play-sharp-fill
അന്ന് ജോസിനെ സമ്മർദത്തിലാക്കാൻ കുതന്ത്രം പയറ്റി: ഇന്ന് ആ കുതന്ത്രം തിരിച്ചടിച്ച് സമ്മർദത്തിൽ ജോസഫ് : കാലം കണക്ക് പറയുമ്പോൾ ആകെ വിയർത്ത് പി.ജെ ജോസഫും കേരള കോൺഗ്രസും

അന്ന് ജോസിനെ സമ്മർദത്തിലാക്കാൻ കുതന്ത്രം പയറ്റി: ഇന്ന് ആ കുതന്ത്രം തിരിച്ചടിച്ച് സമ്മർദത്തിൽ ജോസഫ് : കാലം കണക്ക് പറയുമ്പോൾ ആകെ വിയർത്ത് പി.ജെ ജോസഫും കേരള കോൺഗ്രസും

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ സമ്മർദത്തിലാക്കി പാർട്ടി പിടിച്ചെടുക്കാൻ നടത്തിയ കുതന്ത്രം , നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ജെ ജോസഫിനും കൂട്ടർക്കും തിരിച്ചടിയാകുന്നു. പാലാ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിൻ്റെ പരാജയത്തിലേയ്ക്ക് നയിച്ച രാഷ്ട്രീയ കുതന്ത്രമാണ് ഇപ്പോൾ ജോസഫിനെയും യു.ഡി.എഫിനെയും തിരിഞ്ഞ് കുത്തുന്നത്.

അന്ന് ജോസഫിൻ്റെ കടുംപിടുത്തത്തെ തുടർന്ന് സ്വതന്ത്ര ചിഹ്നത്തിൽ, യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച ജോസ് ടോം പരാജയപ്പെടുകയായിരുന്നു. ഇത് കേരള കോൺഗ്രസുകളുടെ പിളർപ്പിനും , ജോസ് കെ.മാണി വിഭാഗം യു.ഡി.എഫ് വിടുനതിനും ഇടയാക്കിയിരുന്നു. അന്ന് യുഡിഎഫിനെ സമ്മർദത്തിൽ ആക്കാൻ പി ജെ ജോസഫ് പ്രയോഗിച്ച തന്ത്രമാണ് ഇന്ന് അദ്ദേഹത്തിന് തിരിച്ചടിയായിരിക്കുന്നത്.

അന്ന് പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ ജോസ് ടോമിന് രണ്ടില ചിഹ്നം നൽകാൻ തയ്യാറാകാതിരുന്ന പി ജെ ജോസഫ് ഓഫ് കേരള കോൺഗ്രസിനെയും യുഡിഎഫിനെയും കടുത്ത സമ്മർദ്ദത്തിലാണ് ആക്കിയിരുന്നു. നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന ദിവസം പോലും യുഡിഎഫ് സ്ഥാനാർഥിക്ക് ചിഹ്നം നൽകാൻ ജോസഫ് തയ്യാറായിരുന്നില്ല. ഇതോടെ സ്വതന്ത്രസ്ഥാനാർത്ഥിയായി ആണ് ജോസ് ടോം പാലാ നിയോജക മണ്ഡലത്തിൽ പത്രിക സമർപ്പിച്ചത്. ജോസ് ടോമിൻ്റെ പത്രിക തള്ളാൻ പോലും ജോസഫ് തന്ത്രം പ്രയോഗിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പത്രിക തള്ളാതെ ഇരിക്കുന്നതിന് വേണ്ടി സ്വതന്ത്രസ്ഥാനാർത്ഥിയായി മറ്റൊരു കേരള കോൺഗ്രസ് നേതാവിനെ കൊണ്ട് പത്രികയും പാലായിൽ സമർപ്പിച്ചിരുന്നു. ഇതുകൂടാതെ ജോസഫ് വിഭാഗത്തിൻ്റെ സംസ്ഥാന നേതാവ് തന്നെ സ്വതന്ത്രനായി മത്സരിക്കുന്നതിന് നീക്കവും ഇവിടെ നടത്തിയിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് അന്ന് ജോസ് വിഭാഗം പത്രിക സമർപ്പിച്ചത്.

അന്ന് നടത്തിയ നീക്കങ്ങളെല്ലാം ഇന്ന് ജോസഫിനെ തിരിച്ചടിക്കുന്ന കാഴ്ചയാണ് ആണ് ഇപ്പോൾ കാണുന്നത്. അന്ന് ജോസഫിൻ്റെ കുതന്ത്രത്തിൽ ഫലമായി ജോസ് കെ മാണിക്ക് ചിഹ്നവും പാർട്ടിയും ലഭിക്കാതെ പോയപ്പോൾ , ഇന്ന് സ്വന്തം കയ്യിലിരിപ്പ് കൊണ്ടാണ് ജോസഫിന് നിയമസഭാ തിരഞ്ഞെടുപ്പിൽ പോലും പാർട്ടിയും ചിഹ്നവും ഇല്ലാതായിരിക്കുന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം തോമസ് ഭാഗത്തിൽ ലയിക്കുന്നതിന് ഇതുവരെയും തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ജോസഫ് വിഭാഗത്തിൻ്റെ സ്ഥാനാർത്ഥികൾ സ്വതന്ത്രരായി വേണം നാമനിർദേശ പത്രിക സമർപ്പിക്കാൻ.

കൂറുമാറ്റ നിരോധന നിയമത്തിൻറെ പരിധിയിൽ വരുന്നത് ഒഴിവാക്കുന്നതിനായി ജോസഫും മോൻസ് ജോസഫും നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു മുൻപ് എംഎൽഎ സ്ഥാനം രാജി വെയ്ക്കുകയും ചെയ്തു. പാർട്ടി ലയനത്തെ തുടർന്ന് സ്പീക്കർക്ക് പരാതി പോയാൽ അയോഗ്യത ഭയന്നാണ് ഇപ്പോൾ ജോസഫും മോൻസും സ്ഥാനം രാജി വച്ചത്. എന്നാൽ , എം.എൽ.എ സ്ഥാനം രാജി വയ്ക്കും മുൻപ് മറ്റൊരു പാർട്ടിയിൽ ചേർന്നതിനാൽ ഇരുവർക്കും അയോഗ്യത ബാധകമാകും. ഈ സാഹചര്യത്തിൽ ഇരുവരുടെയും സ്ഥാനാർത്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് യു.ഡി.എഫ് ക്യാമ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്.

സ്ഥാനാർത്ഥികൾക്ക് ഏത് ചിഹ്നം ലഭിക്കുമെന്ന് അറിയുന്നതിന് ഇനിയും ജോസഫ് വിഭാഗത്തിന് ദിവസങ്ങൾ കാത്തിരിക്കേണ്ടിവരും. പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയെ സമ്മർദ്ദത്തിലാക്കിയതിന് കാലം നൽകിയ തിരിച്ചടിയാണ് ഇപ്പോൾ ജോസഫ് വിഭാഗം അനുഭവിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം.