ഇന്ത്യയില്‍ ഇന്ന് ചരിത്ര വിക്ഷേപണം; രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം എസ് മൂന്ന് കുഞ്ഞന്‍ ഉപഗ്രഹങ്ങളുമായി രാവിലെ 11.30ന് വിക്ഷേപിക്കും; ഐ.എസ്.ആര്‍.ഒ.യുടെ മേല്‍നോട്ടത്തിലാണ് വിക്ഷേപണം
സ്വന്തം ലേഖിക
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം എസ്, മൂന്ന് കുഞ്ഞന്‍ ഉപഗ്രഹങ്ങളുമായി ഇന്ന് വിക്ഷേപിക്കും.
പകല്‍ 11.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ കേന്ദ്രത്തിലെ സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണത്തറയില്‍ നിന്നാവും റോക്കറ്റ് കുതിക്കുക. ‘പ്രാരംഭ്’ എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ വിക്ഷേപണമാണിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഖര ഇന്ധനം ഉപയോഗിക്കുന്ന കലാം 80 എന്‍ജിന്‍ ഘടിപ്പിച്ച റോക്കറ്റ് ഭൂമിയില്‍ നിന്ന് 120കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയാവും ഉപഗ്രഹങ്ങളെ വിക്ഷേപിക്കുക. തിരിച്ച് കടലില്‍ പതിക്കും. 300സെക്കന്‍ഡ് ദൗത്യം സ്വകാര്യ സംരംഭകരുടെ സാങ്കേതിക മികവിന്റെ ആദ്യ പരീക്ഷണമാണ്. ഐ.എസ്.ആര്‍.ഒ.യുടെ മേല്‍നോട്ടത്തിലാണ് വിക്ഷേപണം.
ചെന്നൈയിലെ സ്‌പെയ്സ് കിഡ്സിന്റെ നേതൃത്വത്തില്‍ അമേരിക്ക,സിംഗപ്പൂര്‍,ഇന്ത്യ എന്നിവിടങ്ങിളിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച രണ്ടരകിലോ ഭാരമുള്ള ഫണ്‍ സാറ്റും രണ്ട് നാനോ ഉപഗ്രഹങ്ങളുമാണ് റോക്കറ്റ് വഹിക്കുന്നത്.
ചരിത്ര വിക്ഷേപണത്തിന് സാക്ഷിയാകാന്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്രസിംഗ് ശ്രീഹരിക്കോട്ടയിലെത്തും. 15ന് നടത്താനിരുന്ന വിക്ഷേപണം കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇന്നത്തേക്ക് മാറ്റിയതാണ്.
ദൗത്യം വിജയിച്ചാല്‍ വിക്രം 1, വിക്രം 2, വിക്രം 3 റോക്കറ്റുകള്‍ അടുത്ത വര്‍ഷം വിക്ഷേപിക്കും. നാല് സ്റ്റേജ് റോക്കറ്റുകളാണിവ. ആദ്യ മൂന്ന് സ്റ്റേജുകളിലും ഖര ഇന്ധനമുള്ള കലാം എന്‍ജിനുകളും, നാലാം സ്റ്റേജില്‍ ദ്രവ ഇന്ധനമുള്ള രാമന്‍ എന്‍ജിനുമാണ്. ഈ റോക്കറ്റുകള്‍ ന്യൂസിലാന്‍ഡിന്റെ ഇലക്‌ട്രോണ്‍, ചൈനയുടെ കയ്ത്വാഷി എന്നീ റോക്കറ്റുകളുമായി കിടപിടിക്കുന്നവയാണ്. ചെലവും നിര്‍മ്മാണ സമയവും കുറച്ച് മതി.
ചെറിയ ഉപഗ്രഹങ്ങളെ ഭൂമിയോടടുത്ത ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ശേഷിയുള്ളതാണ് ഈ റോക്കറ്റുകള്‍. വിക്രം1 290 കിലോ ഭാരമുള്ള ഉപഗ്രഹങ്ങളെ 500 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിക്കും. അതിന്റെ ആദ്യരൂപമാണ് ഇന്ന് വിക്ഷേപിക്കുന്ന വിക്രം. എസ്. 550കിലോഗ്രാമാണ് റോക്കറ്റിന്റെ ഭാരം.