video
play-sharp-fill
പാലാ  പരിശുദ്ധ അമലോത്ഭവ മാതാവിന്‍റെ ജൂബിലിത്തിരുനാളിന് മാറ്റുകൂട്ടാന്‍ വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു; ഡിസംബര്‍ ഒന്നുമുതല്‍ എട്ടുവരെ ആഘോഷങ്ങൾ നടക്കും

പാലാ പരിശുദ്ധ അമലോത്ഭവ മാതാവിന്‍റെ ജൂബിലിത്തിരുനാളിന് മാറ്റുകൂട്ടാന്‍ വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു; ഡിസംബര്‍ ഒന്നുമുതല്‍ എട്ടുവരെ ആഘോഷങ്ങൾ നടക്കും

പാലാ: ടൗണ്‍ കുരിശുപള്ളിയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്‍റെ ജൂബിലിത്തിരുനാളിന് മാറ്റുകൂട്ടാന്‍ വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു.

തിരുക്കര്‍മങ്ങള്‍, ബൈബിള്‍ പ്രഭാഷണങ്ങള്‍, പട്ടണപ്രദക്ഷിണം, മരിയന്‍ റാലി തുടങ്ങിയ ആത്മീയ ആഘോഷങ്ങളാല്‍ സമ്പന്നമായ തിരുനാളിനോട് ആനുബന്ധിച്ച് വൈവിധ്യമാര്‍ന്ന മത്സരയിനങ്ങളാണ് സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ ഒന്നുമുതല്‍ എട്ടുവരെയാണ് ജൂബിലിത്തിരുനാൾ ആഘോഷങ്ങൾ നടക്കുക.

മത്സരയിനങ്ങൾ ഇങ്ങനെ;-

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാടകമേള ഒന്നു മുതല്‍

ഡിസംബര്‍ ഒന്നുമുതല്‍ ആറു വരെ ദിവസവും രാത്രി 7.30 നു ടൗണ്‍ ഹാളിലാണ് നാടകമേള. സിവൈഎംഎല്‍ നടത്തുന്ന നാടകമേളയില്‍ ഒന്നിന് ഓച്ചിറ സരിഗയുടെ സത്യമംഗലം ജംഗ്ഷന്‍, രണ്ടിന് ചിറയന്‍കീഴ് അനുഗ്രഹയുടെ ചിത്തിര, മൂന്നിന് പാലാ കമ്യൂണിക്കേഷന്‍സിന്‍റെ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, നാലിന് തിരുവനന്തപുരം അസിധാരയുടെ പൊരുള്‍, അഞ്ചിന് കോഴിക്കോട് വടകര വരദയുടെ അമ്മമഴക്കാറ്, ആറിന് ആലപ്പുഴ സൂര്യകാന്തിയുടെ കല്യാണം എന്നിവ അരങ്ങേറും.

ജൂബിലി വോളിബോള്‍ ടൂര്‍ണമെന്‍റ്

പാലാ സ്പോര്‍ട്സ് ക്ലബ് സംഘടിപ്പിക്കുന്ന അഖില കേരള വോളിബോള്‍ ടൂര്‍ണമെന്‍റ് ഡിസംബര്‍ ഒന്നുമുതല്‍ ആറുവരെ പാലാ മുനിസിപ്പല്‍ ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ ആരംഭിക്കും.

കേരള യൂണിവേഴ്സിറ്റി, ഗാന്ധി യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി, പാലാ സിക്സസ് ഇന്‍റര്‍നാഷണല്‍, ഡയമണ്ട് പാലാ, ചാരമംഗലം സിക്സസ്, അരുവിത്തുറ ജോര്‍ജ് കോളജ്, പാലാ സെന്‍റ് തോമസ് കോളജ്, വാഴക്കുളം സിക്സസ്, ഡെയ്ഞ്ചര്‍ ബോയ്സ് തമിഴ്നാട് തുടങ്ങിയ ടീമുകള്‍ മാറ്റുരയ്ക്കും.

വിജയികള്‍ക്ക് ബട്ടണ്‍ ഹൗസ് പാലാ നല്‍കുന്ന 25,000 രൂപയും തയ്യില്‍ എവർറോളിംഗ് ട്രോഫിയും മാത്യു അരീക്കല്‍ മെമ്മോറിയല്‍ ട്രോഫിയും വി.സി. ജോണ്‍ മെമ്മോറിയല്‍ ട്രോഫിയും മറ്റ് ട്രോഫികളും നല്‍കും.

