ലിഫ്റ്റ് പ്രവർത്തിച്ചില്ല, മൂന്നാം നിലയിലുള്ള ഡിഇഒ ഓഫീസിലേക്കു കയറാനാകാതെ ഭിന്നശേഷിക്കാരിയായ വനിതാ ജില്ലാ വിദ്യാഭ്യാസ ഓഫീസർ വരാന്തയിലിരുന്ന് ചാര്‍ജെടുത്തു
കടുത്തുരുത്തി: മൂന്നാം നിലയിലുള്ള കടുത്തുരുത്തി ഡിഇഒ ഓഫീസിലേക്കു കയറാനാകാതെ പുതുതായി ചാര്‍ജെടുക്കാനെത്തിയ ഭിന്നശേഷിക്കാരിയായ വനിതാ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍.
ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതാണ് ഇലക്ട്രിക് വീല്‍ ചെയറിലെത്തിയ ഡിഇഒ തൃശൂര്‍ കൊട്ടേക്കാട് തറയില്‍ വീട്ടില്‍ എ.സി. സീന (55) യ്ക്കാണ് ഓഫീസില്‍ പ്രവേശിക്കാന്‍ തടസമായത്.
കാറിലെത്തിയ ഡിഇഒ തുടര്‍ന്നു മിനി സിവില്‍ സ്റ്റേഷനിലെ താഴത്തെ നിലയിലുള്ള ലിഫ്റ്റിനു മുമ്ബിലുള്ള വരാന്തയിലിരുന്ന് ചാര്‍ജെടുത്തു.
ജീവനക്കാരെല്ലാം താഴത്തെ നിലയിലെത്തി ഡിഇഒയെ കണ്ടു. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഇവിടെയെത്തി സീനയുമായി സംസാരിച്ചു.
അത്യാവശ്യ ഫയലുകള്‍ ഒപ്പിട്ടശേഷം മൂന്ന് ദിവസത്തെ ലീവിന് അപേക്ഷിച്ച് ഡിഇഒ മടങ്ങി.
പുലര്‍ച്ചെ 6.30 ഓടെ തൃശൂരിലെ വീട്ടില്‍നിന്നും പുറപ്പെട്ട സീനയ്ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ പോലും മിനി സിവില്‍സ്റ്റേഷന്റെ താഴത്തെ നിലയില്‍ ലഭ്യമായിരുന്നില്ല.
ആറു മാസത്തോളമായി കടുത്തുരുത്തിയില്‍ ഡിഇഒ ഇല്ലായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി തൃശൂര്‍ ജില്ലയിലെ രാമവര്‍മപുരം ജിവിഎച്ച് സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗം പ്രധാനാധ്യാപികയായിരുന്നു.
ഏഴ് വര്‍ഷത്തിനുശേഷം സീനയ്ക്കു ഡിഇഒ പ്രമോഷന് ലഭിക്കേണ്ടതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ കേസ് നിലവിലുണ്ടായിരുന്നതാണ് നിയമനം ലഭിച്ചിട്ടും ജോലിയില്‍ പ്രവേശിക്കാന്‍ വൈകിയത്.
കഴിഞ്ഞ ജൂണ്‍ 19-നാണ് കടുത്തുരുത്തി ഡിഇഒ ആയി സീനയ്ക്കു പ്രമോഷന് ലഭിച്ചത്. ഡിഇഒ പ്രമോഷന് ലഭിക്കുമെന്ന് ഉറപ്പായപ്പോള്‍ തൃശൂരില്‍തന്നെ നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിമാർക്ക് അപേക്ഷ നല്‍കിയിരുന്നു.
ചാര്‍ജെടുക്കാന്‍ വന്നപ്പോള്‍ മൂന്നാം നിലയിലേക്ക് കയറാന്‍ ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതു തടസമാകുന്നതായി മിനി സിവില്‍ സ്റ്റേഷന്റെ ചുമതലയുള്ള വൈക്കം തഹസീല്‍ദാരെ വിളിച്ചറിയിച്ചതായും സീന പറഞ്ഞു.