play-sharp-fill
ഇറാൻ സൈന്യം പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കു കപ്പലില്‍ ഒരു മലയാളി യുവതിയും; നാലാമത്തെയാളായ യുവതി ഇപ്പോള്‍ താമസം കോട്ടയം കൊടുങ്ങൂര് ; പുതിയ വീട്ടിലെ താമസത്തിന് മകള്‍ എത്താനിരിക്കയാണ് ഇറാൻ സൈന്യം കപ്പല്‍ പിടിച്ചെടുത്തത്തെന്ന് യുവതിയുടെ അച്ഛൻ ; വീട്ടുകാരുമായി അവസാനം സംസാരിച്ചത് വെള്ളിയാഴ്ച രാത്രി ; മോചിപ്പിക്കുന്നതിനായി സർക്കാർ ഇടപെടണമെന്ന ആവശ്യവും ശക്തം

ഇറാൻ സൈന്യം പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കു കപ്പലില്‍ ഒരു മലയാളി യുവതിയും; നാലാമത്തെയാളായ യുവതി ഇപ്പോള്‍ താമസം കോട്ടയം കൊടുങ്ങൂര് ; പുതിയ വീട്ടിലെ താമസത്തിന് മകള്‍ എത്താനിരിക്കയാണ് ഇറാൻ സൈന്യം കപ്പല്‍ പിടിച്ചെടുത്തത്തെന്ന് യുവതിയുടെ അച്ഛൻ ; വീട്ടുകാരുമായി അവസാനം സംസാരിച്ചത് വെള്ളിയാഴ്ച രാത്രി ; മോചിപ്പിക്കുന്നതിനായി സർക്കാർ ഇടപെടണമെന്ന ആവശ്യവും ശക്തം

സ്വന്തം ലേഖകൻ

തൃശൂർ: ഇറാൻ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ ജീവനക്കാരില്‍ ഒരു മലയാളി യുവതിയും.തൃശൂർ വെളുത്തൂർ സ്വദേശിനി ആൻ ടെസ ജോസഫ് (21) ആണ് കപ്പലിലുള്ള നാലാമത്തെ ആള്‍. ഇവർ ഇപ്പോള്‍ കോട്ടയം കൊടുങ്ങൂരാണ് താമസിക്കുന്നത്. രണ്ട് നാള്‍ മുൻപാണ് ഇവർ ഇവിടേക്ക് താമസം മാറ്റിയത്. പുതിയ വീട്ടിലെ താമസത്തിന് മകള്‍ എത്താനിരിക്കയാണ് ഇറാൻ സൈന്യം കപ്പല്‍ പിടിച്ചെടുത്തത്തെന്ന് ആൻ ടെസയുടെ അച്ഛൻ ബിജു എബ്രഹാം പറഞ്ഞു.

ട്രൈനിങ്ങിന്റെ ഭാഗമായി 9 മാസമായി കപ്പലില്‍ ജോലി ചെയ്തു വരികയായിരുന്ന ആന്റസ ജോസഫ്. തിരിച്ചു ഇന്ത്യയിലേക്ക് വരും വഴിയാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് ബിജു എബ്രഹാം പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ആൻ ടെസ ജോസഫ് വീട്ടുകാരുമായി അവസാനം സംസാരിച്ചത്. അത് കഴിഞ്ഞ് ബന്ധപ്പെടാൻ സാധിച്ചില്ല. ഇന്ന് കമ്ബനി അധികൃതർ ബന്ധപ്പെട്ടിരുന്നു. മകള്‍ സുരക്ഷിതയണെന്ന് അറിയിച്ചുവെന്നും ആൻ ടെസയുടെ അച്ഛൻ ബിജു എബ്രഹാം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാവരും സുരക്ഷിതരാണ്. ആർക്കും നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ഭക്ഷണം ലഭിക്കുന്നുണ്ട്. കപ്പലിലുള്ളവർ അവരുടെ ജോലികള്‍ തുടരുന്നുണ്ട്. ഇറാനിലെ ഒരു തുറമുഖത്താണ് കപ്പല്‍. ജീവനക്കാരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കമ്ബനിയില്‍ നിന്നും വിവരം ലഭിച്ചതായി കുടുംബങ്ങളെ അറിയിച്ചു.

മുഖ്യമന്ത്രി അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തില്‍ മൂന്ന് മലയാളികള്‍ എന്നാണ് പറഞ്ഞതെന്നും തന്റെ മകള്‍ കൂടി ഉള്‍പ്പെടെ 4 പേരാണ് ഉള്ളതെന്നും മകളുടെ കാര്യം വിട്ട് കളഞ്ഞത് മനോവിഷമം ഉണ്ടാക്കിയെന്നും എത്രയും വേഗം എല്ലാവരെയും മോചിപ്പിക്കുവാൻ സർക്കാർ ഇടപെടണമെന്നും ബിജു എബ്രഹാം പറഞ്ഞു.

