അതിസുന്ദരമായ, തെളിനീരൊഴുകുന്ന നദിയുടെ മാറിലൂടെ ഒരു യാത്ര; കോട്ടയം കാവാലിപ്പുഴ ബീച്ച് വിനോദ സഞ്ചാരികള്‍ക്കായി ഒരുങ്ങി
സ്വന്തം ലേഖകൻ
കോട്ടയം : അതിസുന്ദരമായ, തെളിനീരൊഴുകുന്ന നദിയുടെ മാറിലൂടെ ഒരു യാത്ര. കോട്ടയത്തിന്റെ സ്വന്തം മീനച്ചിലാർ ‘റ’ ആകൃതിയിൽ വളഞ്ഞൊഴുകുന്ന കാവാലിപ്പുഴ ബീച്ച് വിനോദ സഞ്ചാരികള്‍ക്കായി ഒരുങ്ങി.
പ്രകൃതി സൗന്ദര്യം കൊണ്ടും മണല്‍പരപ്പുകൊണ്ടും ഇരുന്നറോളം മീറ്റര്‍ നീളത്തിലും നൂറുമീറ്റര്‍ വീതിയിലുമായി അരയേക്കറോളം ഭാഗത്തുള്ള കിടങ്ങൂര്‍ കാവാലിപ്പുഴ കടവ് മിനി ബീച്ച് വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാവാലിപ്പുഴയുടെ തീരത്തുകൂടി നടക്കാം. അധികം ആഴമില്ലാത്ത പുഴയിൽ ഒന്നുനീരാടാം. പക്ഷേ, അധികം ദൂരേയ്ക്കു പോകരുത് എന്നു ചൂണ്ടയിടുന്നവർ മുന്നറിയിപ്പു നൽകുന്നുണ്ട്.
വെള്ളപ്പൊക്കത്തിന് ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങളും, മരക്കഷണങ്ങളും, പുല്ലുകളും, പാഴ്‌ചെടികളും വളര്‍ന്ന് ഇവിടം വൃത്തിഹീനമായിരുന്നു.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബീച്ചിലെ മാലിന്യങ്ങള്‍ പാലാ പയനിയേഴ്‌സ് ക്ലബ് നീക്കം ചെയ്തു. തുടർന്ന് കടന്നിരിക്കാം നമുക്കീ കാവാലിപ്പുഴകടവില്‍ എന്ന പദ്ധതിയിലൂടെ മാലിന്യവും പ്ലാസ്റ്റിക്കും അടിഞ്ഞുകൂടിയ പ്രദേശം വൃത്തിയാക്കി.
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുഴയോരത്ത് കടത്തുണ്ട്. മുളകൊണ്ടും തെങ്ങുംതടികൊണ്ടും ഇരിപ്പിടങ്ങളുമുണ്ടാക്കി. മണല്‍തിട്ടയോടു ചേര്‍ന്നുള്ള മരത്തില്‍ ഊഞ്ഞാലുകളും പുനസ്ഥാപിച്ചു.
കിടങ്ങൂര്‍ പാലാ റോഡില്‍ കിടങ്ങൂര്‍ ജംഗ്ഷനില്‍ നിന്നും അര കിലോമീറ്റര്‍ വലത്തോട്ട് തിരിഞ്ഞാല്‍ കാവാലിക്കടവിലെത്താം. കിടങ്ങൂര്‍ അമ്പലത്തിനു സമീപത്തു നിന്നും ചെമ്പിളാവ് റൂട്ടില്‍ ഉത്തമേശ്വരം അമ്പലം കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞാല്‍ കടവിലെത്തിച്ചേരാം.
ബീച്ചിന്റെ പ്രവര്‍ത്തനങ്ങൾ നിലനിറുത്തുന്നതിന് പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നും വേണ്ട സഹായങ്ങള്‍ ചെയ്യണം. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് വേണ്ടി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയാൽ വിനോദ സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന നഗരത്തിന്റെ പ്രധാന ടൂറിസം സ്പോട്ടായി കാവാലിപ്പുഴ ബീച്ചിനെ മാറ്റിയെടുക്കാൻ സാധിക്കും.