കൂപ്പണ്‍ നറുക്കെടുപ്പിലൂടെ വിജയികളാകുന്നവര്‍ക്ക് മൂഴയില്‍ ജ്വല്ലറി പാലാ നല്‍കുന്ന സ്വര്‍ണനാണയവും നല്‍കും. മുപ്പതാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ ടൂര്‍ണമെന്‍റില്‍ ഡിജിറ്റല്‍ സ്‌കോര്‍ബോര്‍ഡും പരസ്യങ്ങളും ഉപയോഗിക്കും.

കാണികള്‍ക്ക് പ്രവേശനം തികച്ചും സൗജന്യമാണെന്ന് സംഘാടകസമിതി കണ്‍വീനര്‍ വി.സി. പ്രിന്‍സ്, അഡ്വ. സന്തോഷ് മണര്‍കാട്ട്, ജോര്‍ജ് വര്‍ഗീസ്, ബിജു തോമസ്, ജോയ് പാലത്ത്, കുഞ്ഞുമോന്‍ മണര്‍കാട്ട്, ബിനോജ് പി. ജോണി, ടോമി തോമസ്, കുഞ്ഞുമോന്‍ പാലയ്ക്കല്‍ തുടങ്ങിയവര്‍ പറഞ്ഞു.

ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരം

പാലാ: കുറുമുണ്ടയില്‍ ജ്വല്ലറി സ്പോണ്‍സര്‍ ചെയ്ത് സിവൈഎംഎല്‍ സംഘടിപ്പിക്കുന്ന ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരം ഡിസംബര്‍ ഏഴിന് മൂന്നിന് പാലാ ടൗണില്‍ നടക്കും.

ആകര്‍ഷകമായ കാഷ് അവാര്‍ഡുകളും ട്രോഫിയും നല്‍കുമെന്ന് പ്രസിഡന്‍റ് പി.ജെ. ഡിക്സണ്‍, ജനറല്‍ സെക്രട്ടറി ബിജു വാതല്ലൂര്‍, കണ്‍വീനര്‍ അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് എന്നിവര്‍ അറിയിച്ചു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 20,000, 15,000, 12,000 രൂപയും തുടര്‍ന്ന് യഥാക്രമം 10,000, 8,000, 6,000, 5,000, 4,000, 3,000, 2,000 രൂപ എന്നിങ്ങനെ കാഷ് അവാര്‍ഡുകളും കുറുമുണ്ടയില്‍ ട്രോഫിയും വിതരണം ചെയ്യും.

സെന്‍റ് തോമസ് സ്‌കൂള്‍ ഗ്രൗണ്ടില്‍നിന്ന് ആരംഭിക്കുന്ന മത്സരം ളാലം പാലം ജംഗ്ഷനില്‍ സമാപിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഡിസംബര്‍ ഒന്നുമുതല്‍ സിവൈഎംഎല്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447324240.

ബൈബിള്‍ ടാബ്ലോ മത്സരം

ജൂബിലി ആഘോഷക്കമ്മിറ്റി നടത്തുന്ന ബൈബിള്‍ ടാബ്ലോ മത്സരം ഡിസംബര്‍ ഏഴിന് ഉച്ചകഴിഞ്ഞ് 3.45നു സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാരംഭിച്ച്‌ ളാലം പാലം ജംഗ്ഷനില്‍ സമാപിക്കും.

കുറ്റിയാങ്കല്‍ റബര്‍ നഴ്‌സറിയാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്. വിജയികള്‍ക്ക് യഥാക്രമം 50,001, 40,001, 30,001 രൂപയും ട്രോഫിയും നല്‍കും. ബി ഗ്രേഡെങ്കിലും കരസ്ഥമാക്കുന്ന ടീമുകള്‍ക്ക് 15,000 രൂപ വീതം പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. ഫോണ്‍: 9744550006.

ഫുഡ് ഫെസ്റ്റ്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് യൂണിറ്റ് ഡിസംബര്‍ നാലുമുതല്‍ എട്ടു വരെ പുഴക്കര മൈതാനത്ത് ഫുഡ് ഫെസ്റ്റ് നടത്തും. സ്വദേശ, വിദേശ വിഭവങ്ങളുടെ വിപുലമായ കലവറ ഒരുങ്ങും. 50 ലേറെ സ്റ്റാളുകളിലായി നടത്തുന്ന ഫെസ്റ്റില്‍ വാഹന പ്രദര്‍ശന പവിലിയനുമുണ്ട്.

ജൂബിലി സാസ്‌കാരിക ഘോഷയാത്ര

ജൂബിലി ആഘോഷക്കമ്മിറ്റി സംഘടിപ്പിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര ഏഴിന് ഉച്ചകഴിഞ്ഞ് 2.30ന് പ്രധാന വീഥിയിലൂടെ നടക്കും. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വ്യത്യസ്തവും നവീനവുമായ മുപ്പതില്‍പ്പരം കലാരൂപങ്ങള്‍ അണിനിരക്കും.