രഹാനെയുടെ മാസ്റ്റര്‍ ക്ലാസ്! വാങ്കഡയില്‍ മാസായി ചെന്നൈ! മുംബൈ ഇന്ത്യൻസിനെ ഏഴുവിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ്
സ്വന്തം ലേഖകൻ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈയുടെ തേരോട്ടം തുടരുന്നു. ആവേശകരമായ പോരാട്ടത്തിൽ ചിരവൈരികളായ മുംബൈ ഇന്ത്യൻസിനെ ഏഴുവിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ്.
158 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈ ഓവറിൽ വെറും 18.1 ഒവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ട് വിജയവുമായി ചെന്നൈ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി.
ഐപിഎല്ലിൽ എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന ചെന്നൈ മുംബൈ മത്സരം പൊതുവിൽ ത്രില്ലർ ആവാറാണ് പതിവ് എന്നാൽ ഇന്നലെ വാങ്കഡെയിൽ ചെന്നൈയുടെ ഏകാധിപത്യമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്.
സീസണിൽ ആദ്യമായി കളിക്കാൻ അവസരം ലഭിച്ച വെറ്ററൻ താരം അജിങ്ക്യ രഹാനെയുടെ അപ്രതീക്ഷിത വെടിക്കെട്ടാണ് ചെന്നൈയുടെ ജയം അനായാസമാക്കിയത്. 19 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ച രഹാനെ 61 റണ്‍സെടുത്താണ് മടങ്ങിയത്. ഏഴ് ഫോറും മൂന്ന് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. ടൂര്‍ണമെന്റിലെ വേഗമേറിയ അര്‍ദ്ധ സെഞ്ചുറി സ്വന്തം പേരില്‍ കുറിക്കാനും വലം കയ്യന്‍ ബാറ്റര്‍ക്കായി
റുതുരാജ് ഗെയ്ക്വാദ് (36 പന്തില്‍ 40*), ശിവം ദൂബെ (26 പന്തില്‍ 28), അമ്പട്ടി റായുഡു (16 പന്തില്‍ 20*) എന്നിവര്‍ രഹാനെക്ക് മികച്ച പിന്തുണയാണ് നല്‍കിയത്. മുംബൈക്കായി പിയൂഷ് ചൗള, കുമാര്‍ കാര്‍ത്തികേയ, ജേസൺ ബെഹ്‌റൻഡോർഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിനുവേണ്ടി ഓപ്പണിങ് വിക്കറ്റിൽ നായകൻ രോഹിത് ശർമയും ഇഷാൻ കിഷനും ചേർന്ന് വെടിക്കെട്ട് തുടക്കമാണ് മുംബൈക്ക് നൽകിയത്. പക്ഷേ ആ കൂട്ടുകെട്ടിന് അധികം ആയുസുണ്ടായില്ല. 3.6 ഓവറിൽ ടീം സ്കോർ 38 റൺസെടുക്കുമ്പോഴേക്കും മുംബൈക്ക് രോഹിതിന്റെ(21) വിക്കറ്റ് നഷ്ടമായി. പിന്നീട് വരുന്നവരോരോന്നായി പവലിയനിലേക്ക് മടങ്ങിക്കൊണ്ടിരുന്നു. 38ന് ഒന്നെന്ന നിലയിൽ നിന്ന് 76ന് റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് മുംബൈ വീണു. ആ വീഴ്ചയിൽ നിന്ന് കരകയറാൻ രോഹിതിനും സംഘത്തിനുമായില്ല എന്ന് തന്നെ പറയാം.
അവസാന ഓവറിൽ ഹൃത്വിക് ഷൗക്കീനാണ് മുംബൈ ഇന്നിങ്സ് 150 കടത്തിയത്. ചെന്നൈയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റെടുത്തപ്പോൾ സാന്റ്നറും തുഷാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.