കമ്പനിക്കാരുടെ കമ്മിഷന് ജവാനെ മുക്കി: ഡാമേജിന്റെ പേരിൽ ജീവനക്കാർ ‘പൊട്ടിച്ച് അകത്താക്കുന്നത്’ ലക്ഷങ്ങളുടെ മദ്യം: ബിവറേജസ് കോർപ്പറേഷനിലെ റെയിഡിൽ കണ്ടത് കള്ളത്തരങ്ങളുടെ കൂമ്പാരം

കമ്പനിക്കാരുടെ കമ്മിഷന് ജവാനെ മുക്കി: ഡാമേജിന്റെ പേരിൽ ജീവനക്കാർ ‘പൊട്ടിച്ച് അകത്താക്കുന്നത്’ ലക്ഷങ്ങളുടെ മദ്യം: ബിവറേജസ് കോർപ്പറേഷനിലെ റെയിഡിൽ കണ്ടത് കള്ളത്തരങ്ങളുടെ കൂമ്പാരം

തേർഡ് ഐ ബ്യൂറോ
കോട്ടയം: വൻകിട മദ്യക്കമ്പനിക്കാരുടെ കമ്മിഷനു വേണ്ടി ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിൽ നിന്നും ജീവനക്കാർ ജവാനെ മുക്കുന്നതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. ജനപ്രിയ ബ്രാൻഡും സർക്കാർ നിർമ്മിതമദ്യവുമായ ജവാനെയും ഫാർമറെയും മാറ്റി നിർത്തിയാണ് ബിവറേജസ് ജീവനക്കാരുടെ ഒത്തുകളി നടക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. മദ്യക്കുപ്പികൾ ഡാമേജായെന്നതിന്റെ മറവിൽ പ്രതിമാസം 15,000 മുതൽ 25,000 രൂപയുടെ വരെ മദ്യം ജീവനക്കാർ അകത്താക്കുന്നതായും വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ജില്ലയിൽ പരിശോധന നടത്തിയ ഏഴു ബിവറേജസ് കോർപ്പറേഷനിലും ഇത്തരത്തിൽ ്ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ട് ഏഴര മുതൽ അർധരാത്രി വരെ  കോട്ടയം ഗാന്ധിനഗർ, പള്ളിക്കത്തോട്, ചിങ്ങവനം, മുണ്ടക്കയം, കടുത്തുരുത്തി ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലകളിലും, പാലായിലെയും ഏറ്റുമാനൂരിലെയും കൺസ്യൂമർഫെഡിന്റെ ചില്ലറ വിൽപ്പന ശാലകളിലായിരുന്നു വിജിലൻസ് സംംഘം വിശദമായി പരിശോധന നടത്തിയത്. വിജിലൻസ്  എസ്.പി വി. ജി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ, ഡിവൈഎസ്പിമാരായ എസ്.സുരേഷ്‌കുമാർ, എം.കെ മനോജ്, സി. ഐമാരായ എ.ജെ തോമസ്, നിഷാദ്‌മോൻ, റിജോ പി ജോസഫ്, മുബാറക്, ജെർലിൻ സ്‌കറിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഗാന്ധിനഗറിലെ ബിവറേജിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ വിൽപ്പന നടത്തിയതായി കണ്ടെത്തിയ ബില്ലും തുകയും തമ്മിൽ അന്തരമാണ് കണ്ടെത്തിയിരിക്കുന്നത്. ഏപ്രിൽ മാസം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ, ഡാമേജ് രജിസ്റ്ററിൽ 2000 രൂപയുടെ മാത്രം നാശനഷ്ടമാണ് കാണിച്ചത്. എന്നാൽ, മുൻ മാസങ്ങളിൽ 20,000 മുതൽ 25000 രൂപയുടെ വരെ നാശനഷ്ടം കാണിക്കുന്നുണ്ട്. ഇത് ജീവനക്കാർ മദ്യം എടുത്ത ശേഷം ഡാമേജ് ഇനത്തിൽ എഴുതുന്നതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മറ്റെല്ലാം ബിവറേജിലും ഇതേ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.
മദ്യം പൊതിഞ്ഞു നൽകാൻ  പ്രതിദിനം അൻപത് കിലോ പത്രം വാങ്ങുന്നതായാണ് കണക്ക്. എന്നാൽ, പരിശോധന നടത്തിയപ്പോൾ ഇവിടെ പേരിനു പോലും പത്രമുണ്ടായിരുന്നില്ല. മദ്യം പൊതിഞ്ഞു നിൽക്കുന്നില്ലെന്ന് മദ്യപാനികളും പരാതിപ്പെട്ടിരുന്നു. ഇതുകൂടാതെയാണ് മദ്യത്തിന്റെ പേരും, വിലയും അളവും രേഖപ്പെടുത്തിയ ബോർഡ് ബിവറേജിനു മുന്നിൽ സ്ഥാപിച്ചിട്ടില്ലെന്നും വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
ജനപ്രിയ ബ്രാൻഡുകളായ ജവാൻ, ഫാർമർ ബ്രാൻഡുകൾ ആവശ്യത്തിനു സ്റ്റോക്കുണ്ടെങ്കിലും നൽകുന്നില്ലെന്നും കണ്ടെത്തി. സ്വകാര്യ കമ്പനികളുടെ ബ്രാൻഡുകൾ വിറ്റാൽ ഇതിന് കമ്പനികൾ കമ്മിഷൻ നൽകും. ഇതിനു വേണ്ടിയാണ് ജവാൻ അടക്കമുള്ള ബ്രാൻഡുകൾ വിൽക്കാതെ മാറ്റി വയ്ക്കുന്നതെന്നാണ് കണ്ടെത്തൽ. പല ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലകളിലും രണ്ടു ജീവനക്കാർ മാത്രമാണ് പലപ്പോഴും ജോലിയിൽ ഉണ്ടാകുക. ബാക്കിയുള്ളവർ താല്കാലിക ജീവനക്കാർ മാത്രമാവും. അതുകൊണ്ടു തന്നെ ഇവരുടെ ഉത്തരവാദിത്വവും കുറവായിരിക്കുമെന്നും ഇത് തങ്ങളെ ബാധിക്കുന്നുണ്ടെന്നും ജീവനക്കാർ പരാതിപ്പെടുന്നു. ബില്ലിൽ കുറവുണ്ടായാൽ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും തുക പിടിക്കും. പക്ഷേ, ഇതിനായുള്ള രജിസ്റ്റർ പക്ഷേ കൃത്യമായി പരിപാലിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.