സിറ്റിങ് സീറ്റ് നിഷേധിക്കപ്പെട്ടതിൽ അതൃപ്തി പ്രകടിപ്പിച്ച കെ.വി. തോമസിന് യുഡിഎഫ് കൺവീനർ പദവി എഐസിസി ഉത്തരവാദിത്തം, പാർലമെന്ററി ദൗത്യം എന്നിവ വാഗ്ദാനം നൽകി അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്

സിറ്റിങ് സീറ്റ് നിഷേധിക്കപ്പെട്ടതിൽ അതൃപ്തി പ്രകടിപ്പിച്ച കെ.വി. തോമസിന് യുഡിഎഫ് കൺവീനർ പദവി എഐസിസി ഉത്തരവാദിത്തം, പാർലമെന്ററി ദൗത്യം എന്നിവ വാഗ്ദാനം നൽകി അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സ്ഥാനമോഹങ്ങളാൽ ആർത്തിപിടിച്ചു നടക്കുന്ന നേതാക്കൾ തന്നെയാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ ശാപം. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കെ വി തോമസ് സിറ്റിങ് സീറ്റില്ലെന്ന് ഉറപ്പായതോടെ കാണിക്കുന്ന വിലപേശലുകൾ. ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മുൾമുനയിൽ നിർത്തി തോമസ് ഉദ്ദേശിക്കുന്നത് രാജ്യസഭാ സീറ്റു തന്നെയാണ്. അതുവഴി വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ എത്താമെന്നും. അരനൂറ്റാണ്ടു കാലത്തോളം അധികാര കേന്ദ്രങ്ങളിൽ ഇരുന്ന കെവി തോമസിനെ തൃപ്തിപ്പെടുത്താൻ കോൺഗ്രസ് ഹൈക്കമാൻഡും ഇന്നലെ അനുനയ നീക്കങ്ങളുമായി രംഗത്തെത്തി. എന്നാൽ, സാഹചര്യങ്ങൾ അറിയാവുന്ന നേതാവ് തന്നെ അനാവശ്യ കടുംപിടുത്തം പിടിക്കുന്നതിൽ കടുത്ത അതൃപ്തിയാണ് കോൺഗ്രസ് അണികൾക്കുള്ളത്.

സിറ്റിങ് സീറ്റ് നിഷേധിക്കപ്പെട്ടതിൽ അതൃപ്തി പ്രകടിപ്പിച്ച കെ.വി. തോമസിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് 3 വാഗ്ദാനങ്ങൾ നൽകിയെന്നു സൂചന യുഡിഎഫ് കൺവീനർ പദവി, എഐസിസി ഉത്തരവാദിത്തം, പാർലമെന്ററി ദൗത്യം എന്നിവയാണിത്. ഹൈക്കമാൻഡ് നിർദ്ദേശമനുസരിച്ചു തോമസുമായി കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇവ ചർച്ചാവിഷയമായത്. ചാലക്കുടിയിൽ സ്ഥാനാർത്ഥിയായതോടെ ബെന്നി ബഹനാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയും. ഈ പദവിയാണ് ഒരു സാധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിറ്റിങ് എംപിമാർക്കെല്ലാം സീറ്റു നൽകുകയെന്ന പൊതുധാരണ കെ.വി. തോമസിന്റെ കാര്യത്തിൽ മാത്രമാണു പാലിക്കാതിരുന്നത്. അവസാന നിമിഷം വരെ പട്ടികയിലുണ്ടായിരുന്ന തോമസിനു തടസ്സമായതു ഡിസിസിയുടെയും ജില്ലയിൽ നിന്നുള്ള എംഎൽഎമാരുടെയും എതിർപ്പാണ്. പി. രാജീവ് ഇടതു സ്ഥാനാർത്ഥിയായതോടെ സാഹചര്യങ്ങൾ മാറിയെന്നും തോമസിന് ജയസാധ്യത കുറവാണെന്നുമുള്ള നിലപാട് സംസ്ഥാന നേതൃത്വവും സ്വീകരിച്ചു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരും ഈ അഭിപ്രായത്തിൽ ഉറച്ചുനിന്നു.

