കൈക്കൂലി കൊടുത്തില്ലങ്കിൽ സരിത ഫയൽ പൂഴ്ത്തിവയ്ക്കും. 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്‌പെടർ വിജിലൻസ് പിടിയിൽ

കൈക്കൂലി കൊടുത്തില്ലങ്കിൽ സരിത ഫയൽ പൂഴ്ത്തിവയ്ക്കും. 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്‌പെടർ വിജിലൻസ് പിടിയിൽ

സ്വന്തം ലേഖിക

തിരുവനന്തപുരം: കൈക്കൂലി കൊടുത്തില്ലങ്കിൽ ഫയൽ പൂഴ്ത്തിവയ്ക്കും അതാണ് സരിതയുടെ രീതി.അപേക്ഷയുമായെത്തിയപ്പോഴേ പ്രവാസിയോട് അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട നഗരസഭയിലെ വനിതാ ഹെൽത്ത് ഇൻസ്‌പെക്ടറെ വിജിലൻസ് അകത്താക്കി. നഗരസഭയുടെ ജഗതി ഓഫീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സരിതയെയാണ് (37)തിരുവനന്തപുരം വിജിലൻസ് എസ്.പി ജയശങ്കറിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്.

ഗൾഫിൽ ജോലി നോക്കിയിരുന്ന ഷിബുകൃഷ്ണൻ വഴുതയ്ക്കാട് ഭാഗത്ത് പുതുതായി ആരംഭിക്കാനുദ്ദേശിച്ച ഇന്റീരിയർ ഡെക്കറേഷൻ ഓഫീസിന് ലൈസൻസ് ആവശ്യത്തിനായാണ് നഗരസഭയുടെ സോണൽ ഓഫീസിനെ സമീപിച്ചത്. ലൈസൻസ് അപേക്ഷകളും മറ്റും കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ ചുമതലക്കാരിയായ സരിത ഷിബുവിനോട് അപേക്ഷ വാങ്ങാനെത്തിയപ്പോൾ തന്നെ അനുമതി ലഭിക്കണമെങ്കിൽ അയ്യായിരം രൂപ കൈക്കൂലി നൽകണമെന്നാവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപേക്ഷ വാങ്ങാനെത്തിയപ്പോൾ തന്നെ കൈക്കൂലി ആവശ്യപ്പെട്ട ഹെൽത്ത് ഇൻസ്‌പെക്ടറുടെ രീതിയിൽ അമ്പരന്ന ഷിബു ഇതേപ്പറ്റി വിശദമായി സംസാരിച്ച് പണം ആവശ്യപ്പെടുന്നത് മൊബൈലിൽ റെക്കാഡ് ചെയ്തു. ഇതുമായി വിജിലൻസ് ആസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഇ.എസ് ബിജുമോനെ സമീപിച്ചു. ബിജുമോന്റെ നിർദേശാനുസരണം തിരുവനന്തപുരം റേഞ്ച് എസ്.പി ജയശങ്കറിനെ നേരിൽകണ്ട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി. സംഭവം വാസ്തവമാണെന്ന് മനസിലാക്കിയ വിജിലൻസ് ഡിവൈ.എസ്.പി അനിലിന്റെ നേതൃത്വത്തിൽ സരിതയെ കുടുക്കാനുള്ള കെണി ഒരുക്കി. പണം നൽകാമെന്ന പേരിൽ ഷിബു സരിതയെ ബന്ധപ്പെട്ടു. ഇന്നലെ രാവിലെ ഓഫീസിലെത്താനായിരുന്നു മറുപടി. പണം നൽകാനെന്ന പേരിൽ ഷിബു വിജിലൻസ് സംഘത്തിനൊപ്പം ഓഫീസിലെത്തിയെങ്കിലും ഫീൽഡിലാണ് ഉച്ചയ്ക്ക് കാണാമെന്ന് അറിയിച്ചു. ഉച്ചയ്ക്ക് വീണ്ടും പണവുമായി സംഘമെത്തി. സംശയം തോന്നിയിട്ടാണോ എന്തോ മീറ്രിംഗിലാണെന്നും ഫീൽഡ് ഇൻസ്‌പെക്ഷനുശേഷം വൈകുന്നേരം കാണാമെന്നും ഉറപ്പ് നൽകി. വൈകുന്നേരം വീട്ടിലേക്ക് പോകും മുമ്പ് ജഗതി – പൂജപ്പുര റോഡിലേക്ക് വരാൻ സരിത ഷിബുവിനോട് നിർദേശിച്ചു. ഇതനുസരിച്ച് വിജിലൻസ് സംഘവും വനിതാ പൊലീസും സഹിതം ഷിബു സ്ഥലത്തെത്തി.

സ്വകാര്യ വാഹനങ്ങളിൽ സമീപത്ത് തന്നെ വിജിലൻസ് സംഘം കാത്ത് കിടന്നു. വൈകുന്നേരം മൂന്നരയോടെ സരിത സ്ഥലത്തെത്തി. ഷിബുവുമായി സംസാരിച്ച് വിജിലൻസ് സംഘം ഷിബുവിന് നൽകിയിരുന്ന ഫിനോഫ്തലിൻ പുരട്ടിയ 5000 രൂപ നോട്ടുകൾ കൈപ്പറ്റിയതും വനിതാ പൊലീസുകാർ ഉൾപ്പെടെയുളള സംഘം ചാടി വീണ് സരിതയെ കസ്റ്റഡിയിലെടുത്തതും ഒരുമിച്ചായിരുന്നു. മഫ്തിയിലെത്തിയത് വിജിലൻസാണെന്ന് ആദ്യം പിടികിട്ടാതെപോയ സരിത റോഡിൽ ബഹളം വച്ച് സീനുകളൊക്കെ സൃഷ്ടിച്ചെങ്കിലും നാട്ടുകാരെയും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും സാക്ഷിയാക്കി സരിത കൈക്കൂലി വാങ്ങിയതായി തെളിഞ്ഞതോടെ ഇവരെ കസ്റ്റഡിയിലെടുത്ത് വിജിലൻസിന്റെ സതേൺ റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോന്നു. ഇവരെ ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.