ഉപയോക്താക്കൾ വർധിച്ചെങ്കിലും ഉൽപ്പാദനം വർധിപ്പിക്കാൻ കഴിയാത്ത അവസ്ഥയിൽ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ്; മലബാർ ഡിസ്റ്റലറി തുറക്കണമെന്ന ആവശ്യവുമായി ബെവ്കോ

ഉപയോക്താക്കൾ വർധിച്ചെങ്കിലും ഉൽപ്പാദനം വർധിപ്പിക്കാൻ കഴിയാത്ത അവസ്ഥയിൽ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ്; മലബാർ ഡിസ്റ്റലറി തുറക്കണമെന്ന ആവശ്യവുമായി ബെവ്കോ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സർക്കാർ മേഖലയിൽ മദ്യ ഉൽപ്പാദനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബവ്റിജസ് കോർപറേഷൻ സർക്കാരിനു കത്തു നൽകി. സർക്കാർ അനുകൂല നിലപാടായതിനാൽ പുതിയ എക്സൈസ് നയത്തിന്റെ ഭാഗമായി പ്രഖ്യാപനമുണ്ടാകും. ജവാൻ റമ്മിന്റെ ഉൽപ്പാദനം വർധിപ്പിക്കണമെന്നും മലബാർ ഡിസ്റ്റലറി തുറക്കണമെന്നുമാണ് ബെവ്കോയുടെ പ്രധാന ആവശ്യം.

തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് ആണ് ജവാന്റെ ഉൽപ്പാദകർ. ഉപയോക്താക്കൾ വർധിച്ചെങ്കിലും ഉൽപ്പാദനം വർധിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കമ്പനി. നിലവിൽ 4 ലൈനുകളിലായി 7,500 കെയ്സ് മദ്യമാണ് ഒരു ദിവസം ഉൽപ്പാദിപ്പിക്കുന്നത്. സംസ്ഥാനത്തെ 23 വെയർഹൗസുകളിൽ വിതരണമുണ്ടെങ്കിലും ആവശ്യക്കാർക്കു പലയിടത്തും ജവാൻ മദ്യം ലഭിക്കുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

6 ഉൽപ്പാദന ലൈനുകൾ കൂടി അനുവദിക്കണമെന്നാണ് ബെവ്കോയുടെ ആവശ്യം. 6 ലൈൻ കൂടി വന്നാൽ പ്രതിദിനം 10,000 കെയ്സ് അധികം ഉൽപ്പാദിപ്പിക്കാൻ കഴിയും. ഒരു ലൈൻ സ്ഥാപിക്കാൻ 30 ലക്ഷംരൂപ ചെലവാകുമെന്നാണ് കമ്പനിയുടെ കണക്ക്. ഒരു ലൈനിൽ 27 താൽക്കാലിക ജീവനക്കാർ എന്ന നിലയിൽ ആറു ലൈനുകളിലായി 160ൽ അധികം ജീവനക്കാർ വേണ്ടിവരും.

ഇതിനുപുറമേ, കമ്പനിക്കു മേൽനോട്ടക്കാരെ അടക്കം പുതിയ ജീവനക്കാരെ അധികമായി നിയമിക്കേണ്ടി വരും. നിലവിലുള്ള ടാങ്കിന്റെ ശേഷി കൂട്ടി 6 ബ്ലെൻഡിങ് ടാങ്കുകൾ പുതുതായി സ്ഥാപിക്കണം. ജവാന്റെ 1.50 ലക്ഷം കെയ്സ് മദ്യമാണ് ഒരു മാസം വിൽക്കുന്നത്. ജവാൻ റം പ്ലാസ്റ്റിക് കുപ്പിയിൽനിന്ന് ചില്ലുകുപ്പിയിലേക്കു മാറ്റാൻ കമ്പനി ടെൻഡർ വിളിച്ചിട്ടുണ്ട്.

സർക്കാർ പലതവണ ചർച്ചകൾ നടത്തിയിട്ടും മലബാർ ഡിസ്റ്റലറീസ് തുറക്കാൻ കഴിഞ്ഞിരുന്നില്ല. കിറ്റ്കോ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ചിറ്റൂർ ഷുഗേഴ്സിൽനിന്ന് 3 ഏക്കർ ഒഴികെ ശേഷിക്കുന്ന ഭൂമി മലബാർ ഡിസ്റ്റലറീസിനു കൊടുക്കാന്‍ തീരുമാനിച്ചു. എന്നാൽ, നടപടികൾ മുന്നോട്ടു പോയില്ല.

2018ൽ മലബാർ ഡിസ്റ്റലറിക്കു പ്രവർത്തിക്കാൻ അനുമതി കൊടുത്തെങ്കിലും ബ്രൂവറി വിവാദം ഉണ്ടായപ്പോൾ സർക്കാർ പിന്തിരിഞ്ഞു. ബവ്കോയുടെ കത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ചർച്ചയിൽ മലബാർ ഡിസ്റ്റലറി എത്രയും വേഗം തുറക്കാൻ നടപടികൾ ആരംഭിക്കാനാണ് എക്സൈസ് മന്ത്രി നിർദേശിച്ചത്.