എഐസിസി നേതൃത്വത്തിൽ എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, പി.സി. ചാക്കോ എന്നിവർ ഇപ്പോൾ തന്നെയുണ്ടെങ്കിലും മുതിർന്ന നേതാവിനു യോജിച്ച പദവി നൽകാമെന്നും ഹൈക്കമാൻഡ് പറയുന്നു. നിയമസഭയിലേക്കു മത്സരിക്കണമോയെന്നു കെ.വി. തോമസിനു തീരുമാനിക്കാം. ഹൈബി വിജയിക്കുന്ന സീറ്റിൽ മത്സരിപ്പിക്കാം എന്നതാണ് പാർട്ടി നൽകിയ ഓഫർ. ഇടഞ്ഞു നിൽക്കുന്ന കെ വി തോമസ് ഇന്നു യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.

ഗ്രൂപ്പ് അനുഭാവിയല്ലെങ്കിലും പിന്തള്ളപ്പെടില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു തോമസ്. ഹൈബി ഈഡനെ സ്ഥാനാർത്ഥിയാക്കുമെന്ന വാർത്ത പരന്നപ്പോഴും അന്തിമതീരുമാനം എതിരാവില്ലെന്ന ധാരണയിലായിരുന്നു അദ്ദേഹം. മുൻകൂട്ടി തീരുമാനമെടുത്ത ശേഷം തന്നെ ബോധപൂർവം ഒറ്റപ്പെടുത്തിയെന്ന തോന്നലാണ് തോമസിനെ പ്രകോപിപ്പിച്ചത്. തോമസിനെ ഒറ്റപ്പെടുത്തുന്നതിനോടു യോജിപ്പില്ലാതിരുന്ന സോണിയ ഗാന്ധി, വിശ്വസ്തനായ നേതാവിനെ പിണക്കി അയയ്ക്കരുതെന്നു നിർദ്ദേശം നൽകി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തോമസിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത് ഇതിനു പിന്നാലെയാണ്.

അതിനിടെ അനുനയ ചർച്ചകൾക്കൊടുവിൽ സീറ്റ് നിഷേധിച്ചതിന്റെ പേരിൽ താൻ ബിജെപിയിലേക്ക് പോകില്ലെന്ന് കെ വി തോമസ് വ്യക്തമാക്കിയിരുന്നു. താനൊരു കോൺഗ്രസുകാരൻ തന്നെയാണെന്നും എറണാകുളത്ത് കോൺഗ്രസ് സ്ഥാനാർത്ഥി ആരായിരുന്നാലും ജയിക്കുമെന്നും കെ.വി തോമസ് പറഞ്ഞു. ഹൈബി ഈഡൻ കോൺഗ്രസിന്റെ സിറ്റിങ് സീറ്റിൽ വിജയിച്ചു കയറുമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.

‘ഞാനൊരു കോൺഗ്രസുകാരനാണ്. 1968ൽ കുമ്ബളങ്ങിയിൽ ഏഴാം വാർഡ് പ്രസിഡന്റായി വന്നയാളാണ്. അവിടെ നിന്നാണ് ഞാൻ ഞാനായത്. അതിന് പാർട്ടിയോട് എനിക്ക് കടപ്പാടുണ്ട്. എനിക്ക് പാർട്ടിയിൽ പൂർണ്ണമായ വിശ്വാസമുണ്ട്. എന്ന വേദനിപ്പിച്ചതും ക്ഷോഭിപ്പിച്ചതും സ്ഥാനമാനങ്ങളല്ല. എന്നോടുള്ള പെരുമാറ്റം ശരിയായില്ലെന്ന് എനിക്ക് തോന്നിയതുകൊണ്ടാണ്.

ബിജെപി ഒന്നും വെച്ച് നീട്ടിയിട്ടില്ല. എല്ലാ പാർട്ടിയിലും എനിക്ക് സുഹൃത്തുക്കളുണ്ട്. അതിനർത്ഥം ഞാൻ കോൺഗ്രസുകാരനല്ലെന്നല്ല. എറണാകുളത്ത് നൂറ് ശതമാനം വിജയസാധ്യതയുണ്ട്. കോൺഗ്രസിന്റെ കോട്ടയാണ്. ആര് സ്ഥാനാർത്ഥിയായിരുന്നാലും വിജയിപ്പിക്കുകയെന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്വം. പാർട്ടിക്കകത്ത് അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്നയാളാണ് താൻ. ഇപ്രാവശ്യം മാത്രമാണ് പ്രത്യേക സാഹചര്യത്തിൽ അഭിപ്രായ പ്രകടനം നടത്തിയത്. രമേശ് ചെന്നിത്തല എന്നെ വീട്ടിൽ വന്ന് കണ്ടതുകൊണ്ട് തിരിച്ച് കാണേണ്ട മര്യാദയുണ്ട്.” കെ.വി തോമസ് പറഞ്ഞു.

