ഇനി ക്ഷമിക്കില്ല , റോഡ് അറ്റകുറ്റപ്പണി ശരിയാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിച്ച് പണി നടത്തും : കളക്ടർ

ഇനി ക്ഷമിക്കില്ല , റോഡ് അറ്റകുറ്റപ്പണി ശരിയാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിച്ച് പണി നടത്തും : കളക്ടർ

സ്വന്തം ലേഖിക

കൊച്ചി: കൊച്ചിയിലെ റോഡ് അറ്റകുറ്റപണി അനിശ്ചിതമായി വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് കളക്ടർ. വൻ ഗാതാഗത തടസം നേരിടുന്നതോടെ യാത്രയും ദുസഹമായി. ഇതോടെയാണ് അറ്റകുറ്റപ്പണി നടത്താൻ നിർദേശിച്ച റോഡുകളിൽ പണിയുടെ പേരിൽ ‘ഒപ്പിക്കൽ’ പണി നടത്തിയാൽ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.

ഇനിയൊരു മുന്നറിയിപ്പുണ്ടാകില്ലെന്നും പൊതുജനത്തിനുണ്ടാകുന്ന നഷ്ടം ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കുമെന്നും കളക്ടർ ഓർമിപ്പിച്ചു. കൊച്ചിയിലെ റോഡുകൾ നേരിട്ട് സന്ദർശിച്ചശേഷം വിളിച്ചുചേർത്ത യോഗത്തിലാണ് ജില്ലാ കളക്ടർ എസ്.സുഹാസ് പൊട്ടിത്തെറിച്ചത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് നിങ്ങൾക്ക് ശമ്ബളം നൽകുന്നത്. പരിശോധനയിൽ അറ്റകുറ്റപ്പണി നടത്തിയ റോഡ് ഗതാഗത യോഗ്യമല്ലെങ്കിൽ റോഡ് പണി ഞാൻ നേരിട്ട് ഇറങ്ങി നടത്തും. ഇതിന്റെ പണം നിങ്ങളുടെ ശമ്പളത്തിൽനിന്ന് പിടിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ ഏറ്റവും മോശമായ 45 റോഡുകൾ നന്നാക്കാനാണ് കളക്ടർ ആവശ്യപ്പെട്ടിരുന്നത്. കുഴിനിറഞ്ഞ റോഡുകൾ നന്നാക്കണമെന്ന് ഈ മാസം ആദ്യമാണു ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയത്. ക്രിമിനൽ നടപടിച്ചട്ടം അനുസരിച്ചു കേസെടുക്കുമെന്നുവരെ പറഞ്ഞിട്ടും ഇടവിട്ടുള്ള മഴയുടെ പേരു പറഞ്ഞ് ഉദ്യോഗസ്ഥർ പണി വൈകിപ്പിച്ചു. താൻ ഉൾപ്പെടെ ശമ്പളം വാങ്ങുന്നതു പൊതുജനം നൽകുന്ന നികുതിയിൽനിന്നാണെന്നും കളക്ടർ വ്യക്തമാക്കി.

നിശ്ചിത സമയത്തിനകം റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ കരാറുകാർക്കും നിർവഹണ ഉദ്യോഗസ്ഥർക്കുമെതിരേ ക്രിമിനൽ നടപടി ചട്ടപ്രകാരം നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. നിർദേശം ലഭിക്കുന്നതിനു മുമ്പും പണി തുടങ്ങിയതിനു ശേഷവുമുള്ള ഫോട്ടോ സഹിതം ഉദ്യോഗസ്ഥർ യോഗത്തിനെത്താനാണ് ആവശ്യപ്പെട്ടിരുന്നത്. ഇതുപ്രകാരം എല്ലാവരും ഫോട്ടോ സമർപ്പിച്ചു. ഇവ പരിശോധിക്കാൻ എറണാകുളം ഡി.സി.പി.യോട് കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസിൽനിന്ന് റിപ്പോർട്ട് തേടുന്നതിനു പുറമേ കളക്ടർ നേരിട്ടെത്തിയും പരിശോധിക്കും. ചിലയിടങ്ങൾ കഴിഞ്ഞ ദിവസം നേരിട്ട് സന്ദർശിച്ചെന്നും അദ്ദേഹം അറിയിച്ചു.

കലൂർ – പാലാരിവട്ടം, കതൃക്കടവ്-തമ്മനം, കാക്കനാട് – പാലാരിവട്ടം, ഇടപ്പള്ളി – ചേരാനല്ലൂർ – കളമശ്ശേരി, വൈറ്റില – കുണ്ടന്നൂർ – പൊന്നുരുന്നി, പുല്ലേപ്പടി, അരൂർ – വൈറ്റില, മരട് – കുണ്ടന്നൂർ, സീപോർട്ട്- എയർപോർട്ട്, കരിങ്ങാച്ചിറ – തിരുവാങ്കുളം, വൈക്കം – പൂത്തോട്ട, എറണാകുളം- വൈപ്പിൻ, ഓൾഡ് തേവര – ഫോർഷോർ റോഡ്, വളഞ്ഞമ്പലം – രവിപുരം തുടങ്ങിയ റോഡുകളാണ് പട്ടികയിലുള്ളത്.