എളവൂരില്‍ സര്‍വേക്കല്ലുകള്‍ വീണ്ടും സ്ഥാപിച്ചത് പൊലീസ് സംരക്ഷണയില്‍; കെ-റെയില്‍ പദ്ധതിക്കായി പാറക്കടവ് പഞ്ചായത്തിലെ എളവൂരില്‍ സര്‍വേക്കല്ലുകള്‍ വീണ്ടും സ്ഥാപിച്ചത് വന്‍ പൊലീസ് സംരക്ഷണയില്‍
സ്വന്തം ലേഖിക
അങ്കമാലി: കെ-റെയില്‍ പദ്ധതിക്കായി പാറക്കടവ് പഞ്ചായത്തിലെ എളവൂരില്‍ വന്‍ പൊലീസ് സംരക്ഷണയില്‍ സ്വകാര്യപറമ്ബില്‍ സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചു.
സംഭവസ്ഥലത്ത് പ്രതിഷേധക്കാര്‍ സംഘടിച്ചിരുന്നെങ്കിലും അനിഷ്ഠസംഭവങ്ങളുണ്ടായില്ല. ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന സ്പെഷല്‍ ബ്രാഞ്ച് പൊലീസിന്‍റെയും മറ്റും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രതിഷേധക്കാരെ നേരിടാന്‍ ആലുവ ഡിവൈ.എസ്.പിയുടെയും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെയും നേതൃത്വത്തില്‍ വനിത ഉദ്യോഗസ്ഥരടക്കം നൂറിലേറെ പൊലീസുകാര്‍ സ്ഥലത്ത് കേന്ദ്രീകരിച്ചിരുന്നു.
സര്‍വേക്കല്ലുകളും കുഴിമാന്തി ഉപകരണങ്ങളും മറ്റുമായി കെ- റെയില്‍ പദ്ധതി തൊഴിലാളികളും ഉദ്യോഗസ്ഥരും പൊലീസ് വലയത്തിലാണ് സ്ഥലത്തെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാറക്കടവ് പഞ്ചായത്തിലെ 18-ാം വാര്‍ഡിലെ എളവൂര്‍ സെന്‍റ് മേരീസ് താഴെ പള്ളി ഭാഗത്തെ പരേതനായ ബാബു പാത്താടന്‍റെ മക്കള്‍ക്ക് അവകാശമായി ലഭിച്ച ഒന്നര ഏക്കര്‍ വരുന്ന പറമ്ബിന്‍റെ ഗേറ്റ് ചാടിക്കടന്നാണ് കെ-റെയില്‍ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് ഏതാനും സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചത്.
ആകാശ സര്‍വേ പ്രകാരമാണ് കല്ലിടാനെത്തിയതെങ്കിലും റേഞ്ചില്ലാതിരുന്നതിനാല്‍ കല്ലുകള്‍ സ്ഥാപിക്കാന്‍ തടസ്സം നേരിട്ടു. പിന്നീട് വിവിധ ഭാഗങ്ങളില്‍ ശ്രമം നടത്തിയെങ്കിലും വിജയിക്കാതെ വന്നതോടെ ഏതാനും കല്ലുകള്‍ മാത്രം സ്ഥാപിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങി. ബാബുവിന്‍റെ മക്കള്‍ വിദേശത്താണെന്നും അവരുടെ അനുവാദമില്ലാതെയാണ് ഉദ്യോഗസ്ഥര്‍ പറമ്ബില്‍ പ്രവേശിക്കുകയും കല്ലുകള്‍ സ്ഥാപിച്ചതെന്നും ആരോപണമുണ്ട്.
സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നത് പ്രതിഷേധക്കാര്‍ തടയാതിരിക്കാന്‍ സംഭവസ്ഥലത്ത് അങ്കമാലി സി.ഐ സോണി മത്തായിയുടെ നേതൃത്വത്തില്‍ ഗേറ്റിന് സമീപവും പൊലീസ് കേന്ദ്രീകരിച്ചിരുന്നു. തടയുകയോ മറ്റോ ചെയ്താല്‍ ജാമ്യമില്ലാ കേസെടുക്കാന്‍ നിര്‍ദേശം ഉള്ളതായി പ്രതിഷേധക്കാരെ പൊലീസ് മുന്‍കൂട്ടി വിവരം അറിയിച്ചിരുന്നു.
കെ-റെയില്‍ പദ്ധതിക്കും സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്ന നടപടിക്കുമെതിരെ ജനാധിപത്യരീതിയില്‍ ഇവര്‍ താഴെപ്പള്ളി കവലയില്‍ പ്രതിഷേധയോഗം സംഘടിപ്പിച്ചു. പിന്നീട് സംഭവസ്ഥലത്തേക്ക് പ്രതിഷേധറാലിയുമായെത്തിയെങ്കിലും സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.