എംഎൽഎ എന്ന നിലയിലും സംസ്ഥാന മന്ത്രിയായും എംപിയായും കേന്ദ്രമന്ത്രിയായും പ്രവർത്തിച്ച് ഇത്രയും കാലം അധികാരത്തിന്റെ എല്ലാ സുഖശീതളിമയും അനുഭവിച്ച് കെ വി തോമസ് എറണാകുളം ലോക്‌സഭാ സീറ്റ് ലഭിക്കാതെ വന്നപ്പോൾ പൊട്ടിത്തെറിച്ചതു കണ്ട് കോൺഗ്രസുകാർ കടുത്ത അമർഷത്തിലായിരുന്നു.

ലോക്‌സഭയിലേക്ക് ആറ് തവണയാണ് കെ വി തോമസ് മത്സരിച്ചത്. ഇതിൽ, രണ്ട് തവണ കേന്ദ്രമന്ത്രി പദവി ലഭിക്കുകയും ചെയ്തു. ഇത് കൂടാത കേരള രാഷ്ട്രീയത്തിലും പയറ്റിത്തെളിഞ്ഞ നേതാവാണ് അദ്ദേഹം. എംഎൽഎയും മന്ത്രിയുമായിരുന്നു അദ്ദേഹം. അടുത്തകാലത്തായി ഡൽഹി രാഷ്ട്രീയത്തിൽ അതികായനായി വിലസുകയായിരുന്നു കെ വി തോമസ്. സിറ്റിങ് എംപിക്ക് സീറ്റ് നിഷേധിച്ചത് നീതി നിഷേധമാണെങ്കിൽ ആ തെറ്റിന് ആദ്യം മാപ്പു പറയേണ്ടത് കെ വി തോമസ് തന്നെയാണെന്നാണ് സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാട്ടിയത്.

1980 ൽ ആദ്യമായി എറണാകുളം എം പി യായി തെരഞ്ഞെടുക്കപ്പെട്ട സേവ്യർ അറക്കലിന് 1984 ൽ സീറ്റ് നിഷേധിക്കപ്പെട്ടത് എന്തുകൊണ്ട് എന്ന് പകരക്കാരനായി വന്ന കെ വി തോമസ് ആദ്യം വിശദീകരിക്കേണ്ടിവരുമെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യം. അന്ന് സേവ്യർ അറക്കലിന് കെ വി തോമസിന്റെ പ്രായം പോലും ഉണ്ടായിരുന്നില്ലെന്ന കാര്യവും ഇവർ ഓർമ്മിപ്പിക്കുന്നു. എന്നാൽ പിന്നീട് 1996 ൽ ഇടതു പിന്തുണയോടെ, സ്വതന്ത്രനായി സേവ്യർ അറക്കൽ മത്സരിച്ചപ്പോൾ എറണാകുളത്തെ വോട്ടർമാർ തോമസിനെ പരാജയപ്പെടുത്തി. ഇത് ചരിത്രത്തിന്റെ കാവ്യനീതിയായി മാറി.

ഇത് മാത്രമല്ല, ഇപ്പോൾ ഹൈബി ഈഡന്റെ സ്ഥാനാർത്ഥിത്വവും ഒരു ചരിത്രത്തിലെ കാവ്യ നീതിയാണ്. 2009 ലും ഇതുപോലെ അവസാന നിമിഷം അട്ടിമറിച്ചാണ് കെ വി തോമസ് സ്ഥാനാർത്ഥിയായത്. അന്ന് എൻഎസ്‌യുഐ അഖിലേന്ത്യ പ്രസിഡന്റായിരുന്ന ഹൈബി ഈഡന്റെ പേരാണ് എറണാകുളം സീറ്റിലേക്ക് കേരളത്തിൽ നിന്ന് ഐ ഗ്രൂപ്പ് നിർദ്ദേശിച്ചത്. ഗ്രൂപ്പ് വീതം വെയ്പിൽ ഐ ഗ്രൂപ്പിനായിരുന്നു എറണാകുളം സീറ്റ്. അന്ന് രാഹുൽ ഗാന്ധിയുടെ ബ്രിഗേഡിൽ പെട്ട ഹൈബി സ്ഥാനാർത്ഥിയാകുമെന്ന് എല്ലാവരും ഉറപ്പിച്ചു. ഹൈബി അന്ന് പ്രചാരണം തുടങ്ങുകയും ചെയ്തതാണ്. ഇതേ പോലെ സന്ധ്യാനേരത്ത് ചാനലുകൾ ഹൈബിയുടെ പേര് ബ്രേക്കിങ് ന്യൂസായി നൽകുകയും ചെയ്തു.

