ഇസ്രയേല്‍ വ്യോമാക്രമണം; ഇറാൻ്റെ രഹസ്യ ആണവായുധ പരീക്ഷണകേന്ദ്രം പാടേ തകര്‍ന്നതായി റിപ്പോര്‍ട്ട്; ആണവായുധങ്ങള്‍ സജ്ജമാക്കാനുള്ള ഇറാന്റെ രഹസ്യപ്രവർത്തനങ്ങള്‍ക്ക് തിരിച്ചടി
ജറുസലേം: ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണശാലയ്ക്ക് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്.
പ്രവർത്തനരഹിതമാണെന്ന് നേരത്തെ കരുതിയിരുന്ന പരീക്ഷണശാലയ്ക്ക് നേർക്കാണ് ഒക്ടോബർ അവസാനം ഇസ്രയേലിന്റെ ആക്രമണം ഉണ്ടായത്. പർച്ചിൻ മിലിട്ടറി കോംപ്ലക്സില്‍ പ്രവർത്തിച്ചിരുന്ന പരീക്ഷണകേന്ദ്രം പൂർണമായും തകർന്നതായി യു.എസ്. മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
ആണവായുധങ്ങള്‍ സജ്ജമാക്കാനുള്ള ഇറാന്റെ ഒരു കൊല്ലത്തെ രഹസ്യപ്രവർത്തനങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഇതോടെ മങ്ങലേറ്റതായി റിപ്പോർട്ടില്‍ പറയുന്നു.
ആണവായുധത്തില്‍ യുറേനിയത്തെ ആവരണം ചെയ്യുന്ന പ്ലാസ്റ്റിക് സ്ഫോടകവസ്തുക്കള്‍ രൂപകല്പന ചെയ്യാൻ ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണത്തെ ഇസ്രയേലിന്റെ ആക്രമണം പൂർണമായും നശിപ്പിച്ചതായാണ് വിവരം.
ഇറാൻ ഒരുതരത്തിലും ആണവായുധങ്ങളുടെ നിർമാണമോ ഉപയോഗമോ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഇസ്രയേല്‍ ആക്രമണവാർത്ത നിഷേധിച്ചുകൊണ്ട് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. എന്നാല്‍, ഇസ്രയേലും യു.എസ്. ഉദ്യോഗസ്ഥരും വ്യോമാക്രമണം സ്ഥിരീകരിച്ചു. ഹൈ റെസല്യൂഷൻ ഉപഗ്രഹചിത്രങ്ങളും ആക്രമണത്തെ ശരിവെക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group