ത്രിരാഷ്ട്ര ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ; ഇന്ത്യയെ തകര്‍ത്തത് എതിരില്ലാത്ത മൂന്ന് ഗോളിന് ; ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് കിരീടം സിറിയയ്ക്ക്
സ്വന്തം ലേഖകൻ
ഹൈദരാബാദ്: ത്രിരാഷ്ട്ര ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം സ്വന്തമാക്കി സിറിയ. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയെ തകര്‍ത്തത്. ആദ്യ മത്സരത്തില്‍ മൗറീഷ്യസുമായി ഗോള്‍ രഹിത സമനില വഴങ്ങിയ ഇന്ത്യക്ക്, കിരീടം നിലനിര്‍ത്താന്‍ സിറിയയുമായുള്ള പോരാട്ടത്തില്‍ വിജയം അനിവാര്യമായിരുന്നു. എന്നാല്‍ സിറിയക്ക് കിരീട നേട്ടത്തിന് സമനില മതിയെന്നിരിക്കേ, മൂന്ന് ഗോളിന്റെ വിജയത്തോടെ ആധികാരികമായി ചാമ്പ്യന്മാരാവാനായി. സിറിയ നേരത്തേ, മൗറീഷ്യസിനോടും (2-0) വിജയിച്ചിരുന്നു.
ഏഴാം മിനിറ്റില്‍ മഹ്‌മൂദ് അല്‍ അസ്‌വാദിന്റെ ഗോളിലൂടെ സന്ദര്‍ശകര്‍ മുന്നിലെത്തി. 76-ാം മിനിറ്റില്‍ ദലിഹോ ഇറന്‍ദസ്റ്റും ഇന്‍ജുറി ടൈമിന്റെ ആറാം മിനിറ്റില്‍ പാബ്ലോ സബാഗും ഗോള്‍ നേട്ടം പൂര്‍ത്തിയാക്കി. പുതിയ പരിശീലകനായ മനോളോ മാര്‍ക്വേസിന് കീഴില്‍ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് അവസരങ്ങള്‍ നിരവധി ലഭിച്ചെങ്കിലും പ്രയോജനപ്പെടുത്താനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മത്സരത്തിന്റെ തുടക്കത്തില്‍ ഇന്ത്യ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സിറിയന്‍ പ്രതിരോധനിര ശക്തമായി ചെറുത്തുനിന്നു. ഏഴാം മിനിറ്റില്‍ ഗോള്‍ പിറന്നതോടെ സിറിയ ആധിപത്യം പുലര്‍ത്തി. ഇന്ത്യയുടെ പ്രതിരോധപ്പിഴവാണ് ഗോളിലേക്ക് വഴിവെച്ചത്. തുടര്‍ന്ന് കുറച്ചുസമയം കളിയുടെ നിയന്ത്രണം സിറിയ ഏറ്റെടുത്തെങ്കിലും മികച്ച ചില ആക്രമണങ്ങള്‍ ഇന്ത്യന്‍ ഭാഗത്തുനിന്നുണ്ടായി. പക്ഷേ, അവയെല്ലാം വലയിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു. 60-ാം മിനിറ്റില്‍ സഹലിന്റെ മികച്ച നീക്കം സിറിയ തടഞ്ഞു.