കെ റെയില്‍; കോട്ടയം ജില്ലയിലെ കല്ലിടൽ  ഇന്ന് ഞീഴൂരില്‍  പുനരാരംഭിക്കും;  തടയുമെന്നതില്‍ തര്‍ക്കമില്ലെന്ന് സമര സമിതി

കെ റെയില്‍; കോട്ടയം ജില്ലയിലെ കല്ലിടൽ ഇന്ന് ഞീഴൂരില്‍ പുനരാരംഭിക്കും; തടയുമെന്നതില്‍ തര്‍ക്കമില്ലെന്ന് സമര സമിതി

സ്വന്തം ലേഖിക

കോട്ടയം: പ്രതിഷേധത്തെത്തുടര്‍ന്നു നിര്‍ത്തിവച്ച, അര്‍ധ അതിവേഗ റെയില്‍ പാതയുടെ കല്ലിടല്‍ ജില്ലയില്‍ ഇന്നു മുതല്‍ പുനരാരംഭിക്കുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സര്‍ക്കാരിന്റെ ജില്ലയിലെ വിശദീകരണം കഴിഞ്ഞ ദിവസം നടന്നതിനു പിന്നാലെയാണു കല്ലിടല്‍ ജോലികള്‍ പുനരാരംഭിക്കുന്നത്‌. ഞീഴൂര്‍ വില്ലേജിലെ വിളയംകോട്‌ മേഖലയില്‍ ഇന്നു കല്ലിടാനാണു തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരമാവധി 15 മുതല്‍ 25 മീറ്റര്‍ വരെ വീതിയില്‍ ഇരുവശങ്ങളിലും കല്ലിടാനാണു തീരുമാനം. പ്രതിഷേധ സാധ്യതയുള്ളതിനാല്‍ പോലീസ്‌ സംരക്ഷണയിലാകും സംഘം എത്തുക.
രണ്ടു റവന്യൂ ഇന്‍സ്‌പെക്‌ടര്‍മാരുടെ മേല്‍നോട്ടത്തിലാണു കല്ലിടല്‍ ജോലികള്‍ നടക്കുക.

നേരത്തെ കല്ലിടലുമായി ബന്ധപ്പെട്ട്‌ പനച്ചിക്കാട്‌, വിജയപുരം പഞ്ചായത്തുകളില്‍ എത്തിയ ഉദ്യോഗസ്‌ഥ സംഘത്തെ തടഞ്ഞിരുന്നു. പനച്ചിക്കാട്‌ പഞ്ചായത്തിലെ വെളളൂത്തുരുത്തി മേഖലയില്‍ മൂന്നു ദിവസവും പഞ്ചായത്തിലെ നട്ടാശേരിയില്‍ ഒരു ദിവസവും സര്‍വേ സംഘത്തെ തടയുകയും സംഘര്‍ഷമുണ്ടാകുകയും ചെയ്‌തിരുന്നു.

മറ്റു ജില്ലകളിലും കല്ലിടല്‍ ജോലികള്‍ നടക്കുന്ന സാഹചര്യത്തിലാണ്‌ കോട്ടയത്തും ഇന്നു മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്‌. ജില്ലയില്‍ കെ റെയിലിനായി 310.25 ഹെക്‌ടര്‍ സ്‌ഥലമാണ്‌ ഏറ്റെടുക്കുന്നത്‌. പാളത്തിനായി 108.11 ഹെക്‌ടറും റെയില്‍വേ സ്‌റ്റേഷനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി 202.14 ഹെക്‌ടറും.

ചങ്ങനാശേരി, കോട്ടയം, മീനച്ചില്‍, വൈക്കം താലൂക്കുകളിലായി 16 വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കാനാണു തീരുമാനം. പാത ജില്ലയില്‍ ആരംഭിക്കുന്ന മാടപ്പള്ളി വില്ലേജിലാകും ഏറ്റവും കൂടുതല്‍ സ്‌ഥലം വേണ്ടിവരിക. മാടപ്പള്ളി പഞ്ചായത്തിനെ നെറുകെ മുറിക്കുന്ന രീതിയിലാണു പാത കടന്നു പോകുക.

മുട്ടമ്പലം വില്ലേജിലാണ്‌ നിര്‍ദിഷ്‌ട റെയില്‍വേ സ്‌റ്റേഷന്‍ വരിക. എന്നാല്‍, ഡി.പി.ആറില്‍ പാത വെള്ളമുളള പ്രദേശത്താണു രേഖപ്പെടുത്തിയിരിക്കുന്നത്‌. ഇതിനു മാറ്റമുണ്ടാകുമെന്നാണു സൂചന.

അതേസമയം, കല്ലിടല്‍ ജോലികള്‍ ആരംഭിച്ചാല്‍ തടയാനാണു സില്‍വര്‍ ലൈന്‍ വിരുദ്ധ സമര സമിതിയുടെ തീരുമാനം. കോവിഡ്‌ സാഹചര്യം മുതലെടുത്തു സര്‍വേ പുനരാരംഭിക്കാനാണു നീക്കമെന്നു സമര സമിതി ഭാരവാഹികള്‍ പറയുന്നു. മുൻപുണ്ടായതിനേക്കാള്‍ ശക്‌തമായ പ്രതിഷേധം ഇന്നുമുണ്ടാകുമെന്നും സമിതി ജില്ലാ ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ പറഞ്ഞു.

സ്‌ഥലമേറ്റെടുപ്പിനു മുന്നോടിയായി ജില്ലയില്‍ സാമൂഹിക ആഘാത പഠനത്തിനും റവന്യൂ വകുപ്പ്‌ ഉത്തരവിറക്കിയിട്ടുണ്ട്‌. കൊച്ചി ആസ്‌ഥാനമായ ആരോ എന്ന സ്‌ഥാപനത്തിലാണ് ജില്ലയിലെ സാമൂഹിക ആഘാത പഠന ചുമതല.

പാത കടന്നു പോകുന്ന
വില്ലേജുകള്‍

മാടപ്പള്ളി, തോട്ടയ്‌ക്കാട്‌, വാകത്താനം, പുതുപ്പള്ളി, പനച്ചിക്കാട്‌, നാട്ടകം, മുട്ടമ്പലം, വിജയപുരം, പെരുമ്പായിക്കാട്‌, പേരൂര്‍, ഏറ്റുമാനൂര്‍, കാണക്കാരി, കുറവിലങ്ങാട്‌, കടുത്തുരുത്തി, മുളക്കുളം, ഞീഴൂര്‍.