play-sharp-fill
ഐസിറ്റി അക്കാദമിയുടെ അഞ്ചാമത് അന്താരാഷ്ട്ര കോണ്‍ക്ലേവ് ‘ഐസിഎസ്ഇറ്റി2021’ മാര്‍ച്ച് പതിനഞ്ച് പതിനാറ് തിയതികളില്‍

ഐസിറ്റി അക്കാദമിയുടെ അഞ്ചാമത് അന്താരാഷ്ട്ര കോണ്‍ക്ലേവ് ‘ഐസിഎസ്ഇറ്റി2021’ മാര്‍ച്ച് പതിനഞ്ച് പതിനാറ് തിയതികളില്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് കാലത്തെ നവ സാധാരണത്തെ ആസ്പദമാക്കി ഐസിറ്റി അക്കാദമി ഓഫ് കേരളയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ദ്വിദിന കോണ്‍ക്ലേവ് മാര്‍ച്ച് പതിനഞ്ച്, പതിനാറ് തീയതികളില്‍ നടക്കും. വെര്‍ച്വല്‍ മുഖാന്തരം നടക്കുന്ന അഞ്ചാമത് കോണ്‍ക്ലേവിന്റെ ഉദ്ഘാടനം സിഎസ്‌ഐആറിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ആര്‍ എ മഷേല്‍ക്കര്‍ നിര്‍വഹിക്കും. ചടങ്ങില്‍ ഡോ. എപിജെ അബ്ദുല്‍ കലാം ടെക്ക്‌നോളജിക്കല്‍ യുണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം എസ്, ട്രെയില്‍ഹെഡ് അക്കാദമി വൈസ് പ്രസിഡന്റ് വില്ല്യം സിം എന്നിവര്‍ വിശിഷ്ടാതിഥികളാകും. സമ്മേളനത്തില്‍ ഐസിറ്റി അക്കാദമി ചെയര്‍മാന്‍ ഡോ. ടോണി തോമസ് അധ്യക്ഷത വഹിക്കും.

പതിനൊന്ന് മണിക്ക് സമാപിക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം വ്യാവസായിക ഐടി രംഗത്തെ പ്രമുഖര്‍ നയിക്കുന്ന ചര്‍ച്ചകളും സമ്മേളനങ്ങളും തുടരും. നൈപുണ്യം, സാങ്കേതിക വിദ്യ, എന്‍ജിനീയറിംഗ് എന്നീ വിഷയത്തെ ആസ്പദമാക്കിയുള്ള വിഷയങ്ങളാണ് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ക്ലേവില്‍ ചര്‍ച്ചയുടെ ഭാഗമാവുക. കോവിഡാനന്തര കാലഘട്ടത്തിലെ നവ സാധാരണത്തെ അഭിമുഖീകരിച്ച് മുന്നോട്ട് നീങ്ങുന്നതെങ്ങിനെയെന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചകള്‍ക്കായി വ്യവസായിക രംഗത്തെ പ്രഗദ്ഭരായ നിരവധി പേരെ ഒരു കുടക്കീഴിലേക്ക് കൊണ്ടു വരികയാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യമെന്ന്് ഐസിഎസ്ഇറ്റി 2021ന്റെ കോണ്‍ഫറന്‍സ് ചെയര്‍, ഡോ. മനോജ് എ എസ് അഭിപ്രായപ്പെട്ടു. കൂടാതെ, നവ സാധാരണത്തിലെ നവീകരണവും സംരംഭകത്വവവും, നവസാധാരണത്തിലെ ജോലി സാധ്യതകള്‍, ജിവിതശൈലികള്‍, നവ സാധാരണത്തില്‍ ബിസിനസ്സ് രംഗത്ത് സാങ്കേതികതയുടെ പങ്ക്, തുടങ്ങിയ വിഷയങ്ങളിലാകും ദ്വദിന കോണ്‍ക്ലേവില്‍ വിദഗ്ദ്ധര്‍ സംസാരിക്കുക. എന്‍ജിനീയറിംഗ് ആന്‍ഡ് മാനേജ്മെന്റ് രംഗത്തെ വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും, ഗവേഷകര്‍ക്കും വിപുലമായ അവസരങ്ങള്‍ സൃഷ്ടിക്കുവാനാണ് കോണ്‍ക്ലേവ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈന്‍ മുഖാന്തരം നടക്കുന്ന കോണ്‍ക്ലേവില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുമുള്ള 800ല്‍ പരം വിദ്യാര്‍ഥികളും ഗവേഷകരും അധ്യാപകരും പങ്കെടുക്കുമെന്നാണ് അധികൃതര്‍ ഉറ്റുനോക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ടെക്‌നോളജി അധിഷ്ഠിത വിഷയത്തെ ആസ്പദമാക്കിയുള്ള പേപ്പര്‍ അവതരണവും ഉണ്ടായിരിക്കും. ഉദ്ഘാടന ദിവസം യുഎന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാം ഓപ്പറേഷന്‍സ് മാനേജരായ മുരളി തുമ്മാരുക്കുടി നയിക്കുന്ന, ‘നവ സാധാരണ കാലത്തെ ദുരന്തനിവാരണം’ എന്ന വിഷയം ആസ്പദമാക്കിയുള്ള സമ്മേളനവും, രണ്ടാം ദിവസം യുഎഈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഓയും ചെയര്‍മാനും കൂടിയായ ഡോ സോഹന്‍ റോയ് നയിക്കുന്ന പ്രത്യേക ചര്‍ച്ചയും, ദ്വിദിന കോണ്‍ക്ലേവിന്റെ പ്രധാന ആകര്‍ഷണമാണ്. വിദ്യാര്‍ഥികളുടെ സാങ്കേതിക നൈപുണ്യത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സജ്ജമാക്കിയിട്ടുള്ള ടെക്കാത്‌ളോണും കോണ്‍ക്ലേവിന്റെ ഭാഗമാണ്. പതിനാറാം തിയതി നടക്കുന്ന സമാപന ചടങ്ങില്‍ ടെക്കാത്‌ളോണിലും പേപ്പര്‍ അവതരണത്തിലും മികച്ച പ്രകടനം പുറത്തെടുത്തവരെ പ്രഖ്യാപിക്കും.

ധനകാര്യ വകുപ്പ് മന്ത്രി തോമസ്സ് ഐസക്ക് മുഖ്യാതിഥിയായെത്തുന്ന സമാപന സമ്മേളനത്തില്‍, കെ ഡിസ്‌കിന്റെ ചെയര്‍മാന്‍ ഡോ. കെ എം അബ്രഹാം, കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ജിടെക്ക് സെക്രട്ടറി ബിനു ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ ഐസിറ്റിഎകെ ബോര്‍ഡ് അംഗം ദിനേശ് തമ്പി അധ്യക്ഷത വഹിക്കും. ദ്വിദിന കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതിനായി ചുവടെ കൊടുത്തിട്ടുള്ള ലിങ്കില്‍ റെജിസ്റ്റര്‍ ചെയ്യാവുന്നതാണ്. https://icset2021.nowvirtual.live/Register/