യഥാർത്ഥ കേരള കോൺഗ്രസ് ഏതാണ് എന്നു തെളിഞ്ഞു; ആരെയും അധിക്ഷേപിക്കാൻ തങ്ങളില്ല; ഇടതു സർക്കാർ ചരിത്രം തിരുത്തി തുടർ ഭരണം നേടും: ജോസ് കെ.മാണി
സ്വന്തം ലേഖകൻ
കോട്ടയം: കെ.എം മാണിയുടെ മരണത്തോടെ കേരള കോൺഗ്രസിനെ ഇല്ലാതാക്കാമെന്നു ധരിച്ചവർക്കുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിയെന്നു കേരള കോൺഗ്രസ് എം.ചെയർമാൻ ജോസ് കെ.മാണി. പാർട്ടിയുടെ ചെയർമാനെയും ഭാരവാഹികളെയും അംഗീകരിച്ചുകൊണ്ടു തിരഞ്ഞെടുപ്പ് കമ്മിഷന്റെ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതോടെ ഏതാണ് യഥാർത്ഥ കേരള കോൺഗ്രസ് എന്നും, ആരോടൊപ്പമാണ് ജനങ്ങളുള്ളതെന്നും വ്യക്തമായിരിക്കുകയാണ്. കേരള കോൺഗ്രസ് എം നേതാവ് ജോബ് മൈക്കിളിന്റെ നേതൃത്വത്തിൽ ചങ്ങനാശേരിയിൽ നടന്ന പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് കെ.മാണി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള കോൺഗ്രസിന് എതിരെ മറുവശത്ത് നിൽക്കുന്ന ആരെയും അധിക്ഷേപിക്കാൻ ഞങ്ങലില്ല. ഇപ്പോൾ അവരോടൊപ്പം നിൽക്കുന്നവരും ജനങ്ങളും ആലോചിക്കേണ്ട ഒരു കാര്യമുണ്ട്.
അവർക്ക് പേരുണ്ടോ, ചിഹ്നമുണ്ടോ, അംഗീകാരമുണ്ടോ രജിസ്‌ട്രേഷനുണ്ടോ എന്ന് ജനങ്ങൾ ആലോചിക്കേണ്ടതാണ്. മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും നൂറുകണക്കിന് നേതാക്കളും പ്രവർത്തകരുമാണ് കേരള കോൺഗ്രസിന്റെ ഭാഗമാകാൻ എത്തുന്നത്. കേരള കോൺഗ്രസ് അടങ്ങുന്ന ഇടതു മുന്നണി കേരളത്തിന്റെ ചരിത്രം തിരുത്തി ഇക്കുറി തുടർ ഭരണം നേടും.
നാൽപ്പത് വർഷം ഒപ്പം നിന്ന കേരള കോൺഗ്രസ് പാർട്ടിയെ ഒരു പ്രാദേശിക ഘടകത്തിന്റെ പേരിൽ മുന്നിണിയിൽ നിന്നും പുറത്താക്കുകയാണ് യു.ഡി.എഫ് ചെയ്തത്. യു.ഡി.എഫിന്റെ എല്ലാ പ്രതിസന്ധിക്കാലത്തും ഒപ്പം നിന്നിരുന്ന പാർട്ടിയെയാണ് പുറത്താക്കിയത്.
ഇടതു മുന്നണിയുടെ ഭാഗമാകാൻ കേരള കോൺഗ്രസ് രാഷ്ട്രീയ തീരുമാനം എടുത്തപ്പോൾ പലരും പറഞ്ഞു, കേരള കോൺഗ്രസ് ദുഖിക്കേണ്ടി വരും, ജോസ് കെ.മാണി ദുഖിക്കേണ്ടി വരും.എന്നാൽ, ഈ പറഞ്ഞതെല്ലാം വ്യക്തമായ ഗൂഡാലോചനയുടെ ഭാഗമായിരുന്നു എന്നാണ് വ്യക്തമാകുന്നത്. മാണി സാറിനു ശേഷം കേരള കോൺഗ്രസ് കേരളത്തിൽ ഉണ്ടാകരുതെന്നാണ് ചിലർ ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിന്റെ യാത്ര പോലെ അല്ല കേരള കോൺഗ്രസ് നടത്തുന്ന പദയാത്ര. ഈ യാത്ര ചങ്ങനാശേരിയുടെ ഹൃദയം തൊട്ട് നടത്തിയ യാത്രയായിരുന്നു. ചങ്ങനാശേരിയിൽ കേരള കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ മുഖമാണ് ജോബ് മൈക്കിൾ. ചങ്ങനാശേരിയിലെ ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് മുന്നിൽ നിൽക്കുന്ന നേതാവാണ് ജോബ് മൈക്കിൾ. ചങ്ങനാശേരിയുടെ ജനനേതാവാണ് ജോബ് മൈക്കിളെന്നും അദ്ദേഹം പറഞ്ഞു.
ലാലിച്ചൻ കുന്നിപ്പറമ്പിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
സ്റ്റീഫൻ ജോർജ്, സണ്ണി തെക്കേടം, വിജി എം.തോമസ്, പ്രേംചന്ദ് മാവേലി, സണ്ണി പാറപ്പറമ്പൻ, സുരേന്ദ്രനാഥപണിക്കർ, ജോൺസൺ അലക്‌സാണ്ടർ, സണ്ണി ചങ്ങംകേരിൽ, അലക്‌സാണ്ടർ പ്രാക്കുഴി എന്നിവർ പ്രസംഗിച്ചു.