എന്നാൽ പട്ടിക എഐസിസി പുറത്തിറക്കിയപ്പോൾ ഹൈബി പുറത്തായി. എല്ലാവരേയും ഞെട്ടിച്ച് കെ.വി തോമസ് സ്ഥാനാർത്ഥിത്വം നേടി. അന്ന് കൊച്ചി എംഎൽഎയായിരുന്ന കെ.വി തോമസിന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലാണ് സീറ്റ് നേടിക്കൊടുത്തത്. എന്നാൽ, സോണിയ മാറി രാഹുൽ അധികാര കേന്ദ്രമായി മാറിയതോടെ ആ സമവാക്യവും മാറിമറിഞ്ഞു. കെ.കരുണാകരന്റെ ശിഷ്യനായിരുന്ന കെ.വി തോമസ് ഐ ഗ്രൂപ്പിന്റെ മുന്നണി പോരാളിയായിരുന്നു. എന്നാൽ കരുണാകരന്റെ പ്രതാപം ക്ഷയിച്ചതോടെ ഗ്രൂപ്പിൽ നിന്ന് ക്രമേണ അകന്നു.

യുപിഎ രണ്ടാം സർക്കാരിൽ കേന്ദ്രമന്ത്രി പദത്തിലേക്കും തോമസ് നടന്നുകയറിയത് സോണിയയുടെ ആശ്രിത വാത്സല്യത്തിലായിരുന്നു. ഏത് സമയത്തും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാതെ 10 ജൻപഥിൽ പ്രവേശനമുണ്ടായിരുന്ന അപൂർവ്വം നേതാക്കളിൽ ഒരാളായിരുന്നു തോമസ്. ഭക്ഷ്യസുരക്ഷാ ബില്ലുമായി തോമസ് കോൺഗ്രസ് നേതാക്കൾക്ക് പ്രിയപ്പെട്ടവനായി. യുപിഎ പോയി മോദി സർക്കാർ വന്നപ്പോഴും പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി ചെയർമാൻ എന്ന പദവിയിൽ തോമസ് തുടർന്നത് ഈ ബന്ധം വഴിയായിരുന്നു. 10 വർഷം കഴിയുമ്‌ബോൾ കോൺഗ്രസ് രാഷ്ട്രീയം രാഹുൽ ഗാന്ധിയുടെ വഴിയെ നടന്നു തുടങ്ങിയപ്പോൾ തോമസ് മാഷിനും ഹൈക്കമാൻഡിൽ പിടി അയഞ്ഞു തുടങ്ങി.

സോണിയയുടെ അടുത്തുള്ള അടുപ്പം രാഹുലിന്റെ അടുത്ത് തോമസിന് നേടാനായില്ല. പി.രാജീവ് എൽഡിഎഫ് സ്ഥാനാർത്ഥിയായതോടെ കെ.വി തോമസ് നിന്നാൽ ജയസാധ്യത കുറവാണെന്ന് കേരളത്തിലെ നേതാക്കൾ ഒന്നടങ്കം രാഹുലിന് മുന്നിൽ വാദിച്ചതോടെ കാര്യങ്ങൾ ഹൈബിക്ക് അനുകൂലമായി. തോമസിനെ വെട്ടിനിരത്തുന്നതിൽ എ-ഐ ഗ്രൂപ്പുകൾ കൈകോർക്കുന്നതും കാണാനായി. ഇതോടെ കെ വി തോമസിന് സീറ്റ് ഇല്ലാതെ പോകുകയും ചെയ്തു.