കളമശേരി സ്‌ഫോടനം; പ്രതിയുമായി അത്താണിയില്‍ തെളിവെടുപ്പ്; അന്വേഷണം ദുബായിലേക്കും
സ്വന്തം ലേഖിക
കൊച്ചി: കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ പ്രാര്‍ത്ഥനാ കൂട്ടായ്മയ്ക്കിടെ സ്‌ഫോടനം നടത്തിയ കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി ആലുവ അത്താണിയിലെ വീട്ടില്‍ തെളിവെടുപ്പ്.
അത്താണിയിലെ ഈ വീട്ടില്‍ വച്ചാണ് ബോംബ് നിര്‍മ്മാണവും പരീക്ഷണവും നടന്നതെന്ന് ഡൊമിനിക് പറഞ്ഞിരുന്നു. കെട്ടിടത്തിന്റെ ടെറസില്‍ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തുന്നത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് ബോംബുമായി പ്രതി ഇവിടെ നിന്നും കളമശേരിയിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബോംബ് നിര്‍മ്മിച്ചതിന്റെ തെളിവുകള്‍ തേടി ഞായറാഴ്ച മുതല്‍ ഫോറന്‍സിക് വിഭാഗം ഇവിടെ പരിശോധന നടത്തി വരികയാണ്. ഡൊമിനികിന്റെ ഭാര്യയുടെ പേരിലുള്ളതാണ് ഈ ഇരുനില വീട്. ഇവിടെ കഴിഞ്ഞ ദിവസങ്ങളില്‍ പെയിന്റ്ംഗ് ജോലി നടന്നിരുന്നു.
ഈ വീട് വാടകയ്ക്ക് നല്‍കിയ ശേഷം ഡൊമിനികും കുടുംബവും തമ്മനത്താണ് താമസിച്ചിരുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവറും പരിശോധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഡൊമിനിക് സ്ഥിരമായി ഇവിടെ എത്തിയിരുന്നുവെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു. ഇതിനു ശേഷമാണ് അറസ്റ്റിലേക്ക് കടന്നത്. ഡൊമിനിക്കിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അതേസമയം, ഡൊമിനിക്കിന്റെ ദുബായ് ബന്ധങ്ങളും അന്വേഷിക്കാനൊരുങ്ങുകയാണ് എന്‍ഐഎ. കഴിഞ്ഞ ഒരു വര്‍ഷത്തെ ബാങ്ക് ഇടപാടുകളും പരിശോധിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനായി എന്‍ഐഎ സംഘം ദുബായിലെത്തും. ബോംബ് നിര്‍മ്മാണത്തിനും സ്‌ഫോടനം നടത്താനും ഡൊമിനിക്കിന് ദുബായില്‍ ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നാണ് പരിശോധിക്കുക.