കടുത്തുരുത്തിയിൽ ഗ്രാമവണ്ടിയുടെ രണ്ടാംഘട്ട സർവീസിന് തുടക്കം; മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവ്വഹിച്ചു
സ്വന്തം ലേഖിക
കോട്ടയം: സംസ്ഥാനത്ത് ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിനും കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനം ഗ്രാമ-നഗര പ്രദേശങ്ങളിൽ വ്യാപിപ്പിക്കുന്നതിനും ഗതാഗത വകുപ്പ് ആവിഷ്‌കരിച്ച പ്രധാന പദ്ധതികളിലൊന്നാണ് ‘ഗ്രാമവണ്ടി’യെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തും കെ.എസ്.ആർ.ടി.സിയും സംയുക്തമായി നടത്തുന്ന ഗ്രാമവണ്ടി പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ സർവീസ് ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. വെള്ളൂർ തട്ടാവേലി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. നികിതകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജോൺസൺ കൊട്ടുകാപ്പള്ളി, സെലിനാമ്മ ജോർജ്, പി.കെ. സന്ധ്യ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സ്‌കറിയ വർക്കി, കൈലാസ് നാഥ്, തങ്കമ്മ വർഗീസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽപ്പെടുത്തി 12 ലക്ഷം രൂപയാണ് ഗ്രാമവണ്ടിക്കായി അനുവദിച്ചിരിക്കുന്നത്. രണ്ടാംഘട്ടത്തിൽ വൈക്കം-തലയോലപ്പറമ്പ്-പാലാംകടവ്- തട്ടാവേലി-നീർപ്പാറ-വെട്ടിക്കാട്ടുമുക്ക്-വെള്ളൂർ-ചെറുകര മുളക്കുളം – പെരുവ-ഞീഴൂർ-വാക്കാട്-കുറവിലങ്ങാട് റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്.