പാലാ സ്വദേശിനിയെ വിദേശത്ത്‌ എത്തിച്ചത് ടീച്ചർ ജോലി വാഗ്ദാനം ചെയ്ത്; നിർബന്ധിച്ച്  ചെയ്യിപ്പിച്ചത് വീട്ടുജോലി; മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതിയായ ഇടുക്കി പെരുവന്താനം സ്വദേശി അറസ്റ്റിൽ

പാലാ സ്വദേശിനിയെ വിദേശത്ത്‌ എത്തിച്ചത് ടീച്ചർ ജോലി വാഗ്ദാനം ചെയ്ത്; നിർബന്ധിച്ച് ചെയ്യിപ്പിച്ചത് വീട്ടുജോലി; മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതിയായ ഇടുക്കി പെരുവന്താനം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക

ഇടുക്കി: യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത്‌ എത്തിച്ച് കബളിപ്പിച്ച കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇടുക്കി പെരുവന്താനം പാലൂർക്കാവ് ചെറിയ കാവുങ്കൽ വീട്ടിൽ ചെല്ലപ്പൻ മകൻ മനോജ് (മണിക്കുട്ടൻ -39) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
വീഡിയോ കാണാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍ പാലാ സ്വദേശിനിയായ യുവതിയെ 2022 ജനുവരി മാസം ഒമാനിൽ ടീച്ചർ ജോലി വാഗ്ദാനം ചെയ്ത് കൊണ്ട് പോകുകയും, എന്നാൽ പറഞ്ഞ ജോലി നൽകാതെ മറ്റൊരു വീട്ടിൽ നിർബന്ധിച്ച് വീട്ടുജോലിക്ക് അയക്കുകയും തിരിച്ച് നാട്ടിലേക്ക് പോരാൻ സമ്മതിക്കാതെ അവിടെ തടഞ്ഞുവയ്ക്കുകയും ചെയ്തു.

യുവതിയുടെ അമ്മ നൽകിയ പരാതിയെ തുടര്‍ന്ന് പാലാ പോലീസ് മനുഷ്യക്കടത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ഈ കേസിലെ മറ്റൊരു പ്രതിയായ സിദ്ദിക്കിനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇയാളെ അറസ്റ്റ് ചെയ്തതറിഞ്ഞ് ഒന്നാം പ്രതിയായ മനോജ്‌ ഒളിവില്‍ പോവുകയായിരുന്നു. തുടർന്നുള്ള ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ എറണാകുളം മറൈൻ ഡ്രൈവ് ഭാഗത്ത് നിന്നും അന്വേഷണ സംഘം പിടികൂടുകയായിരുന്നു.

പ്രതികൾ സോഷ്യൽ മീഡിയ വഴി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് വിദേശത്ത്‌ സൗജന്യമായി ജോലി സംഘടിപ്പിച്ച് കൊടുക്കാമെന്ന് പറഞ്ഞ് ഫോൺ നമ്പർ കരസ്ഥമാക്കിയ ശേഷം ഒറിജിനൽ ജോബ് വിസ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിസിറ്റിങ്ങ് വിസയിൽ ആളുകളെ ഗൾഫിലേക്ക് കയറ്റിവിടുകയായിരുന്നു. മനോജിന് പെരുവന്താനം, മുണ്ടക്കയം, കൊട്ടാരക്കര, മണ്ണന്തല, പത്തനംതിട്ട എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ നിലവിലുണ്ട്.

ഈ കേസിൽ വേറെയും പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. പാലാ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ.ഷാജി സെബാസ്റ്റ്യൻ സി.പി.ഓ മാരായ ജസ്റ്റിൻ ജോസഫ്, രഞ്ജിത്ത് സി, ജോഷി മാത്യു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.