൽനിന്ന് മന്തക്കര മഹാഗണപതിക്ഷേത്രത്തിനുമുന്നിലെത്തി തേരുമുട്ടിവഴി യാത്രതുടർന്ന് അച്ചൻപടിക്കുമുന്നിൽ നിലയ്ക്കുനിർത്തി. രാവിലെ എട്ടിന് വിശാലാക്ഷീസമേത വിശ്വനാഥസ്വാമിക്ഷേത്രത്തിൽ തിരുകല്യാണോത്സവം നടന്നു. തുടർന്ന് മംഗളവാദ്യത്തിന്റെ അകമ്പടിയിൽ നാമജപങ്ങളോടെയാണ് ഉത്സവമൂർത്തികളെ രഥാരോഹണത്തിനായി പുറത്തേക്കാനയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രത്തിൽ അശ്വവാഹന അലങ്കാരം നടന്നു. നാളെ രാവിലെ 10.30-നാണ് ഇവിടെ രഥാരോഹണം. പഴയകല്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രത്തിൽ മോഹിനി അലങ്കാരവും ചാത്തപ്പുരം പ്രസന്നഗണപതി ക്ഷേത്രത്തിൽ മൂഷികവാഹന അലങ്കാരവും കാലത്ത് നടന്നു. പഴയകല്പാത്തിയിലെയും ചാത്തപ്പുരത്തെയും രഥപ്രയാണം ബുധനാഴ്ചയാണ് ആരംഭിക്കുക. കൽപ്പാത്തി രഥോത്സവത്തിന്റെ പ്രസിദ്ധ ചടങ്ങായ ദേവരഥ സംഗമത്തോടെയാണ് കൽപ്പാത്തി രഥോത്സവത്തിന് സമാപനമാകുക.