സംഹാര താണ്ഡവമാടി ‘കിങ് കോലി’; അടിച്ചൊതുക്കി ഡുപ്ലസിസ്; സണ്‍റൈസേഴ്‌സിനെ ചാരമാക്കി ബാംഗ്ലൂരിന്‍റെ തേരോട്ടം…!
സ്വന്തം ലേഖിക
ഹൈദരാബാദ്: ഐപിഎല്ലിന്‍റെ പ്ലേ ഓഫില്‍ തങ്ങളും കാണാമെന്ന സൂചന നല്‍കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.
വഴിമുടക്കാനെത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ നട്ടെലൊടിച്ചാണ് ബാംഗ്ലൂര്‍ അത്യുഗ്രന്‍ വിജയം സ്വന്തമാക്കിയത്. നിശ്ചിത ഓവറില്‍ സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 187 വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ നാല് പന്തുകള്‍ ശേഷിക്കെ ബാംഗ്ലൂര്‍ മറികടക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നാം വിക്കറ്റില്‍ 172 റണ്‍സിന്‍്റെ കൂട്ടുകെട്ട് തീര്‍ത്ത കോലിയും ഡുപ്ലസിസും ചേര്‍ന്നാണ് ബാംഗ്ലൂരിന് അനായാസ ജയം സമ്മാനിച്ചത്.
ടോസ് ജയിച്ചയുടന്‍ തന്നെ ബോളിങ് തെരഞ്ഞെടുത്ത ബാംഗ്ലൂര്‍ ഉദ്യേശം വ്യക്തമാക്കിയിരുന്നുവെങ്കില്‍ ബാറ്റിങിനിറങ്ങിയപ്പോള്‍ അതൊന്നുകൂടി ദൃഢമായി. ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി വിരാട് കോലി അതിന്‍റെ വിളംബരവും നടത്തി.
പിന്നീട് ക്രീസില്‍ കണ്ടത് കോലിയുടെയും ഫാഫ് ഡുപ്ലെസിസിന്‍റെയും അഴിഞ്ഞാട്ടമായിരുന്നു. ഇരുവരുടെയും ബാറ്റുകൊണ്ട് തലങ്ങും വിലങ്ങും അടികിട്ടി ഹൈദരാബാദ് ബൗളര്‍മാര്‍ വിയര്‍ത്തു.
ഈ കൂട്ടുകെട്ട് അവസാനിപ്പിക്കാന്‍ ആദ്യ ഓവര്‍ മുതല്‍ ശ്രമിച്ച ഹൈദരാബാദ് തന്ത്രം ഫലം കണ്ടത് പതിനെട്ടാം ഓവറിലെ അവസാന പന്തിലായിരുന്നു. വിരാട് കോലിയെ തിരിച്ചയച്ച് ഭുവനേശ്വര്‍ കുമാര്‍ താല്‍കാലിക ആശ്വാസം നല്‍കുമ്ബേഴേക്കും മത്സരം ഹൈദരാബാദ് കൈവിട്ടിരുന്നു.
63 പന്തില്‍ നാല് സിക്‌സറുകളും 12 ബൗണ്ടറികളുമായി സെഞ്ച്വറി തികച്ച് രാജകീയമായി തന്നെയായിരുന്നു വിരാട് കോലിയുടെ മടക്കം.
172 റണ്‍സിൻ്റെ അവിശ്വസനീയ കൂട്ടുകെട്ടാണ് ആദ്യ വിക്കറ്റില്‍ കോലിയും ഡുപ്ലസിസും ചേര്‍ന്ന് സമ്മാനിച്ചത്. തൊട്ടുപിന്നാലെ 19-ാം ഓവറിലെ രണ്ടാം പന്തില്‍ ഡുപ്ലസിസിനെ നടരാജന്‍ മടക്കിയെങ്കിലും ഈ സമയം ബാംഗ്ലൂര്‍ മത്സരത്തിന്‍റെ സര്‍വാധിപത്യം നേടിക്കഴിഞ്ഞിരുന്നു.
മൂന്ന് പന്തില്‍ അഞ്ച് റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലും, നാല് പന്തില്‍ നാല് റണ്‍സ് നേടിയ മൈക്കള്‍ ബ്രേസ്‌വെല്ലുമാണ് ബാംഗ്ലൂരിന്‍റെ മറ്റ് ബാറ്റര്‍മാര്‍.