play-sharp-fill
കോംട്രസ്റ്റ് കണ്ണാശുപത്രി സ്ഥാപക ചെയർമാൻ കെ കെ എസ് നമ്പ്യാർ അന്തരിച്ചു

കോംട്രസ്റ്റ് കണ്ണാശുപത്രി സ്ഥാപക ചെയർമാൻ കെ കെ എസ് നമ്പ്യാർ അന്തരിച്ചു

സ്വന്തം ലേഖകൻ

ഉത്തരകേരളത്തിലെ നേത്രരോഗികൾക്ക് ലാഭേച്ഛയില്ലാതെ അത്യാധുനിക നേത്രചികിത്സ ലഭ്യമാക്കാനായി സ്ഥാപിച്ച കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയുടെ സ്ഥാപകനും ചെയർമാനുമായ കെ.കെ.എസ് നമ്പ്യാർ ( 96) അന്തരിച്ചു. അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു പാവപ്പെട്ടവന് പൂർണ്ണമായും സൗജന്യമായും അല്ലാത്തവന്മിതമായ നിരക്കിലും ഏറ്റവും മെച്ചപ്പെട്ട നേത്രചികിത്സ കേന്ദ്രം ആരംഭിക്കുക എന്നത്. 98 ൽ കോംട്രസ്റ്റ് കണ്ണാശുപത്രി തുടങ്ങിയതു മുതൽ അദ്ദേഹമായിരുന്നു ആശുപത്രി ചെയർമാൻ.

മധുരയിലേക്കും ,കോയമ്പത്തൂരിലേക്കും ട്രെയിനുകളിൽ ആളുകൾ കുത്തിനിറച്ച് നേത്രചികിത്സക്ക് കഷ്ടപ്പെട്ട് പോകുന്നത് കണ്ടാണ് ഉത്തരകേരളത്തിലുള്ളവർക്കായി കോഴിക്കോട് ഒരു പബ്ലിക് ചാരിട്ടബിൾ ട്രസ്റ്റിന് കീഴിൽ ഒരു കണ്ണാശുപത്രി സ്ഥാപിക്കുന്നതിനുള്ള ആശയം നമ്പ്യാർക്ക് ഉടലെടുത്തത്. മലബാറിലെ ആദ്യകാല ചാർട്ടേർഡ് അക്കൗണ്ടൻറുമാരിൽ ഒരാളായിരുന്ന അദ്ദേഹം 98 ൽ വർമ ആൻറ് വർമ എന്ന അക്കൗണ്ടിങ്ങ് സ്ഥാപനത്തിൽ നിന്നും വിരമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീടങ്ങോട്ട് ശിഷ്ട ജീവിതം കോംട്രസ്റ്റ് കണ്ണാശുപത്രിക്ക് വേണ്ടി മാത്രമായിരുന്നു. കണ്ണുർ ചെറുകുന്ന് സ്വദേശിയായ കെ.കെ ശ്രീധരൻ നമ്പ്യാർ എന്ന കെ.കെ.എസ് നമ്പ്യാർ കോഴിക്കോട്ടുകാരനായിട്ട് 73 വർഷങ്ങൾ പിന്നിട്ടു. കോഴിക്കോട്ടെ ആശുപത്രി കൂടാതെ കാഞ്ഞങ്ങാട്ടും, തലശ്ശേരിയിലും, ഒറ്റപ്പാലത്തും ഇദ്ദേഹം ഇതേ പോലുള്ള കോംട്രസ്റ്റിൻ്റെ ആശുപത്രികൾ സ്ഥാപിച്ചു.

ഗ്രാമാന്തരങ്ങളിലെല്ലാം ആശുപത്രിയുടെ സബ് സെൻ്ററുകളും, ആദിവാസികൾക്ക് സൗജന്യ നേത്രചികിത്സ ലഭ്യമാക്കാനായി വയനാട് മുട്ടലിലും പ്രത്യേകമായി ആശുപത്രി ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ സ്ഥാപിതമായി. കോവിഡ് തുടങ്ങിയതു മുതലാണ് കെ.കെ എസ് നമ്പ്യാർ കോംട്രസ്റ്റ് ആശുപത്രിയിലേക്ക് പോകാതെയായത് .

കാഞ്ഞങ്ങാട് മാവില ചന്ദ്രാവതിയാണ് ഭാര്യ, ‘ മാവില ശശികല,മാവിലകൃഷ്ണൻ നമ്പ്യാർ,മാവില നാരായണൻ നമ്പ്യാർ എന്നിവർ മക്കളാണ്, ചാർട്ടേർഡ് അക്കൗണ്ടൻ്റും കോംട്രസ്റ്റ് കണ്ണാശുപത്രി ട്രസ്റ്റിയുമായ അങ്കാരത്ത് നന്ദകുമാർ മരുമകനാണ്.
പരേതരായ കെ.കെ ചാത്തുക്കുട്ടി നമ്പ്യാർ, കെ. കെ കല്യാണിക്കുട്ടി അമ്മ എന്നിവർ സഹോദരങ്ങളും, സംസ്കാരം ഇന്ന് (13. II. 21 ) വൈകീട്ട് 4 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.