വഴങ്ങികൊടുത്ത ശേഷം പീഡിപ്പിച്ചെന്നു പറയുന്നത് മര്യദയല്ല : നടി മീര വാസുദേവ്

വഴങ്ങികൊടുത്ത ശേഷം പീഡിപ്പിച്ചെന്നു പറയുന്നത് മര്യദയല്ല : നടി മീര വാസുദേവ്

സ്വന്തം ലേഖിക

കുറഞ്ഞ കാലപരിധിക്കുള്ളിൽ ഒരു നടന്റെ അമ്മയായും കാമുകിയായും അഭിനയിക്കാൻ കരളുറപ്പ് കാണിച്ച എത്ര നടിമാർ മലയാള സിനിമയിലുണ്ടെന്ന് തിരഞ്ഞാൽ അതിൽ മീരവാസുദേവിന്റെ പേരുണ്ടാവും.

പ്രിയനന്ദനൻ സംവിധാനം ചെയ്ത സൈലൻസർ എന്ന ചിത്രത്തിൽ ലാലിന്റെ 60 വയസ്സുള്ള ഭാര്യയും ഇർഷാദിന്റെ അമ്മയുമായി അഭിനയിച്ചതിനു പിന്നാലെ പായ്ക്കപ്പൽ എന്ന സിനിമയിൽ മീര, ഇർഷാദിന്റെ കാമുകിയുമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്മാത്ര എന്ന സിനിമയാണ് മീര വാസുദേവിനെ മലയാള സിനിമാ പ്രേക്ഷകർക്കു സുപരിചതയാക്കിയത്. അന്ന് മീരയ്ക്ക് വയസ് 23. പതിനാറുകാരന്റെ അമ്മയായി അഭിനയിച്ചു.

അമ്മവേഷങ്ങൾ ചെയ്യില്ലായെന്ന് ശഠിക്കുന്ന നടിമാരുള്ള സിനിമാലോകത്ത് ഏതുവേഷം ചെയ്യാനും മീര തയാറാണല്ലോ?

വയസും രൂപവും റോളിന്റെ വലിപ്പച്ചെറുപ്പമൊന്നും എനിക്കു തടസമല്ല. കാരണം ഞാനൊരു അഭിനേത്രിയാണ്. ലഭിക്കുന്ന റോളുകൾ ചെയ്യാനുള്ള ആത്മവിശ്വാസമാണ് പ്രധാനം. തന്മാത്രയിലെ അമ്മയാവാൻ പലരെയും സമീപിച്ചെന്നും പലരും നിരസിച്ചെന്നും ബ്ലെസി സർ പറഞ്ഞിട്ടുണ്ട്.

ഞാൻ പല ഭാഷകളിലും വർക്ക് ചെയ്തിട്ടുണ്ട്. അവിടെ നിന്നൊക്കെയുള്ള പാഠമാണ് തന്മാത്രയിലെ അമ്മയാകാൻ എന്നെ പ്രാപ്തയാക്കിയത്. എനിക്ക് താരമാകണ്ട. കഥാപാത്രമായാൽ മതി. പ്രേക്ഷകരുടെ സംതൃപ്തിയും അംഗീകാരവുമാണ് എനിക്ക് പ്രധാനം.

ഔദ്യോഗിക അംഗീകാരങ്ങൾ ഏറെ ലഭിച്ചിട്ടുണ്ടല്ലോ?

2006-ൽ മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. 2007-ൽ കനൽപ്പൂവ് എന്ന പരമ്പരയിലൂടെ നല്ല നടിക്കുള്ള കേരള ടെലിവിഷൻ അവാർഡ്, പുതുമുഖ നടിക്കുള്ള ഏഷ്യാനെറ്റ് ഉജാല അവാർഡ്, ഹിന്ദിയിൽ പ്രതീഷ് നന്ദി അവാർഡ്, ഇന്ത്യൻ എക്സ്പ്രസ് അവാർഡ് എന്നിവയൊക്കെ ലഭിച്ചു.

പരസ്യ ചിത്രങ്ങളിലൂടെയായിരുന്നല്ലേ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്?

