നാടുനീളെ ജനസേവന കേന്ദ്രങ്ങള്‍, പക്ഷേ സേവനം പണിതരാതെ നോക്കണം; തിരക്കൊഴിവാക്കാന്‍ അക്ഷയകേന്ദ്രത്തില്‍ പോകാന്‍ മടിക്കുന്നവര്‍ കയറിച്ചെല്ലുന്നത്  ജനസേവന കേന്ദ്രങ്ങളിലേക്ക്; വസ്തു ഉടമ അറിയാതെ കരം അടച്ച് കോടികളുടെ ലോൺ തട്ടിപ്പ് നടത്തുന്നതിന് പിന്നിലും ജനസേവന കേന്ദ്രങ്ങൾ; ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് പൊലീസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്

നാടുനീളെ ജനസേവന കേന്ദ്രങ്ങള്‍, പക്ഷേ സേവനം പണിതരാതെ നോക്കണം; തിരക്കൊഴിവാക്കാന്‍ അക്ഷയകേന്ദ്രത്തില്‍ പോകാന്‍ മടിക്കുന്നവര്‍ കയറിച്ചെല്ലുന്നത് ജനസേവന കേന്ദ്രങ്ങളിലേക്ക്; വസ്തു ഉടമ അറിയാതെ കരം അടച്ച് കോടികളുടെ ലോൺ തട്ടിപ്പ് നടത്തുന്നതിന് പിന്നിലും ജനസേവന കേന്ദ്രങ്ങൾ; ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് പൊലീസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍

കോട്ടയം : സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കാന്‍ അംഗീകാരമുണ്ടെന്ന പേരിൽ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് പൊലീസ് ഇന്റലിജന്‍സ് വിഭാഗം. കോവിഡ് കാലത്ത് സേവനങ്ങള്‍ ഓണ്‍ലൈനായപ്പോള്‍ അക്ഷയകേന്ദ്രങ്ങളില്‍ തിരക്ക് വര്‍ധിച്ചതോടെയാണ് ജനസേവന കേന്ദ്രങ്ങള്‍ കൂണ് പോലെ മുളച്ച് തുടങ്ങിയത്. പക്ഷേ, തിരക്ക് ഒഴിവാക്കാന്‍ അധിക തുക നല്‍കി എത്തുന്നവർക്ക് അവരറിയാതെ ചോര്‍ത്തിയെടുക്കുന്ന പരിപാടിയാണ് മിക്ക ജനസേവ കേന്ദ്രങ്ങളിലും നടക്കുന്നത്.

ഇന്നത്തെ ലോകത്ത് ഏറ്റവും വിലപിടിപ്പുള്ളതും സൂക്ഷിക്കാന്‍ ഏറെ പ്രയാസമുള്ളതുമായ ഒരു കാര്യമാണ് ഡാറ്റാ. സ്വകാര്യ ഡാറ്റ എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് അധാറുമായി ബന്ധപ്പെടുത്തിയ ഓരോ സേവനങ്ങളെയും കുറിച്ചോര്‍ത്താല്‍ മനസ്സിലാകും. ജനസേവന കേന്ദ്രങ്ങളില്‍ ഒരു വ്യക്തിയുടെ വിവരങ്ങള്‍ ഉപയോഗിച്ച് അഞ്ചുതവണ വരെ രജിസ്റ്റര്‍ ചെയ്യാനാകും. ഒന്നോ രണ്ടോ ആവശ്യങ്ങളുമായി വരുന്ന വ്യക്തികളുടെ വിവരങ്ങള്‍ മറ്റൊരാള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യാന്‍ സ്വകാര്യ ഏജന്‍സികള്‍ വരെ സജീവമാണ്. വ്യക്തിഗത വിവരങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറേണ്ടതില്ലെന്ന തിരിച്ചറിവാണ് ആദ്യമുണ്ടാകേണ്ടത്. വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി അപേക്ഷകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ ഉള്‍പ്പെടെ കൈമാറിയാണ് പോകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വന്തമായി അയക്കാന്‍ കഴിയുമെങ്കിലും സാങ്കേതിക ജ്ഞാനത്തിന്റെ കുറവും അസൗകര്യവും കാരണം പലരും അക്ഷയ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇത്തരം അംഗീകൃത സേവന കേന്ദ്രങ്ങളില്‍ അനുഭവപ്പെടുന്ന തിരക്കില്‍ നിന്ന് രക്ഷ തേടുന്നവരാണ് സ്വകാര്യ ജനസേവന കേന്ദ്രങ്ങളുടെ ‘കെണി’യില്‍ അകപ്പെട്ട് വലിയ കുരുക്കില്‍ തലയിടുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ നല്‍കുന്നില്ലെന്ന് താലൂക്ക് തഹസില്‍ദാര്‍മാര്‍, തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ പരിശോധന നടത്തി ഉറപ്പാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെങ്കിലും ഇത് എത്രത്തോളം പാലിക്കപ്പെടുന്നുണ്ടെന്ന കാര്യത്തില്‍ പഠനങ്ങള്‍ ആവശ്യമാണ്.

കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ ജനസേവാ കേന്ദ്രത്തിൽ ഉടമ അറിയാതെ വസ്തുവിന്റെ കരം അടച്ച് തട്ടിപ്പ് നടത്തിയതായുള്ള വിവരവും പുറത്തുവന്നു. ഇത്തരത്തിൽ നൂറ് കണക്കിന് പേരുടെ വസ്തുക്കരമാണ് ജനസേവന കേന്ദ്രത്തിൽ അനധികൃതമായി അടച്ചത്. ഇതിന് പിന്നിൽ കോടികളുടെ തട്ടിപ്പ് നടക്കുന്നതായാണ് തേർഡ് ഐ ന്യൂസ് നടത്തിയ അന്വേഷണത്തിൽ മനസിലായത് . ഇത് സംബന്ധിച്ച് തട്ടിപ്പിനിരയായ ഏഴോളം വസ്തു ഉടമകൾ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പരാതി നല്കാൻ തയ്യാറെടുക്കുകയാണ്

സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തില്‍ 2002ല്‍ പ്രവര്‍ത്തനമാരംഭിച്ച സേവന സംവിധാനമായ അക്ഷയ കേന്ദ്രങ്ങള്‍ ജില്ലാ കളക്ടര്‍ കോ ഓര്‍ഡിനേറ്റ് ചെയ്യുന്ന കണ്‍ട്രോളിംഗ് ബോഡിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലായതിനാല്‍ പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന രേഖകള്‍ സുരക്ഷിതമായിരിക്കും. സര്‍ക്കാര്‍ നല്‍കുന്ന ലോഗിന്‍ ആയതിനാല്‍ വിശ്വസ്തതയോടെ ഉപയോഗിക്കാം. കുറച്ച് സമയം കാത്തിരുന്നാലും കൈമാറിയ രേഖകളുടെ സ്വകാര്യത സംരക്ഷിക്കുമെന്നതാണ് അക്ഷയ കേന്ദ്രങ്ങളുടെ നേട്ടം. ഇനി സ്വയം തീരുമാനിക്കാം, അല്പം തിരക്ക് സഹിക്കണോ, എളുപ്പവഴിയിലൂടെ വലിയ കെണിയില്‍ തല വയ്ക്കണോ എന്ന്..!