ഇരട്ട നികുതിയില്‍ സ്റ്റേ ഇല്ല; അന്തര്‍സംസ്ഥാന ബസുകള്‍ നികുതിയടയ്ക്കണം; ബസുകള്‍ക്ക് കേരളത്തില്‍ നികുതി പിരിക്കുന്നതിന് വിലക്കില്ലെന്ന് ഹൈക്കോടതി
സ്വന്തം ലേഖിക
കൊച്ചി: ഇതരസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ബസുകള്‍ക്ക് കേരളത്തില്‍ നികുതി പിരിക്കുന്നതിന് വിലക്കില്ലെന്ന് ഹൈക്കോടതി.
അന്തര്‍സംസ്ഥാന ബസുടമകളുടെ ഹര്‍ജിയിലാണ് ഉത്തരവ്. നികുതി ഈടക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കം തടയണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്ര നിയമത്തിന്റെ അഭാവത്തില്‍ ഓള്‍ ഇന്ത്യ പെര്‍മിറ്റ് എടുത്ത ബസുകളില്‍ നിന്ന് സംസ്ഥാനത്തിന് നികുതി പിരിക്കാം. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് നിയമപരമായ അധികാരമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കേരളത്തിലേക്ക് വരുന്ന അന്തര്‍ സംസ്ഥാന ബസുകള്‍ നികുതിയടക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്താണ് കേരളത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്ത അന്തര്‍ സംസ്ഥാന ബസുടമകള്‍ കോടതിയെ സമീപിച്ചത്.
മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്‍ത ശേഷം കേരളത്തില്‍ സര്‍വ്വീസ് നടത്തുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് നവംബര്‍ ഒന്നിനകം കേരളത്തിലേക്ക് രജിസ്ട്രേഷന്‍ മാറ്റിയില്ലെങ്കില്‍ കേരള മോട്ടര്‍ വാഹന ടാക്സേഷന്‍ നിയമ പ്രകാരം നികുതി ഈടാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വാഹനങ്ങള്‍ 2021ലെ ഓള്‍ ഇന്ത്യ പെര്‍മിറ്റ് ആന്‍ഡ് ഓതറൈസേഷന്‍ ചട്ടങ്ങള്‍ പ്രകാരം നാഗാലാന്‍ഡ്, ഒഡിഷ, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്‍ത ശേഷം കേരളത്തില്‍ സര്‍വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണു മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.
നവംബര്‍ ഒന്നിനകം കേരളത്തിലേക്ക് രജിസ്ട്രേഷന്‍ മാറ്റിയില്ലെങ്കില്‍ കേരള മോട്ടോര്‍ വാഹന ടാക്സേഷന്‍ നിയമ പ്രകാരം നികുതി ഈടാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചിരുന്നു.
തമിഴ്‍നാട് ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ഇത്തരം നികുതി ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അന്തര്‍ സംസ്ഥാന യാത്രകള്‍ സുഗമമാക്കുന്നതിന് കേന്ദ്രം ആവിഷ്‍കരിച്ച ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് സംവിധാനം അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ബസ് ഉടമകള്‍.
ഇതിന് പിന്നാലെയാണ് കേന്ദ്ര നിയമങ്ങള്‍ക്ക് വിരുദ്ധമായി ഇരട്ട നികുതി പിരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നടപടിക്കെതിരെ ടൂറിസ്റ്റ് ബസ് ഉടമകള്‍ കേരള ഹൈക്കോടതിയെ സമീപിച്ചത്.