play-sharp-fill
കളമശേരി സ്‌ഫോടന കേസ്: പ്രതിയെ റിമാന്‍ഡ് ചെയ്തു, സ്വന്തം നിലയ്ക്ക് കേസ് വാദിക്കാമെന്ന് മാര്‍ട്ടിന്‍ കോടതിയില്‍ ; നവംബർ 29 വരെ പ്രതി റിമാൻഡില്‍

കളമശേരി സ്‌ഫോടന കേസ്: പ്രതിയെ റിമാന്‍ഡ് ചെയ്തു, സ്വന്തം നിലയ്ക്ക് കേസ് വാദിക്കാമെന്ന് മാര്‍ട്ടിന്‍ കോടതിയില്‍ ; നവംബർ 29 വരെ പ്രതി റിമാൻഡില്‍

സ്വന്തം ലേഖകൻ

കൊച്ചി: കളമശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിൻ റിമാൻഡില്‍. കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി അടുത്ത മാസം 29 വരെയാണ് പ്രതിയെ റിമാൻഡില്‍ വിട്ടിരിക്കുന്നത്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിയെ റിമാൻഡില്‍ വിട്ടത്.

എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് മാര്‍ട്ടിനെ റിമാൻഡ് ചെയ്തത്. അഭിഭാഷകന്റെ സഹായം വേണ്ടെന്നും സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും ഡൊമിനിക് മാര്‍ട്ടിൻ കോടതിയെ അറിയിച്ചു. മാര്‍ട്ടിന്റെ വാദം കോടതി അംഗീകരിച്ചു. പൊലീസിനെതിരെ പരാതി ഇല്ലെന്നും ഇയാള്‍ കോടതിയെ അറിയിച്ചു. തിരിച്ചറിയല്‍ പരേഡിനു ശേഷം പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോംബ് നിര്‍മ്മിച്ചത് മാര്‍ട്ടിൻ തനിച്ചാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പ്രതി അതീവ ബുദ്ധിശാലിയാണെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. അത്താണിയിലെ വീട്ടില്‍ വച്ചാണ് ബോംബ് ഉണ്ടാക്കിയതെന്നാണ് പ്രതിയുടെ മൊഴി. അത്താണിയിലെ മാര്‍ട്ടിന്റെ ഫ്‌ളാറ്റിലും സ്ഫോടനം നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെൻഷൻ സെന്ററിലുമടക്കം മാര്‍ട്ടിനെ എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയിരുന്നു. നെടുമ്ബാശേരിയിലെ മാര്‍ അത്തനേഷ്യസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്നാണ് മാര്‍ട്ടിന്റെ ഫ്‌ളാറ്റ്.

ഞായറാഴ്ച കളമശേരി സാമ്ര കണ്‍വൻഷൻ സെന്ററില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാ സമ്മേളനത്തിലാണ് മാര്‍ട്ടിൻ ബോംബ് പൊട്ടിച്ചത്. ദേശീയപാതയോട് ചേര്‍ന്ന അത്താണിയിലെ ഇയാളുടെ വീട്ടിലാണ് ഇന്ന് രാവിലെ ഏഴ് മുതല്‍ തെളിവെടുപ്പ് നടന്നത്. വീട്ടില്‍ നിന്നും ബോംബ് നിര്‍മ്മിക്കാൻ ഉപയോഗിച്ച വസ്തുക്കളുടെ അവശിഷ്ടങ്ങളും പെട്രോള്‍ വാങ്ങാൻ ഉപയോഗിച്ച കുപ്പിയും കണ്ടെത്തി. വീടിന്റെ ടെറസില്‍ ഇരുന്നാണ് ഇയാള്‍ ബോംബ് നിര്‍മ്മിച്ചത്.

രാവിലെ 9.40-നാണ് പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിസിപി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടില്‍ എത്തിച്ചത്. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. ഇതിന് ശേഷം വൈദ്യപരിശോധനയ്ക്കായി ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് എറണാകുളം ജില്ല സെഷൻസ് കോടതിയില്‍ ഹാജരാക്കും.

ഞായറാഴ്ച ബോംബ് സ്ഫോടനം നടത്തുന്നതിന് മുമ്ബുള്ള പല ദിവസങ്ങളിലും ഇയാള്‍ അത്താണിയിലെ തറവാട്ടുവീട്ടില്‍ വന്നുപോയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. 10 വര്‍ഷമായി ഡൊമിനിക് മാര്‍ട്ടിന്റെ ഈ വീട്ടില്‍ കാക്കനാട്ടെ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥരായിട്ടുള്ള ചെറുപ്പക്കാരാണ് താമസിക്കുന്നത്. കെട്ടിടത്തില്‍ ഒരു മുറി മാര്‍ട്ടിനായി ഒഴിച്ചിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പെയിന്റ് പണി നടക്കുന്നതിനാല്‍ ഇയാള്‍ ഇവിടെ വന്നു പോയിട്ടും പരിസരവാസികള്‍ക്ക് സംശയമൊന്നും തോന്നിയില്ല. ബോംബ് നിര്‍മ്മാണത്തിന് ആവശ്യമായ സാമഗ്രികള്‍ പല തവണകളായി എത്തിച്ച്‌ ഇവിടെയായിരുന്നു ഡൊമിനിക് സൂക്ഷിച്ചിരുന്നത്.

സംഭവ ദിവസം പുലര്‍ച്ചെ 4.45ന് തമ്മനത്തെ വീട്ടില്‍നിന്നും ഇറങ്ങിയ ഇയാള്‍ 5.45 ഓടെ അത്താണിയിലെ വീട്ടിലെത്തി. അരമണിക്കൂറോളം ഇവിടെ ചെലവഴിച്ചാണ് ബോംബ് നിര്‍മ്മിച്ചത്. അതിനുശേഷം ബോംബുകള്‍ രണ്ടു സഞ്ചികളിലാക്കി കളമശേരിയിലെ കണ്‍വൻഷൻ സെന്ററിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബോംബ് സ്ഫോടനം നടത്തിയശേഷം തിരിച്ച്‌ ഈ വീട്ടിലെത്തിയ പ്രതി അഞ്ചുമിനിറ്റോളം ഇവിടെ ചെലവഴിച്ചതായും പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. അതിനുശേഷമാണ് ഹോട്ടലില്‍ നിന്ന് ലൈവ് വീഡിയോ ഇട്ടത്. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

മാര്‍ട്ടിന്റെ ഭാര്യമാതാവും കുടുംബവും പ്രാര്‍ത്ഥനയ്ക്കായി കണ്‍വെൻഷൻ സെന്ററില്‍ എത്തിയിരുന്നു. അമ്മയെ പ്രാര്‍ത്ഥന കേന്ദ്രത്തിലേക്ക് അയക്കരുത് എന്ന് പറയാൻ രാവിലെ ഭാര്യയെ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. ഒടുവില്‍ എല്ലാം ദൈവഹിതം പോലെ നടക്കട്ടെ എന്ന് വോയിസ് മെസ്സേജ് അയച്ചു. കേസിന്റെ തുടര്‍ അന്വേഷണത്തിന് വിശദമായ പദ്ധതി അന്വേഷണസംഘം തയ്യാറാക്കി.