ഒടുവിൽ വിജയം ജോസഫിനൊപ്പം: ജോസ് ടോമിന്റെ ഒരു സെറ്റ് പത്രിക തള്ളി; ജോസ് ടോം സ്വതന്ത്ര സ്ഥാനാർത്ഥി; യു ഡി എഫിന്റെ സ്ഥാനാർത്ഥി ആകില്ല
സ്വന്തം ലേഖകൻ
കോട്ടയം : കേരള കോൺഗ്രസിലെ തകർക്കങ്ങൾക്കൊടുവിൽ അച്ഛന്റെ മണ്ഡലത്തിൽ മകനെ മലർത്തിയടിച്ച് പി.ജെ ജോസഫ്. പി.ജെ ജോസഫ് നടത്തിയ നീക്കങ്ങൾക്കൊടുവിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി ജോസ് ടോം നൽകിയ പ്രതിക വരണാധികാരി തള്ളി.ജോസഫ് വിഭാഗത്തിന്റെ വാദങ്ങൾ അംഗീകരിച്ച ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവാണ് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി ജോസ് ടോം നൽകിയ പത്രിക തള്ളിയത്. രണ്ട് സെറ്റ് പത്രികയിൽ സ്വതന്ത്രനായി നൽകിയ പാത്രിക സ്വീകരിക്കുകയായിരുന്നു. ഇതോടെ യുഡിഎഫിന്റെ സ്വതന്ത്രസ്ഥാനാർത്ഥി ആകാനോ, രണ്ടില ചിഹ്നത്തിൽ മത്സരിക്കാനോ ജോസ് ടോമിന് സാധിക്കില്ല. കേരള കോൺഗ്രസുകൾക്കുള്ളിലെ തർക്കം അതിരൂക്ഷമായി തുടരുന്നതിന്റെ ഉദാഹരണമാണ് പാലാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ഇപ്പോൾ കാണുന്നത്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായി യുഡിഎഫ് അംഗീകരിച്ചിരിക്കുന്നത് ജോസ് ടോമിനെയായിരുന്നു. എന്നാൽ, പത്രിക സമർപ്പിക്കുന്ന അവസാന തീയതിയായ ബുധനാഴ്ച കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ നേതാവ് ജോസഫ് കണ്ടത്തിൽ പത്രിക സമർപ്പിക്കുകയായിരുന്നു. ഇതോടെയാണ് കേരള കോൺഗ്രസുകൾ തമ്മിലുള്ള തർക്കം അതിരൂക്ഷമായത്. ജോസ് കെ.മാണി വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായ ജോസ് ടോമിന് രണ്ടില ചിഹ്നം ലഭിക്കില്ലെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ജോസ് ടോമിനെതിരെ ജോസഫ് കണ്ടത്തിലിനെ ജോസഫ് വിഭാഗം രംഗത്തിറക്കിയത്. എന്നാൽ, ഇത് മനസിലാക്കി രാഷ്ട്രീയ നീക്കം നടത്താൻ ജോസ് കെ.മാണി പക്ഷത്തിനും സാധിച്ചില്ല.
വ്യാഴാഴ്ച രാവിലെ ജില്ലാ കളക്ടറേറ്റിൽ നാമനിർദേശ പത്രികയുടെ അന്തിമ സ്‌ക്രൂട്ടിണി നടക്കുന്നതിനിടെ അപ്രതീക്ഷിതമായി ജോസഫ് വിഭാഗം എതിർപ്പ് ഉന്നയിക്കുകയായിരുന്നു. നാമനിർദേശ പത്രികയിൽ ഒപ്പിട്ടിരുന്ന പ്രിൻസ് ലൂക്കോസിനെയും, സ്റ്റീഫൻ ജോർജിനെയും ലക്ഷ്യമിട്ടായിരുന്നു കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ നീക്കം. ഇത് കൃത്യമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് സ്‌ക്രൂട്ടിണിയുടെ പുറത്തു വന്ന ഫലം.
ഇടുക്കി മുൻസിഫ് കോടതിയുടെ വിധി അംഗീകരിച്ചതോടെയാണ് പത്രിക തള്ളാൻ റിട്ടേണിംങ് ഓഫിസർ തീരുമാനിച്ചത്. ഇതോടെ ജോസഫ് തന്നെയാണ് പാർട്ടിയിൽ പരമാധികാരി ജോസഫ് തന്നെയാണ് എന്ന് ഫലത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിരിക്കുകയാണ്. രണ്ടില ചിഹ്നം ലഭിക്കില്ലെന്ന് ഉറപ്പായതോടെ പൈനാപ്പിൾ, ഓട്ടോറിക്ഷ എന്നീ ചിഹ്നങ്ങളാണ് ജോസ് ടോം ആവശ്യപ്പെട്ടിരിക്കുന്നത്. ജോസ് ടോമിന്റെ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായുള്ള പത്രിക തള്ളിയതോടെ , ജോസഫ് വിഭാഗത്തിന്റെ ജോസഫ് കണ്ടത്തിൽ പത്രിക പിൻവലിച്ചിട്ടുണ്ട്.
യു ഡി എഫ് പിൻതുണയോടെ നാമനിർദേശ പത്രിക സമർപ്പിച്ച ജോസ് ടോമിന്റെ പത്രികയിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം നേതാക്കളായ പ്രിൻസ് ലൂക്കോസും , സ്റ്റീഫൻ ജോർജുമാണ് ഒപ്പിട്ടിരിക്കുന്നത്. രണ്ട് പേർക്കും നാമനിർദേശ പത്രിക ഒപ്പിടാൻ യാതൊരു അവകാശവുമില്ലെന്നാണ് ജോസഫ് വിഭാഗം അവകാശപ്പെട്ടത്. അത് കൊണ്ടു തന്നെ ജോസഫ് വിഭാഗം ടോം ജോസിന്റെ പത്രിക തള്ളണമെന്ന് അവകാശപ്പെടുകയായിരുന്നു. രണ്ടാമത്തെ സെറ്റ് പത്രികയിൽ 14 കോളങ്ങൾ ഒപ്പിടാതെ അവശേഷിക്കുകയാണ്. ഇത് ചട്ട ലംഘനം ആണെന്നും അത് കൊണ്ടു തന്നെ പത്രിക തള്ളണമെന്നും എൽ ഡി എഫ് ക്യാമ്പും അവകാശപ്പെട്ടിരുന്നു. എന്നാൽ , കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് വരണാധികാരി കേരള കോൺഗ്രസ് സ്ഥാനാർത്ഥി എന്ന പത്രിക തള്ളിയത്.