ചാണക്യപുത്രനായി ജോസ് കെ മാണി: കെണിയൊരുക്കി കാത്തിരുന്ന ബിജെപിയെ കബളിപ്പിച്ച് മാണി പുത്രൻ രാജ്യസഭയിലേയ്ക്ക്

ചാണക്യപുത്രനായി ജോസ് കെ മാണി: കെണിയൊരുക്കി കാത്തിരുന്ന ബിജെപിയെ കബളിപ്പിച്ച് മാണി പുത്രൻ രാജ്യസഭയിലേയ്ക്ക്

പൊളിറ്റിക്കൽ ഡെസ്‌ക്

കോട്ടയം: കോൺഗ്രസ് നേതൃത്വത്തെയും സംസ്ഥാനത്തെ പ്രവർത്തകരെയും അമ്പരപ്പിച്ച തീരുമാനത്തിനു പിന്നിൽ ജോസ് കെ.മാണിയുടെ ചാണക്യ തന്ത്രം. ്അച്ഛൻ കെ.എം മാണിയെയും, രാഷ്ട്രീയ തന്ത്രജ്ഞനായ ഉമ്മൻചാണ്ടിയെയും കടത്തി വെട്ടി രണ്ടു വർഷം പാർട്ടിയെ ഒറ്റയ്ക്കു നിന്നു വളർത്താനുള്ള ജോസ് കെ.മാണിയുടെ തന്ത്രമാണ് ഒരൊറ്റ രാത്രികൊണ്ടു കേരള കോൺഗ്രസിനു രാജ്യസഭാ സീറ്റ് കൈവള്ളയിൽ വച്ചു നൽകിയത്. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തേക്കാൾ തനിക്കാണ് രാഹുൽ ഗാന്ധിക്കു മേൽ സ്വാധീനമെന്നും ജോസ് കെ.മാണി രാജ്യസഭാ സീറ്റ് തീരൂമാനത്തോടെ ഉറപ്പിച്ചു. രണ്ടു വർഷം ജോസ് കെ.മാണി നടത്തിയ രാഷ്ട്രീയ നാടകത്തിന്റെ ക്ലൈമാക്‌സിൽ നേട്ടമുണ്ടാക്കിയത് കേരള കോൺഗ്രസ് തന്നെ.
രണ്ടു വർഷം മുൻപ് ചരൽക്കുന്നിൽ നടന്ന യോഗത്തിലാണ് കേരള കോൺഗ്രസ് എം യുഡിഎഫ് മുന്നണി വിടുകയാണെന്നു പ്രഖ്യാപിച്ചത്. കേരള കോൺഗ്രസിലെ പി.ജെ ജോസഫ് വിഭാഗത്തിന്റെ എതിർപ്പ് അവഗണിച്ചാണ് അന്ന് കേരള കോൺഗ്രസ് എം മുന്നണി വിടാൻ തീരുമാനിച്ചത്. പാർട്ടി ഒറ്റയ്ക്കു നിന്നു വളരണമെന്നു ജോസ് കെ.മാണി എടുത്ത നിലപാടിന്റെ ഭാഗമായാണ് അപ്രതീക്ഷിതമായി കേരള കോൺഗ്രസ് എം യുഡിഎഫ് മുന്നണി വിടുന്നത്. ജോസ് കെ.മാണി കെ.എം മാണിയിൽ ശക്തമായ സമ്മർദം ചെലുത്തിയാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടാക്കിയെടുത്തത്.
ഇതിനു പിന്നാലെയാണ് കേരള കോൺഗ്രസ് എം സംസ്ഥാന വ്യാപകമായി മെമ്പർഷിപ്പ് ക്യാമ്പെയിനുകളും ആരംഭിച്ചത്. നേരത്തെ വെറുമൊരു ആൾക്കൂട്ടം മാത്രമായിരുന്ന കേരള കോൺഗ്രസിനെ കോർപ്പറേറ്റ് പാർട്ടിയാക്കി മാറ്റാനുള്ള തന്ത്രങ്ങളായിരുന്നു ജോസ് കെ.