ഇസ്രായേൽ – ഇന്ത്യ ബന്ധം ശക്തമാകുന്നു ; ഇനി ശത്രുവിമാനങ്ങൾ അതിർത്തിയിൽ പോലുമെത്തില്ല ;ഇസ്രായേൽ ഇന്ത്യയ്ക്ക് കൈമാറുന്നത് വജ്രായുധങ്ങൾ

ഇസ്രായേൽ – ഇന്ത്യ ബന്ധം ശക്തമാകുന്നു ; ഇനി ശത്രുവിമാനങ്ങൾ അതിർത്തിയിൽ പോലുമെത്തില്ല ;ഇസ്രായേൽ ഇന്ത്യയ്ക്ക് കൈമാറുന്നത് വജ്രായുധങ്ങൾ

സ്വന്തം ലേഖിക

ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു ദിവസത്തെ സന്ദർശനത്തിനായി അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിലെത്തും.നെതന്യാഹു എന്നാണ് എത്തുകയെന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ലെങ്കിലും തന്റെ അടുത്ത സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ചർച്ചകൾ നടത്തുമെന്നാണ് വിവരം. ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി രണ്ട് വ്യോമനിരീക്ഷണ സംവിധാനങ്ങളും (എയർബോൺ വാർണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റംസ് – അവാക്സ്) ആകാശത്തിൽ നിന്നും ആകാശത്തിലേക്ക് തൊടുക്കാൻ കഴിയുന്ന (എയർ ടു എയർ) ഡെർബി മിസൈലും കൈമാറുന്നതിനും കൃഷി, ജലസേചനം, മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനും ഇരുനേതാക്കളും ചർച്ചകൾ നടത്തും.

അതേസമയം, ഇസ്രയേൽ പ്രധാനമന്ത്രിയുടെ സന്ദർശത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നെതന്യാഹുവിന്റെ സുരക്ഷാകാര്യങ്ങൾ വിലയിരുത്തുന്നതിനായി സെപ്തംബർ രണ്ടിന് ഇസ്രയേലിൽ നിന്നുള്ള പ്രത്യേക സംഘം ഡൽഹിയിലെത്തും. സെപ്തംബർ 17ന് ഇസ്രയേലിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുകയാണ്. അതിനാൽ തിരഞ്ഞെടുപ്പിന് മുമ്പ്് തന്നെ നെതന്യാഹു ഇന്ത്യയിലെത്തും. മാത്രവുമല്ല കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ടായി വിഭജിക്കുകയും ചെയ്ത കേന്ദ്രസർക്കാരിന്റെ നടപടിയെ നെതന്യാഹു പ്രശംസിക്കുമെന്നും റിപ്പോർട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുരാജ്യങ്ങളും തമ്മിൽ കുറച്ച് കാലമായി പ്രതിരോധ രംഗത്ത് നല്ലരീതിയിലുള്ള സഹകരണം സൂക്ഷിക്കുന്നുണ്ട്. പ്രതിരോധ മേഖലയിൽ ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുന്ന രണ്ട് ഫാൽക്കൻ അവാക്സ് വ്യോമനിരീക്ഷണ സംവിധാനം ഇസ്രായേലിൽ നിന്നും വാങ്ങാൻ ഇന്ത്യ ഒരുങ്ങുകയാണ്. സുരക്ഷാ ചുമതലയുള്ള ക്യാബിനറ്റ് കമ്മിറ്റി ഉടൻ തന്നെ ഇതിന് അന്തിമാനുമതി നൽകുമെന്നാണ് വിവരം. ശത്രുരാജ്യങ്ങളുടെ വ്യോമനീക്കങ്ങൾ മണത്തറിഞ്ഞ് മുന്നറിയിപ്പ് നൽകാൻ കഴിയുന്ന അഞ്ച് ഫാൽക്കൻ അവാക്സ് വിമാനങ്ങൾ ഇന്ത്യയ്ക്കുണ്ട്. എന്നാൽ പാകിസ്ഥാൻ സൈന്യത്തിന് സമാനമായ ഏഴെണ്ണമുണ്ട്. മൂന്നെണ്ണം ചൈനയിൽ നിന്നും വാങ്ങാൻ പാകിസ്ഥാൻ ഓർഡർ നൽകിയിട്ടുമുണ്ട്. ബാലാക്കോട്ടിലെ ഇന്ത്യൻ വ്യോമാക്രമണത്തിന് ശേഷം ഇവ 24 മണിക്കൂറും പാകിസ്ഥാനിൽ വ്യോമനിരീക്ഷണം നടത്തുന്നുണ്ട്. എന്നാൽ ഇന്ത്യൻ വ്യോമസേന ദിവസവും 12 മണിക്കൂർ മാത്രമാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്.

ബലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ ഇന്ത്യൻ വിമാനങ്ങൾക്ക് നേരെ ആകാശത്ത് നിന്നും തൊടുക്കാവുന്ന ദീർഘദൂര ഡെർബിസ് മിസൈലുകൾ പാകിസ്ഥാൻ തൊടുത്തിരുന്നു. ഏതാണ്ട് 27 കിലോമീറ്റർ റേഞ്ചുള്ള ഈ മിസൈലിന്റെ ഭീഷണി നേരിടാൻ പറ്റിയൊരു മിസൈൽ വാങ്ങണമെന്ന് വ്യോമസേന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുഖോയ് 30 പ്ലാറ്റ്‌ഫോമിൽ ഘടിപ്പിക്കാൻ കഴിയുന്ന ഇസ്രയേൽ നിർമിത ഡെർബി മിസൈലുകൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം തീരുമാനിക്കുന്നത്. പാകിസ്ഥാന്റെ കൈവശമുള്ള അമേരിക്കൻ നിർമിത അത്യാധുനിക എഫ് 16 വിമാനങ്ങളെ പോലും തകർക്കാൻ കഴിയുന്നവയാണ് ഇവ. ഇതിന് പുറമെ ഇന്ത്യൻ പ്രതിരോധ ഗവേഷണ കേന്ദ്രവുമായി ചേർന്ന് വിവിധ തരത്തിലുള്ള മിസൈലുകൾ നിർമിക്കാനും ഇസ്രയേൽ പദ്ധതിയിടുന്നുണ്ട്.