അതെ. എന്റെ ജന്മദേശം മുംബൈയിൽ ആയിരുന്നതിനാൽ അവിടെ നിർമിക്കുന്ന പരസ്യ ചിത്രങ്ങളിലാണ് ഞാൻ തുടക്കമിട്ടത്. അവിടെ ടിവി സീരിയലുകൾ, സിനിമകൾ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷാസിനികളിലൊക്കെ അഭിനയിച്ചു. എന്നാലും മലയാളത്തിലാണെന്റെ മനസ് മുഴുവൻ.

കുട്ടിമാമയിൽ കഥാപാത്രത്തിന് സ്വന്തം ശബ്ദം കൊടുത്തത് മലയാളത്തോടുള്ള അഭിനിവേശം കൊണ്ടാണോ?

വി.എം.വിനുസാർ ചോദിച്ചു, സ്വന്തമായി ശബ്ദം കൊടുക്കാമോയെന്ന്.കാഴ്ചക്കാർ തിയേറ്ററിൽ നിന്ന് ഇറങ്ങിയോടുംം എന്ന് തമാശയായി ഞാൻ സാറിനോട് പറഞ്ഞു. പക്ഷേ വിനു സാറിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് ഡബ്ബ് ചെയ്തു. നന്നായി എന്നാണ് എല്ലാവരും പറഞ്ഞത്.

എനിക്ക് ശ്രീനിവാസൻ സാറിന്റെ കൂടെ അഭിനയിക്കണമെന്ന ആഗ്രഹം പണ്ടു മുതലേ ഉണ്ടായിരുന്നു. കുട്ടിമാമയിലൂടെ അതു സാധിച്ചു. ഇനി മമ്മൂക്കയുടെ കൂടെ അഭിനയിക്കണമെന്നും ഷാജി കൈലാസ് സാറിന്റെ സംവിധാനത്തിൽ ഒരു റോൾ ചെയ്യണമെന്നും ആഗ്രഹമുണ്ട്. മറ്റൊരു ആഗ്രഹം വെബ്ബ് സീരിയലാണ്.

ശ്രീനിവാസനൊപ്പം വർക്കു ചെയ്ത അനുഭവങ്ങൾ?

നല്ല നർമ്മബോധമുള്ളയാളാണ്. അങ്ങനെയൊന്നും സംസാരിക്കില്ല. എന്തെങ്കിലും പറഞ്ഞാൽ അത് ചിരിക്കും ചിന്തയ്ക്കും കാരണമാവുന്നതായിരിക്കും. ഏതു കാര്യവും പഠിച്ച് സംസാരിക്കുന്നയാളാണ്. നല്ല വായനയുള്ള എഴുതാനറിയാവുന്ന കൃഷിയിൽ താല്പര്യമുള്ളയാൾ.

രൂപ ഭംഗി ഇപ്പോഴും നിലനിർത്തുന്നതെങ്ങനെ?

ബോഡിബിൽഡിംഗിൽ ശ്രദ്ധിക്കുന്നുണ്ട്. ഭക്ഷണത്തിൽ മിതത്വമുണ്ട്. വെയ്റ്റ് ട്രെയിനിംഗ് ചെയ്യുന്നു. 97 കിലോ ഉണ്ടായിരുന്ന ഞാൻ അതൊരിടയ്ക്ക് 88 ആയി കുറച്ചു. ഇപ്പോൾ വീണ്ടും കുറഞ്ഞിട്ടുണ്ട്.

ഒരു വനിതാ സംഘടന സിനിമയ്ക്കുള്ളിൽ രൂപപ്പെട്ടിട്ടുണ്ടല്ലോ. എന്താണ് അഭിപ്രായം?

സംഘടിക്കുന്നത് തെറ്റല്ല. ഫെമിനിസം എന്നാൽ ആൺ വിരോധമാണെന്നും വിശ്വസിക്കുന്നില്ല. ഒരു സ്ത്രീ എന്ന നിലയിലും നടിയെന്ന നിലയിലും വളരാനും അംഗീകാരവും ആദരവും ലഭിക്കാനും ഇടയായിട്ടുണ്ടങ്കിൽ അതിന് പിന്നിൽ കഴിവുറ്റ ചില പുരുഷന്മാരുടെ സർഗ്ഗശേഷിയും പ്രയത്നവുമുണ്ട്.

