ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ കൃത്രിമ വാഹനാപകടമുണ്ടാക്കി ഭിക്ഷാടകനെ കൊലപ്പെടുത്തിയ കേസില്‍ വ്യവസായിയും സഹായിയും പിടിയില്‍: സുകുമാരകുറുപ്പ് മോഡൽ സംഭവം ബംഗളൂരുവിൽ
ബംഗളൂരു: ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ കൃത്രിമ വാഹനാപകടമുണ്ടാക്കി ഭിക്ഷാടകനെ കൊലപ്പെടുത്തിയ കേസില്‍ വ്യവസായിയും സഹായിയും പിടിയില്‍.
ബംഗളൂരു ഹൊസ്കോട്ടെ സ്വദേശി മുനിസ്വാമി ഗൗഡ, ലോറി ഡ്രൈവർ ദേവേന്ദ്ര നായക എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഒളിവില്പ്പോയെ മുനിസ്വാമിയുടെ ഭാര്യ ശില്പറാണിക്കായുള്ള തെരച്ചില്‍ പോലീസ് ഊർജിതമാക്കി.
ഈ മാസം 13ന് ഹാസനില്‍ വച്ചാണു കൊലനടത്തിയത്. മുനിസ്വാമിയും ശില്പയും യാചകനുമായി സൗഹൃദം സ്ഥാപിച്ചശേഷം കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. വിജനമായ സ്ഥലത്തെത്തിയപ്പോള്‍ വാഹനത്തിന്റെ ടയറിനു തകരാർ സംഭവിച്ചെന്ന വ്യാജേന കാർ നിർത്തുകയും ടയർ മാറ്റാൻ യാചകന്റെ സഹായം ആവശ്യപ്പെടുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാള്‍ ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ, നേരത്തെ തയാറാക്കിയ പദ്ധതിപ്രകാരം അതുവഴി വന്ന ദേവേന്ദ്രയുടെ ലോറിക്കുമുന്നിലേക്ക് മുനിസ്വാമി യാചകനെ തള്ളിയിട്ടു. തുടർന്ന് മുനിസ്വാമി കൊല്ലപ്പെട്ടെന്നു വാർത്ത പ്രചരിപ്പിക്കുകയും സംസ്കാരച്ചടങ്ങുകള്‍ നടത്തുകയുമായിരുന്നു. ദിവസങ്ങള്‍ക്കുശേഷം മുനിസ്വാമിയുടെ പേരിലുള്ള ഇൻഷ്വറൻസ് തുക ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ശില്‍പ്പ ആരംഭിക്കുകയും ചെയ്തു.
എന്നാല്‍, പിടിക്കപ്പെടുമോ എന്ന സംശയത്തെത്തുടർന്ന് തന്റെ ബന്ധുവായ സിദ്ധഘട്ട പോലീസ് ഇൻസ്പെക്ടർ ശ്രീനിവാസിനെ കണ്ട് സഹായമഭ്യർഥിക്കാൻ ഇയാള്‍ സ്റ്റേഷനിലെത്തി. ശ്രീനിവാസും സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. മരിച്ചയാള്‍ തിരിച്ചുവന്നതുകണ്ടു ഞെട്ടിപ്പോയ ശ്രീനിവാസ് സത്യാവസ്ഥ ചോദിച്ചറിയുകയും ഹാസൻ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.