ഐ.പി.എൽ; ചെന്നൈയെ 32 റൺസിന്  തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ്; ചെന്നൈയ്ക്കെതിരെ സീസണിലെ രണ്ടാം വിജയം സ്വന്തമാക്കി സഞ്ജുവും സംഘവും പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി

ഐ.പി.എൽ; ചെന്നൈയെ 32 റൺസിന് തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ്; ചെന്നൈയ്ക്കെതിരെ സീസണിലെ രണ്ടാം വിജയം സ്വന്തമാക്കി സഞ്ജുവും സംഘവും പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി

സ്വന്തം ലേഖകൻ

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ സീസണിലെ രണ്ടാം ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. 32 റൺസിനാണ് ധോണിയെയും സംഘത്തെ സഞ്ജുവും സംഘവും കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് എടുത്തു. എന്നാൽ മികച്ച രീതിയിൽ തുടങ്ങിയ ​ചെന്നൈയുടെ ഇന്നിങ്സ് രാജസ്ഥാൻ ബൗളർമാർ 6 വിക്കറ്റിന് 170 റൺസിൽ ഒതുക്കുകയായിരുന്നു.

സീസണിൽ ആദ്യ തവണ ഏറ്റുമുട്ടിയപ്പോള്‍ ധോണിയെയും സംഘത്തെയും അവരുടെ തട്ടകത്തില്‍ രാജസ്ഥാൻ മൂന്ന് റൺസിന് തോല്‍പ്പിച്ചിരുന്നു. ഇന്ന് സ്വന്തം കാണികള്‍ക്ക് മുന്നിൽ ​ചെന്നൈ​യെ വീണ്ടും തോൽപ്പിച്ച് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയിരിക്കുകയാണ് സഞ്ജുവും സംഘവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

29 പന്തുകളിൽ അഞ്ച് ഫോറുകളും ഒരു സിക്സറുമടക്കം 47 റൺസെടുത്ത ഓപണർ റുതുരാജ് ഗെയ്ക്വാദും 33 പന്തുകളിൽ 4 സിക്സറുകളും 2 ഫോറുമടക്കം 52 റൺസ് എടുത്ത ശിവം ധുബെയുമാണ് ചെന്നൈ ബാറ്റിങ് നിരയിൽ തിളങ്ങിയത്. മൊയീൻ അലി 12 പന്തുകളിൽ രണ്ട് വീതം സിക്സറുകളും ഫോറുകളുമടക്കം 23 റൺസ് എടുത്തു.

പരിക്ക് കാരണം വിശ്രമത്തിലുള്ള ബൗളിങ് കുന്തമുന ട്രെന്റ് ബോൾട്ടിന്റെ അഭാവത്തിലും കിടിലൻ പ്രകടനമാണ് രാജസ്ഥാൻ ബൗളർമാർ കാഴ്ചവെച്ചത്. റുതുരാജ്-ഡിവോൺ കോൺവേ കൂട്ടുകെട്ട് പൊളിച്ച് ആദം സാംപയാണ് ചെന്നൈക്ക് ആദ്യ തിരിച്ചടി നൽകിയത്. ആറാം ഓവറിൽ സ്കോർ 42-ൽ നിൽക്കെയായിരുന്നു എട്ട് റൺസ് മാത്രം നേടിയ കോൺവേ പുറത്തായത്. പത്താം ഓവറിൽ റുതുരാജിനെയും സാംപ പടിക്കലിന് ക്യാച്ച് നൽകി പുറത്താക്കി.

തുടർച്ചയായി രണ്ട് ചെന്നൈ ബാറ്റർമാരെ മടക്കിക്കൊണ്ട് രവിചന്ദ്ര അശ്വിനായിരുന്നു പിന്നീട് അപകടം വിതച്ചത്. 15 റൺസെടുത്ത് നിൽക്കെ ​മികച്ച ഫോമിലുള്ള അജിൻക്യ രഹാനെയെ ബട്ലറുടെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ അമ്പാട്ടി റായിഡുവിനെ ജേസൺ ഹോൾഡറുടെ കൈകളിലേക്കുമെത്തിക്കുകയായിരുന്നു. മൂന്ന് ഓവറുകളിൽ 22 റൺസ് വഴങ്ങിയാണ് ആദം സാംപ മൂന്ന് വിക്കറ്റുകൾ വഴ്ത്തിയത്. അശ്വിൻ 35 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളുമെടുത്തു.