ഇറാന്റെ പിടിയിലുള്ള കപ്പലില്‍ നാല് മലയാളികളാണുള്ളത്. തൃശൂർ സ്വദേശിയായ ആൻ ടെസ ജോസഫ്, കോഴിക്കോട് രാമനാട്ടുകര സ്വദേശി സെക്കൻഡ് എഞ്ചിനീയറായ ശ്യാംനാഥ് തേലംപറമ്ബത്ത്, പാലക്കാട് സ്വദേശി സുമേഷ്, വയനാട് സ്വദേശി പി.വി. ധനേഷ് എന്നിവരാണ് മലയാളികള്‍. കഴിഞ്ഞ 10 വർഷമായി ഇതേ കമ്ബനിയില്‍ ജോലി ചെയ്യുകയാണ് ശ്യാം നാഥ്. നിലവില്‍ കപ്പലിലെ സെക്കൻഡ് എഞ്ചിനീയറായ ശ്യാമിനൊപ്പം സെക്കൻഡ് ഓഫീസർ പാലക്കാട് സ്വദേശി സുമേഷും ജോലി ചെയ്യുന്നുണ്ട്. ഇവരുള്‍പ്പെടെ 17 പേരാണ് ഇന്ത്യക്കാർ. കപ്പലില്‍ ആകെ 25 ജീവനക്കാരാണുള്ളത്.

ഇസ്രയേല്‍ പൗരനായ ഇയാല്‍ ഓഫറിന്റെ ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ-സ്വിസ് കമ്ബനി എം.എസ്.സി.ക്ക് കീഴില്‍ പ്രവർത്തിക്കുന്ന ചരക്ക് കപ്പലാണ് ഇറാൻ സേന പിടികൂടിയത്. വിവരം കപ്പല്‍ കമ്ബനി കോഴിക്കോട് വെള്ളിപറമ്ബിലെ ശ്യാംനാഥിന്റെ കുടുംബത്തെ ഇന്നലെ ഉച്ചയോടെയാണ് അറിയിച്ചത്. വിഷുവിന് നാട്ടില്‍ വരാനിരിക്കുകയായിരുന്നു ശ്യാംനാഥ്. പകരം ജോലിക്ക് കയറേണ്ട ആള്‍ വൈകിയതിനാലാണ് യാത്ര മാറ്റേണ്ടി വന്നത്. കരസേനയിലും കേന്ദ്ര സർക്കാരിന് കീഴിലെ ഷിപ്പിങ് മന്ത്രാലയത്തിലും ഏറെ കാലം ജോലി ചെയ്തയാളാണ് ശ്യാംനാഥിന്റെ പിതാവ് വിശ്വനാഥൻ.

ഒമാൻ ഉള്‍ക്കടലിനു സമീപം ഹോർമുസ് കടലിടുക്കില്‍ വച്ചാണ് ഇസ്രയേല്‍ ബന്ധമുള്ള എം.എസ്.സി ഏരീസ് എന്ന ചരക്കുകപ്പല്‍ ഹെലികോപ്റ്ററിലെത്തിയ ഇറാൻ സേനാംഗങ്ങള്‍ പിടിച്ചെടുത്ത് ഇറാൻ സമുദ്രപരിധിയിലേക്കു കൊണ്ടുപോയത്. ഇസ്രയേല്‍ ശതകോടീശ്വരൻ ഇയാല്‍ ഓഫറിന്റെ സൊഡിയാക് ഗ്രൂപ്പിന്റെ ഭാഗമായ സൊഡിയാക് മാരിടൈം കമ്ബനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണിത്. ഇറ്റാലിയൻസ്വിസ് കമ്ബനിയായ എം.എസ്.സിയാണു കപ്പലിന്റെ നടത്തിപ്പ്.

ഇസ്രയേല്‍ ചരക്കുകപ്പലിലുള്ള 17 ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷക്കും മോചനത്തിനുമായി ഇറാൻ അധികൃതരെ ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ട്. പ്രദേശത്തുള്ള ഇന്ത്യൻ നാവികസേനയുടെ കപ്പലുകള്‍ക്കും ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ദുബായില്‍നിന്ന് മുംബൈയിലെ നവഷേവ തുറമുഖത്തേക്ക് വരുകയായിരുന്ന എം.എസ്.സി. ഏരീസ് എന്ന കപ്പലാണ് ഹോർമുസ് കടലിടുക്കില്‍വെച്ച്‌ ഇറാന്റെ ഔദ്യോഗികസേനാ വിഭാഗമായ റെവല്യൂഷണറി ഗാർഡ് കോർ (ഐ.ആർ.ജി.സി.) ശനിയാഴ്ച പിടിച്ചെടുത്ത് തീരത്തേക്കടുപ്പിച്ചത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഡിയാക് മാരിടൈമിന്റേതാണ് പോർച്ചുഗീസ് പതാക നാട്ടിയ എം.എസ്.സി. ഏരീസ് എന്ന കണ്ടെയ്നർ കപ്പല്‍.