‘ആശുപത്രിയില്‍ മരിച്ചാല്‍ നരകത്തില്‍ പോകുമെന്ന് ഭയപ്പെടുത്തി’; ഇമാം ഉവൈസുമായി ബന്ധപ്പെട്ട കുടുംബങ്ങളിലേക്ക് അന്വേഷണം; ഗുരുതര അസുഖമുണ്ടായിട്ടും ആശുപത്രിയില്‍ പോകാത്തവര്‍ ഇനിയുമുണ്ടോ എന്ന് പൊലീസ് പരിശോധിക്കും

‘ആശുപത്രിയില്‍ മരിച്ചാല്‍ നരകത്തില്‍ പോകുമെന്ന് ഭയപ്പെടുത്തി’; ഇമാം ഉവൈസുമായി ബന്ധപ്പെട്ട കുടുംബങ്ങളിലേക്ക് അന്വേഷണം; ഗുരുതര അസുഖമുണ്ടായിട്ടും ആശുപത്രിയില്‍ പോകാത്തവര്‍ ഇനിയുമുണ്ടോ എന്ന് പൊലീസ് പരിശോധിക്കും

സ്വന്തം ലേഖിക

കണ്ണൂര്‍: രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകാതെ “ജപിച്ച്‌ ഊതല്‍ “നടത്തുന്ന ഇമാം ഉവൈസിന്റെ സ്വാധീനത്തില്‍പ്പെട്ടു പോയ കൂടുതല്‍ കുടുംബങ്ങളുണ്ടെന്ന് പൊലീസ് കണ്ടെത്തല്‍.

ഇവരില്‍ നിന്നും പൊലീസ് തെളിവ് ശേഖരിക്കും. ഗുരുതര അസുഖമുണ്ടായിട്ടും ആശുപത്രിയില്‍ പോകാത്തവര്‍ ഇനിയുമുണ്ടോ എന്നും പൊലീസ് പരിശോധിക്കും. ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ പതിനൊന്ന് വയസുകാരി ഫാത്തിമ മരിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കണ്ണൂര്‍ സിറ്റിയിലെ നിരവധിപ്പേര്‍ക്ക് ഇമാം ഉവൈസ് ‘ജപിച്ച്‌ ഊതല്‍’ നടത്തിയിട്ടുണ്ട്. ആശുപത്രിയില്‍ വച്ച്‌ മരിച്ചാല്‍ നരകത്തില്‍ പോകുമെന്നായിരുന്നു ഇയാള്‍ മറ്റുള്ളവരെ ഭയപ്പെടുത്തിയത്. കണ്ണൂര്‍ സിറ്റി നാലുവയലില്‍ സത്താര്‍ -സാബിറ ദമ്ബതികളുടെ മകള്‍ എംഎ ഫാത്തിമയുടെ മരണത്തോടെയാണ് ഇയാള്‍ പിടിയിലായത്.

2014 മുതല്‍ ഈ കാലയളവ് വരെ അഞ്ചുപേര്‍ ഉവസൈന്റെ സ്വാധീനത്തില്‍ പെട്ട് ചികിത്സ കിട്ടാതെ മരണപ്പെട്ടതായാണ് നാട്ടുകാര്‍ ആക്ഷേപം ഉന്നയിക്കുന്നത്. 2014 ല്‍ പടിക്കല്‍ സഫിയ, 2016 ഓഗസ്റ്റില്‍ അശ്രഫ്, 2017 ഏപ്രിലില്‍ നഫീസു, 2018 മേയില്‍ അന്‍വര്‍ എന്നിവരുടെ മരണത്തെക്കുറിച്ചാണ് പരാതി ഉയര്‍ന്നത്. അസുഖം ബാധിച്ചുള്ള സ്വാഭാവികം മരണം എന്ന് കാട്ടി പോസ്റ്റ്മോര്‍ട്ടം നടത്താതെയാണ് ഇവരെയെല്ലാം സംസ്കരിച്ചത്. ഇതുമായി ബന്ധപ്പെട്ടെല്ലാം അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കഴിഞ്ഞ ഞായറാഴ് സ്കൂള്‍ തുറക്കുന്നതിന് തലേ ദിവസമാണ് ഫാത്തിമ മരിച്ചത്. നാലുദിവസമായി കടുത്ത പനിയുണ്ടായിരുന്ന കുട്ടി പുലര്‍ച്ചെ ബോധരഹിതയായി. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്വാഭാവിക മരണമാണെന്നും പോസ്റ്റുമോര്‍ട്ടം വേണ്ടെന്നും ബന്ധുക്കള്‍ കടുംപിടുത്തം പിടിച്ചെങ്കിലും പൊലീസ് ഇടപെട്ട് പോസ്റ്റ്മോര്‍ട്ടം നടത്തി.

ശ്വാസകോശത്തിലെ അണുബാധയും വിളര്‍ച്ചയുമായിരുന്നു മരണകാരണം. കുട്ടിക്ക് മനപൂര്‍വ്വം ചികിത്സ നല്‍കിയില്ലെന്ന് നാട്ടുകാര്‍ ആക്ഷേപം ഉന്നയിച്ചെങ്കിലും അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് തുടക്കത്തില്‍ വലിയ ഉത്സാഹം കാട്ടിയില്ല. ബന്ധുക്കള്‍ക്ക് പരാതി ഇല്ലാത്തതിനാലും ചികിത്സ വൈകിപ്പിച്ചു എന്നതിന് പ്രത്യക്ഷത്തില്‍ തെളിവില്ലാത്തതുമായിരുന്നു കാരണം.