play-sharp-fill
ജസ്ന തിരോധാനകേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി : ജസ്നയുടെ അജ്ഞാത സുഹൃത്തിനെ തേടി സിബിഐ

ജസ്ന തിരോധാനകേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി : ജസ്നയുടെ അജ്ഞാത സുഹൃത്തിനെ തേടി സിബിഐ

 

തിരുവനന്തപുരം: ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച്‌ കോടതി. ജസ്‌നയുടെ പിതാവ് ജെയിംസ് സമർപ്പിച്ച ഹർജിയിലാണ് തിരുവനന്തപുരം സി.ജെ.എം കോടതിയുടെ ഉത്തരവ്.

 

പിതാവ് നല്‍കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്ന് കോടതി സിബിഐയ്ക്ക് നിർദ്ദേശം നല്‍കി. മുദ്രവെച്ച കവറില്‍ നല്‍കിയ തെളിവുകള്‍ അന്വേഷണ ചുമതലയുള്ള എസ്‌പിക്ക് കോടതി കൈമാറി. ജസ്‌നയുടെ സുഹൃത്തിന്റെ ഫോട്ടോ അടക്കം ഇതിലുണ്ടെന്നാണ് സൂചന.

 

തുടരന്വേഷണത്തില്‍ തെളിവുകള്‍ ഗുണകരമാകുമെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ജസ്‌നയുടെ പിതാവ് ജെയിംസ് പറഞ്ഞു. ജസ്‌ന തിരോധാനത്തിന് പിന്നാലെ നടത്തിയ സമാന്തര അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. കേസുമായി ബന്ധപ്പെട്ട ചില ഫോട്ടോകളും സൂചനകളും നല്‍കിയിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. വ്യാഴാഴ്ച പ്രാർത്ഥനാലയവുമായി ബന്ധപ്പെട്ടാണ് അച്ഛന്റെ സംശയങ്ങള്‍. മുണ്ടക്കയത്തെ പ്രാർത്ഥനാലയത്തിന് തിരോധാനത്തില്‍ പങ്കുണ്ടെന്നാണ് അച്ഛന്റെ നിലപാട്. ഇവിടെ ജസ്‌നയെ പ്രാർത്ഥനയ്ക്ക് കൊണ്ടു പോയ സുഹൃത്താണ് വില്ലനെന്നും പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ജസ്ന അജ്ഞാത സുഹൃത്തിനാല്‍ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സിബിഐ. അന്വേഷണം എത്തിയില്ലെന്നും മകളുടെ തിരോധാനത്തിനു പിന്നിലെ അജ്ഞാതസുഹൃത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. ജസ്‌ന കൊല്ലപ്പെട്ടുവെന്നും അച്ഛൻ കരുതുന്നു. മുണ്ടക്കയം വിട്ട് മകള്‍ പോയിട്ടില്ലെന്നാണ് അച്ഛന്റെ നിലപാട്.

 

സിബിഐ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നും കുടുംബത്തിന് ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു. മുദ്രവച്ച കവറില്‍ ചില തെളിവുകളും ഹാജരാക്കി. ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുണ്ടെന്നും ആറു മാസം കൂടി സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ജെസ്‌നയുടെ പിതാവ് ആവശ്യപ്പെട്ടത്.

 

ജസ്‌ന വീട്ടില്‍നിന്ന് പോകുന്നതിനു ദിവസങ്ങള്‍ക്ക് മുൻപ് രക്തസ്രാവം ഉണ്ടായെന്നും ഇതിന്റെ കാരണങ്ങള്‍ സിബിഐ പരിശോധിച്ചില്ലെന്നും പിതാവ് ആരോപിച്ചിരുന്നു. വീട്ടില്‍നിന്ന് പോകുന്നതിന് തലേദിവസവും രക്തസ്രാവം ഉണ്ടായി. രക്തം പുരണ്ട വസ്ത്രങ്ങള്‍ പരിശോധനയ്ക്കായി ക്രൈംബ്രാഞ്ച് കൊണ്ടുപോയി. പിന്നീട് അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. ജസ്‌ന രഹസ്യമായി പ്രാർത്ഥിക്കാൻ പോകുന്ന സ്ഥലത്തെക്കുറിച്ച്‌ സിബിഐ പരിശോധിച്ചില്ല. കാണാതാകുന്ന ദിവസം ജസ്‌നയുടെ കയ്യില്‍ 60,000 രൂപയുണ്ടായിരുന്നു. ഇത് വീട്ടുകാർ നല്‍കിയതല്ല. ജെസ്‌നയുടെ കൂട്ടുകാരെ വിശദമായി ചോദ്യം ചെയ്തില്ല. ജെസ്‌നയുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും പിതാവ് ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.