മാണി കണ്ടെത്തിയത്. ഇതിനു ഏറ്റവും കുറഞ്ഞത് ഒരു വർഷമെങ്കിലും വേണ്ടിയിരുന്നുവെന്നു കണ്ടെത്തിയാണ് ഇദ്ദേഹം പാർട്ടി ഒറ്റയ്ക്കു നിൽക്കാൻ തീരൂമാനിച്ചത്. ഇതിനായി ജോസ് കെ.മാണി ആദ്യം ചെയ്തത് പ്രാദേശിക തലം മുതൽ പാർട്ടിക്കു ഘടകങ്ങൾ ഉണ്ടാക്കുകയാണ്. സംസ്ഥാന തലം മുതൽ പ്രാദേശിക തലം വരെ പാർട്ടിയെ പൊളിച്ചടുക്കി. തിരഞ്ഞെടുപ്പുകളിലൂടെ തന്നെ പാർട്ടിക്ക് കമ്മിറ്റികളെ സൃഷ്ടിച്ചെടുത്തു. ഇത്തരത്തിൽ കേരള കോൺഗ്രസ് എമ്മിനു ശക്തമായ പ്രാദേശിക അടിത്തറ തന്നെ ജോസ് കെ.മാണി സൃഷ്ടിച്ചെടുത്തു. ഇതിലൂടെ പാർട്ടി പിളർന്നാലും തനിക്ക് കൃത്യമായി സ്വാധീനം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പിച്ചു. ഇതിനു പിന്നാലെ സംസ്ഥാന കമ്മിറ്റിയും, യൂത്ത് ഫ്രണ്ടും പോഷക സംഘടനകളും എല്ലാം ജോസ് കെ.മാണിയുടെ പരിഷ്‌കരണത്തിന്റെ ചൂടറിഞ്ഞു. ഒരു മുത്തിലെ മാലപോലെ എല്ലാം കോർത്തിണക്കിയായിരുന്നു ജോസ് കെ.മാണിയുടെ പരിഷ്‌കാരങ്ങളെല്ലാം.
ഇതിനിടെ കേരളത്തിലെ വിലപേശൽ രാഷ്ട്രീയ ശക്തമായി കേരള കോൺഗ്രസ് എംമാറിയിരുന്നു. സിപിഎമ്മും കോൺഗ്രസും ഒരേ പോലെ പിന്നാലെ നടന്നപ്പോഴും ബിജെപി കേന്ദ്ര നേതൃത്വവും ജോസ് കെ.മാണിയെ തേടി എത്തി. ബിജെപി സംസ്ഥാന നേതൃത്വം പാലായിലെ വീട്ടിലെത്തി കെ.എം മാണിയെ കണ്ടപ്പോൾ കേരളം പിടിക്കാനുള്ള അവസാന അടവുമായി അമിത് ഷായുടെ ദൂതൻ ജോസ് കെ.മാണിയെ കണ്ടിരുന്നു. ഇത് മണത്തറിഞ്ഞാണ് രാഹുൽ ഗാന്ധി കേരള കോൺഗ്രസ് നേതാവ് ജോസ് കെ.മാണിയുമായി ആദ്യം ചർച്ച നടത്തുന്നത്. കേരള കോൺഗ്രസ് ബിജെപിയിലേയ്ക്കു പോയാൽ മധ്യകേരളത്തിൽ ബിജെപിക്കു നിർണ്ണായക സ്വാധീനമുണ്ടാക്കാൻ സാധിക്കുമെന്നു രാഹുൽ ഗാന്ധിയെ ജോസ് കെ.മാണി ധരിപ്പിച്ചു. ഇതിനു പകരമായി എന്തു വേണമെന്നു മാത്രമായിരുന്നു രാഹുലിന്റെ ചോദ്യം. ആ ചോദ്യത്തിനു കൃത്യസമയത്തു തന്നെ ജോസ് കെ.മാണി മറുപടി നൽകുകയും ചെയ്തു.
നിലവിൽ നൽകിയ രാജ്യ സഭാ സീറ്റിനു പിന്നാലെ 24 നിയമസഭാ സീറ്റുകളാണ് ജോസ് കെ.മാണി രാഹുൽ ഗാന്ധിയോടു ആവശ്യപ്പെട്ടിരിക്കുന്നത്. ജോസ് കെ.മാണിയെന്ന രാഷ്ട്രീയ ചാണക്യപുത്രൻ കളിച്ച കളിയിൽ വഴുതി വീണത് ഉമ്മൻചാണ്ടിയും സംസ്ഥാന കോൺഗ്രസ് നേതൃത്വവുമാണ്.