യോഗി ശ്രമിക്കേണ്ടത് യു.പിയെ കേരളമാക്കാൻ; ജോസ് കെ.മാണി
സ്വന്തം ലേഖിക
കോട്ടയം: ജീവിതനിലവാരത്തിന്റെ വളര്‍ച്ചകൊണ്ടും മതേതരത്വത്തിലും സാമൂഹ്യ നീതിയിലും അധിഷ്ഠിതമായ ജീവിതവീക്ഷണം കൊണ്ടും സ്വന്തം മാതൃക സൃഷിടിച്ച കേരളത്തിന്റെ വഴി പിന്തുടര്‍ന്ന് സ്വന്തം നാടിനേയും ജനങ്ങളെയും രക്ഷിക്കാനാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രമിക്കേണ്ടതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു.
കോട്ടയത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ്സ് (എം) സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വീട്, വെള്ളം, വെളിച്ചം ഇത്തരം അടിസ്ഥാന സൗകര്യങ്ങളൊന്നും ഇപ്പോഴും സ്വപ്നം കാണാന്‍ കഴിയാത്ത യു.പി ജനതയുടെ മുഖ്യമന്ത്രിയായ യോഗിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത നേട്ടങ്ങളാണ് ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വര്‍ഗ്ഗീയതയുടെ കടന്നാക്രമണങ്ങളെ ചെറുത്തുതോല്‍പ്പിക്കുന്ന മതനിരപേക്ഷ ജീവിതം കേരളത്തിന് സ്വന്തമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും അനുകരിക്കേണ്ട വികസനമാതൃക രൂപപ്പെടുത്തിയ കേരളത്തെ അധിക്ഷേപിച്ച യോഗിയുടെ പ്രസ്താവന കേരളം പുശ്ചിച്ച്തള്ളിക്കഴിഞ്ഞു.
വന്യജീവി ആക്രമണം കേരളത്തില്‍ ഒരു മനുഷ്യാവകാശപ്രശ്‌നമായി മാറിയിരിക്കുകയാണെന്ന് സ്റ്റിയറിംഗ് കമ്മറ്റി യോഗം വിലയിരുത്തി. തൃശൂര്‍ ആതിരപള്ളിയില്‍ അഞ്ച് വയസ്സുള്ള കുട്ടിയെ കാട്ടാന ചവിട്ടികൊന്ന സംഭവമാണ് ഈ ആക്രമണങ്ങളില്‍ ഏറ്റവും അവസാനത്തേത്.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം തയ്യാറാക്കിയ ഹോട്ട്‌സ്‌പോട്ട് ലിസ്റ്റില്‍ കാട്ടുപന്നിശല്യം ഏറ്റവും രൂക്ഷമായ സംസ്ഥാനത്തെ പല വില്ലേജുകളും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായ തയ്യാറാക്കിയ ഈ ലിസ്റ്റിലെ അപാകതകള്‍ പരിഹരിച്ച് കാട്ടുപന്നി ആക്രമണമുള്ള മുഴുവന്‍ വില്ലേജുകളെയും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം.
സംസ്ഥാന കമ്മറ്റി അംഗീകരിച്ച മെമ്പര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ 14 ജില്ലകളിലും വാര്‍ഡ് തല സംഘടനാ തെരെഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ചു. മണ്ഡലം തെരെഞ്ഞെടുപ്പ് തീയതി കോവിഡന്റെ പ്രത്യേക പശ്ചാത്തലത്തില്‍ മാര്‍ച്ച് 5 വരെ നീട്ടാന്‍ യോഗം തീരുമാനിച്ചു.
എല്ലാ വിഭാഗം ജനങ്ങളെയും പാര്‍ട്ടിയുടെ ഭാഗമാക്കുന്നതിലൂടെ രാഷ്ട്രീയ ഉള്ളടക്കത്തെ മെച്ചപ്പെടുത്താന്‍ ചിട്ടയായ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം സഹായിച്ചതായും സ്റ്റിയറിംഗ് കമ്മറ്റി യോഗം വിലയിരുത്തി.
മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, തോമസ് ചാഴിക്കാടന്‍ എം.പി, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പി.എം മാത്യു എക്‌സ്.എം.എല്‍.എ, വി.ജെ ജോസഫ് എക്‌സ്.എം.എല്‍.എ, പ്രൊഫ. കെ.ഐ ആന്റണി, പി.കെ സജീവ്, ബാബു ജോസഫ്, വി.ടി ജോസഫ്, ജോസ് ടോം, മുഹമ്മദ് ഇക്ക്ബാല്‍, അലക്‌സ് കോഴിമല, പ്രൊഫ. ലോപ്പസ് മാത്യു, സണ്ണി തെക്കേടം, വിജി എം.തോമസ്, സഖറിയാസ് കുതിരവേലി, വി.വി ജോഷി, എം.എം ഫ്രാന്‍സിസ്, ചെറിയാന്‍ പോളച്ചിറക്കല്‍, ജേക്കബ് തോമസ് അരികുപുറം, എലിസമ്പത്ത് മാമ്മന്‍ മത്തായി, നിര്‍മ്മല ജിമ്മി, ജോയിസ് പുത്തന്‍പുര, ബെന്നി കക്കാട്, ഉഷാലയം ശിവരാജന്‍, അഡ്വ.ജോസ് ജോസഫ്, ജോസ് പാലത്തിനാല്‍, എന്‍.എം രാജു, ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത്, വി.സി ഫ്രാന്‍സിസ്, ജോയി കൊന്നക്കന്‍, വഴുതാനത്ത് ബാലചന്ദ്രന്‍, സഹായദാസ് നാടാര്‍, കുശലകുമാര്‍, കെ.ജെ ദേവസ്യ, ജോണി പുല്ലംന്താനി, കുര്യാക്കോസ് പ്ലാപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.