സിനിമയെന്നത് കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ഉണ്ടാവുന്നതാണ്. സഹകരണത്തിന്റെയും പിന്തുണയുടെയും അടിസ്ഥാനത്തിലാണ് ഉയർച്ചയുണ്ടാകുന്നത്.

മീടു സിനിമയ്ക്ക് അകത്തും പുറത്തും നടക്കുന്നുണ്ട്. ഒരു സ്ത്രീ എന്ന നിലയിൽ ഇതിനോടുള്ള സമീപനമെന്താണ്?

കോർപ്പറേറ്റ് രംഗത്തായാലും സിനിമാരംഗത്തായാലും അരുതായ്മകൾ നടക്കുന്നുണ്ട്. സ്വന്തം നിലപാടിൽ ഉറച്ച് നിന്നാൽ ചൂഷണം നടക്കില്ല. എന്നെ സംബന്ധിച്ച് ഞാൻ ബോൾഡായി സംസാരിക്കും.

അങ്ങനെയാണെന്നെ വളർത്തിയത്. എന്നെ ആരെങ്കിലും അപമാനിക്കാൻ ശ്രമിച്ചാൽ ഞാനെതിർക്കും. തത്സമയം പ്രതികരിക്കണം. അതുകൊണ്ട് തന്നെ ഈ പറഞ്ഞ തരത്തിലുള്ള യാതൊരു ലൈംഗിക പീഡനാനുഭവങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല.

വഴങ്ങിക്കൊടുത്ത ശേഷം പീഡിപ്പിച്ചുവെന്ന് പറയുന്നത് മര്യാദയല്ല.സാഹചര്യമതായിരുന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ല. പറയാതിരിക്കുന്നതാണ് മാന്യത. സിനിമയിൽ ഗ്ലാമറസായി അഭിനയിക്കാൻ സമ്മതിച്ചതിനുശേഷം നിർബന്ധത്തിനു വഴങ്ങിയാണ്, ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് എന്നൊക്കെ പറയുന്നതിൽ അർത്ഥമില്ല. എനിക്കത് പറ്റില്ല. മറ്റാരെയെങ്കിലും വിളിച്ച് അഭിനയിപ്പിച്ചോളൂ എന്ന് പറയണം.

പുതിയ സിനിമകൾ?

അടങ്കാമറു എന്ന തമിഴ്സിനിമയിൽ ജയംരവിയുടെ സഹോദരിവേഷമാണ്. രണ്ടുപെൺകുട്ടികളുടെ അമ്മ. ജീൻസും ടോപ്പുമൊക്കെയാണ് വേഷം. ഡോ. ബിജുവിന്റെ ഫെസ്റ്റിവെൽ സിനിമ പെയിന്റിംഗ് ലൈഫാണ് അടുത്ത പ്രോജക്ട്. പിന്നെ പാണിഗ്രഹണം. ഇതിൽ പതിനാറും ഇരുപത്തിയാറും വയസുള്ള രണ്ടു ഗെറ്റപ്പിൽ വരുന്നു.

ഷാജി കൈലാസിന്റെ നിർമ്മാണത്തിൽ കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന താക്കോൽ. അതിൽ ആംഗ്ലോ ഇന്ത്യൻ കഥാപാത്രം, സോഹൻലാലിന്റെ സംവിധാനത്തിൽ അപ്പുവിന്റെ സത്യാന്വേഷണം എന്ന ചിത്രത്തിൽ സുധീർ കരമന സാറിന്റെ ഭാര്യയായി അഭിനയിക്കുന്നു. കുട്ടികളുടെ ചിത്രമായ കൃതിയിൽ ഗസ്റ്റ് റോൾ, പിന്നെ ചിലതൊക്കെ ചർച്ചയിലാണ്.