പ്രശസ്തയായ നടിയുടെ മുമ്പിൽ തൊഴുകൈകളോടെ നിന്ന ആ പുതുമുഖ നടൻ പതുക്കെ മലയാള സിനിമയിലെ തിരക്കുള്ള നടനായി മാറി : താൻ തൊഴുതു നിന്ന നടിയെ പ്രേമിച്ച് കല്യാണം കഴിക്കുകയും ചെയ്തു. പ്രേമവും കല്യാണവുമൊക്കെ മലയാള സിനിമയ്ക്ക് പുത്തരിയല്ല: എങ്കിലും ഇവർ ആരെന്നറിയുമോ?
കോട്ടയം: 1988-ലാണ് സംഭവം .
ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോയിൽ പത്മരാജന്റെ അപരൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു .
കലാഭവനിൽ മിമിക്രിയിലൂടെ പ്രശസ്തനായ ഒരു പുതുമുഖ നടനാണ് നായകൻ.
ശാലീന സൗന്ദര്യം കൊണ്ട് യുവതലമുറയുടെ സ്വപ്ന റാണിയായി മാറിയ ചിത്രത്തിലെ നായികയുടെ മുമ്പിൽ ഇരിക്കാൻ പുതുമുഖനായകന് ആകെ
ഒരു വിമ്മിഷ്ടം.
പ്രശസ്തയായ നടിയുടെ മുമ്പിൽ തൊഴുകൈകളോടെ നിന്ന ആ ചെറുപ്പക്കാരൻ പതുക്കെ പതുക്കെ മലയാള സിനിമയിലെ തിരക്കുള്ള നടനായി മാറി.
തന്റെ ആരാധനാവിഗ്രഹമായിരുന്ന നായികയെ ജീവിത സഖിയുമാക്കി .
ഈ കഥാനായകന്റെ
പേര് ജയറാം .
നായികയുടെ പേര് പാർവ്വതി .
പത്തനംതിട്ട ജില്ലയിലെ കവിയൂരിന്നടുത്തുള്ള തിരുവല്ലയിലാണ് പാർവ്വതി എന്ന അശ്വതി കുറുപ്പ് ജനിച്ചത്.
ശോഭന, കാർത്തിക, ആനി ,നന്ദിനി, ഉഷ തുടങ്ങിയ നായികമാരെ മലയാളത്തിനു സംഭാവനചെയ്ത സാക്ഷാൽ ബാലചന്ദ്രമേനോൻ തന്നെയാണ് അശ്വതി കുറുപ്പിനെ പാർവ്വതി എന്ന പേരിൽ
“വിവാഹിതരേ ഇതിലെ ഇതിലെ “എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് പരിചയപ്പെടുത്തുന്നത്.
ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറാൻ പാർവ്വതിക്ക് കഴിഞ്ഞു.
പരൽമീനുകളെ പോലെ ഒഴുകി നടക്കുന്ന കവിത തുളുമ്പുന്ന കണ്ണുകളായിരുന്നു പാർവ്വതിയെ മലയാളക്കരയുടെ അരുമയാക്കിയത് .
കമലിന്റെ ” പെരുവണ്ണാപുരത്തെ വിശേഷങ്ങൾ ” എന്ന സിനിമയുടെ സെറ്റിൽ നിന്നായിരുന്നുവത്രെ പാർവ്വതിയുടേയും ജയറാമിന്റേയും പ്രണയം പൂവിടുന്നത്.
“തലയണമന്ത്രം “എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സംവിധായകനായ സത്യൻ അന്തിക്കാടിന് ഒരു ചെറിയ സംശയം .
ജയറാമിന്റേയും പാർവ്വതിയുടേയും കണ്ണുകൾ തമ്മിൽ എന്തൊക്കെയോ കഥകൾ പറയുന്നു.
സംശയം സുഹൃത്തായ ശ്രീനിവാസനുമായി പങ്കു വച്ചതോടെ ശ്രീനിവാസൻ രഹസ്യ പോലീസിന്റെ
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോളിലേക്ക് മാറി.
രണ്ടുദിവസത്തിനകം ശ്രീനിവാസന്റെ റിപ്പോർട്ട് സെറ്റിൽ ഫ്ളാഷായി.
