
പൂക്കച്ചവടക്കാരിയായ അമ്മയോട് ഐഫോൺ വേണമെന്ന് വാശിയുമായി മകൻ, 3 ദിവസം നിരാഹാരവും ഒടുവിൽ അമ്മയ്ക്കൊപ്പംകാശുമായി കടയിൽ ; വൈറലായ പോസ്റ്റിന് കീഴെ നിരവധി വിമർശനങ്ങൾ
പരസ്യങ്ങളും സോഷ്യൽ മീഡിയയും പലപ്പോഴും പ്രശ്നത്തിലാക്കുന്നത് ഇടത്തരക്കാരുടെയോ അതിൽ താഴെയുള്ളവരുടെയോ ജീവിതമായിരിക്കും. ഇന്ന് ഐഫോൺ വേണമെന്ന് വാശി പിടിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അത് തന്നെയാണ് ഈ യുവാവും ചെയ്തത്. പൂക്കച്ചവടക്കാരിയായ തന്റെ അമ്മയോട് നിരന്തരം ഐഫോൺ വേണമെന്ന് വാശി പിടിച്ചു പറഞ്ഞു. അത് കിട്ടുന്നത് വരെ ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞ് നിരാഹാരം കിടന്നു. ഒടുവിൽ അവന് ഐഫോൺ കിട്ടി.
This Guy stopped eating food and was demanding iPhone from her mother, His mother finally relented and gave him money to buy iPhone. She sells flowers outside a mandir.
pic.twitter.com/CS59FAS4Z4— Ghar Ke Kalesh (@gharkekalesh) August 18, 2024
Ghar Ke Kalesh എന്ന അക്കൗണ്ടിൽ നിന്നും ഷെയർ ചെയ്ത വീഡിയോയാണ് ഇപ്പോൾ വലിയ ചർച്ചയ്ക്ക് വഴി വെച്ചിരിക്കുന്നത്. കയ്യിൽ കാശുമായി നിൽക്കുന്ന യുവാവിനെയും അമ്മയേയും വീഡിയോയിൽ കാണാം.
ഒരു മൊബൈൽ സ്റ്റോറിലാണ് ഇരുവരും ഉള്ളത്. തന്റെ സ്റ്റോറിന്റെ പ്രൊമോഷന് വേണ്ടി കടക്കാരൻ തന്നെയാണ് വീഡിയോ ഷൂട്ട് ചെയ്തത് എന്നാണ് കരുതുന്നത്. ഐഫോണിന് വേണ്ടി മൂന്നു ദിവസം മകൻ ഭക്ഷണം കഴിക്കാതിരുന്നു എന്നാണ് പറയുന്നത്.
തന്റെ മകന്റെ ആഗ്രഹം സാധിച്ചതിൽ സന്തോഷമുണ്ട് എന്നാണ് അമ്മ പറയുന്നത്. എന്നാൽ, യഥാർത്ഥത്തിൽ അമ്മയുടെ മുഖത്ത് സന്തോഷമില്ല എന്നാണ് നെറ്റിസൺസ് പറയുന്നത്.
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിത്തീർന്നത്. നിരവധിപ്പേരാണ് ഈ മകനെയും അതുപോലെ വീഡിയോ ഷൂട്ട് ചെയ്ത കടക്കാരനെയും വിമർശിച്ചത്.
ക്ഷേത്രത്തിന്റെ പുറത്ത് പൂവില്പന നടത്തുന്ന ജോലിയാണ് അമ്മയ്ക്ക് എന്നാണ് പറയുന്നത്.
ഈ കുട്ടികൾക്ക് എന്താ മാതാപിതാക്കളുടെ കഷ്ടപ്പാടുകൾ മനസിലാവാത്തത് എന്നാണ് പലരും ചോദിച്ചത്. അതുപോലെ, മറ്റ് ചിലർ ചോദിച്ചത് പ്രൊമോഷന് വേണ്ടിയാണെങ്കിലും കടക്കാരൻ എന്തിനാണ് അത് ഷൂട്ട് ചെയ്തത് എന്നാണ്.
ഇടത്തരക്കാരായ കുടുംബങ്ങൾ പലപ്പോഴും വലിയ സമ്മർദ്ദത്തിനാണ് ഇപ്പോൾ ഈ ഐഫോണും റീലും കൊണ്ട് പെട്ടിരിക്കുന്നത് എന്നും പലരും ചൂണ്ടിക്കാട്ടി.