ഫിനിക്‌സ് വിദേശ ജോലി തട്ടിപ്പ്: സ്ഥാപനത്തിന്റെ ഉടമ റോബിൻ വിദേശത്തേയ്ക്ക് കടന്നു; വിദേശത്തേയ്ക്ക് മുങ്ങിയത് സംസ്ഥാനത്തിന് പുറത്തെ വിമാനത്താവളത്തിൽ നിന്ന്; അഞ്ചു ദിവസത്തെ മറവിൽ കോടികൾ തട്ടിയെടുത്ത് പ്രതി കടന്നതായി സൂചന

ഫിനിക്‌സ് വിദേശ ജോലി തട്ടിപ്പ്: സ്ഥാപനത്തിന്റെ ഉടമ റോബിൻ വിദേശത്തേയ്ക്ക് കടന്നു; വിദേശത്തേയ്ക്ക് മുങ്ങിയത് സംസ്ഥാനത്തിന് പുറത്തെ വിമാനത്താവളത്തിൽ നിന്ന്; അഞ്ചു ദിവസത്തെ മറവിൽ കോടികൾ തട്ടിയെടുത്ത് പ്രതി കടന്നതായി സൂചന

തേർഡ് ഐ ബ്യൂറോ

കോട്ടയം: എസ്എച്ച് മൗണ്ടിലെ ഫിനിക്‌സ് കൺസൾട്ടൻസി ആൻഡ് ട്രാവൽ ഏജൻസിയുടെ മറവിൽ തട്ടിപ്പ് നടത്തിയ സ്ഥാപന ഉടമ റോബിൻ മാത്യു വിദേശത്തേയ്ക്ക് കടന്നതായി സൂചന. തട്ടിപ്പ് നടത്തിയ ശേഷം ലഭിച്ച തുക വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ച ശേഷമാണ് പ്രതി വിദേശത്തേയ്ക്ക് കടന്നതെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന സൂചന. സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ പൊലീസ് നിരീക്ഷണമുണ്ടാകുമെന്നു സൂചന ലഭിച്ചതിനെ തുടർന്ന് പ്രതി സംസ്ഥാനത്തിന് പുറത്തെ വിമാനത്താവളത്തിൽ നിന്നാണ് രക്ഷപെട്ടതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിക്കുന്ന സൂചന. കൈപ്പുഴ ഇടമറ്റം റോബിൻ മാത്യു (30)വാണ് സാധാരണക്കാരുടെ അഞ്ചു കോടി രൂപ തട്ടിയെടുത്ത ശേഷം വിദേശത്തേയ്ക്ക് കടന്നിരിക്കുന്നത്.
ഏപ്രിൽ 26 വെള്ളിയാഴ്ചയാണ് എസ്.എച്ച് മൗണ്ടിലെ ഫിനിക്‌സ് എന്ന സ്ഥാപനം അടച്ചു പൂട്ടി റോബിൻ സാധാരണക്കാരായ ഉദ്യോഗാർത്ഥികളുടെ അഞ്ചു കോടിയോളം രൂപ തട്ടിയെടുത്തത്. ഇതേ തുടർന്ന് ഉദ്യോഗാർത്ഥികൾ പരാതിയുമായി എത്തിയതോടെയാണ് തിങ്കളാഴ്ച ഗാന്ധിനഗർ പൊലീസ് റോബിനെതിരെ കേസ് രജിസ്റ്റർ ചെയ്തതും. തുടർന്ന് റോബിന്റെ സ്ഥാപനത്തിലും വീട്ടിലും പരിശോധന നടത്തിയ പൊലീസ് സംഘം ഇവിടെ നിന്നും രേഖകളും പണം അടക്കമുള്ളവയും പിടിച്ചെടുത്തിരുന്നു. തുടർന്നാണ് റോബിനെതിരെ 11 കേസ് പൊലീസ് രജിസ്റ്റർ ചെയ്തതും അന്വേഷണം ആരംഭിച്ചതും.
എന്നാൽ, വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയുള്ള സമയം ലഭിച്ചതിനാൽ പ്രതിയായ റോബിൻ വിദേശത്തേയ്ക്ക് കടന്നതായാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. ഇയാൾ സംസ്ഥാനത്തിന് പുറത്തെ വിമാനത്താവളത്തെയാണ് ഇതിനായി ആശ്രയിച്ചിരിക്കുന്നതെന്നാണ് അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്. ഇതേ തുടർന്ന് ഇയാൾ പോകാൻ സാധ്യതയുള്ള വിദേശ രാജ്യങ്ങളിലേയ്ക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, വിദേശത്ത് പോയ പ്രതിയെ ഏത് രീതിയിൽ സംസ്ഥാനത്തേയ്ക്ക് തിരികെ എത്തിക്കുമെന്നാണ് പൊലീസ് പരിശോധിക്കുന്നത്.