ലൊക്കേഷനിൽ പാർവ്വതി , ജയറാം ഒഴിച്ച് മറ്റെല്ലാവരോടും സംസാരിക്കുന്നുണ്ട്.
ആ കള്ള ലക്ഷണം മണത്തറിഞ്ഞതോടെ ശ്രീനിവാസന് ഇവരുടെ രോഗം പിടി കിട്ടുകയും ചെയ്തു.
എന്തായാലും “ശുഭയാത്ര ” എന്ന സിനിമ പാർവ്വതിയുടേയും ജയറാമിന്റേയും ജീവിതയാത്രയുടെ ശുഭയാത്രയായി മാറി .
ആ അനുരാഗനദി ഇപ്പോഴും ഒഴുകിക്കൊണ്ടേയിരിക്കുന്നു…
ഭരതൻ സംവിധാനം ചെയ്ത
“ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം “എന്ന ചിത്രം പുറത്തുവന്നതോടെ പാർവ്വതിയുടെ വശ്യസൗന്ദര്യം ഒരു അല്ലിയാമ്പൽ
പൂ പോലെ കേരളീയ മനസ്സിലേക്ക് പടർന്നു
കയറാൻ തുടങ്ങി.
“മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി ….”
എന്ന ഒഎൻവി കുറുപ്പിന്റെ വരികൾക്ക് ജോൺസൺ പകർന്ന അനുപമമായ സംഗീതത്തിലൂടെ
പാർവ്വതി വെള്ളിത്തിരയിൽ നിറഞ്ഞു നിന്നപ്പോൾ പ്രേക്ഷകർക്ക് അതൊരു കൈക്കുടന്ന നിലാവിന്റെ കുളിരുപോലെയായിരുന്നു അനുഭവപ്പെട്ടത് .
ഹരികുമാറിന്റെ ” ജാലക “ത്തിൽ
ഓ എൻ വി കുറുപ്പിന്റെ മറ്റൊരു
മനോജ്ഞമായ കവിതക്ക് മുഖപ്രസാദം നൽകാൻ
പാർവ്വതിക്ക് കഴിഞ്ഞു.
“ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർമുകുളമായ്
നീയെന്റെ മുന്നിൽ നിന്നു …”
എന്ന മനോഹരമായ വരികൾ
ഇന്നും സംഗീത പ്രേമികൾക്ക് ദീപ്തമായ ചില സ്മരണകൾ പകർന്നു നൽകുന്നുണ്ട്.
“ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി … ”
(തൂവാനത്തുമ്പികൾ )
“കണ്ണീർ പൂവിന്റെ കവിളിൽ
തലോടി … ” (കിരീടം )
“പൂവിതൾ തൂവൽത്തുമ്പാലെ … ”
( ഉത്സവപിറ്റേന്ന് )
“പൂ വേണം പൂപ്പട വേണം ..”
(ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം )
“ശ്യാമമേഘമേ … ” (അധിപൻ)
“സായന്തനം ചന്ദ്രിക …”
(കമലദളം)
“ദും ദും ദും ദുന്ദുഭി നാദം …’ (വൈശാലി)
“ഏദൻതാഴ് വരയിൽ
ചിരിതൂകും ലില്ലിപ്പൂവേ …”
(കുറുപ്പിന്റെ കണക്കുപുസ്തകം)
“മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ …” ( സ്വാഗതം )
“മിഴിയെന്തേ മിന്നി … ”
(ശുഭയാത്ര )
എന്നിങ്ങനെ എത്രയോ മനോഹരഗാനങ്ങൾ പാർവ്വതിയുടെ മുഖശ്രീയിലൂടെ മലയാളികൾക്ക് അനുഭവവേദ്യമായിരിക്കുന്നു.
1970 ഏപ്രിൽ 4-ന് കവിയൂരിൽ ജനിച്ച പാർവ്വതിയുടെ ജന്മദിനമാണിന്ന്…
ഒരു ദളം മാത്രം വിടർന്നൊരു ചെമ്പനീർ മുകുളം പോലെ പോലെ മലയാളിയുടെ മനസ്സിൽ നിത്യവസന്തം വിരിയിച്ച
പ്രിയ നായികയ്ക്ക് പിറന്നാളാശംസകൾ