play-sharp-fill
മോഷ്ടാക്കളും പൊലീസും തമ്മിൽ നടന്ന ഏറ്റുമുട്ടൽ; കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു

മോഷ്ടാക്കളും പൊലീസും തമ്മിൽ നടന്ന ഏറ്റുമുട്ടൽ; കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു

സ്വന്തം ലേഖകൻ

ടൊറന്റോ: കാനഡയിലെ ടൊറന്റോ നഗരത്തിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശി കാർത്തിക് വാസുദേവ്(21) ആണ് കൊല്ലപ്പെട്ടത്.


വ്യാഴാഴ്ച വെെകിട്ട് ടൊറന്റോയിലെ ഷെർബോൺ സബ്‍വേ സ്റ്റേഷന് പുറത്തുവച്ച് നടന്ന വെടിവെയ്പ്പിലാണ് ​വിദ്യാർത്ഥി മരിച്ചത്. നഗരത്തിലെ മോഷ്ടാക്കളും പൊലീസും തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടെയാണ് കാർത്തിക്കിന് വെടിയേറ്റതെന്നാണ് ലഭിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെനെക കോളേജിലെ ഒന്നാം സെമസ്റ്റർ മാർക്കറ്റിംഗ് മാനേജ്മെന്റ് വിദ്യാർഥിയാണ് കാർത്തിക്ക്. പാർട് ടൈം ജോലി നോക്കുന്ന റെസ്റ്റോറന്റിലേക്കു പോകുന്ന വഴിക്കാണ് കാർത്തിക്കിന് വെടിയേറ്റത്.

വെടിയേറ്റ കാർത്തിക്കിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർത്തിക്കുമായി വ്യാഴാഴ്ചയും സംസാരിച്ചിരുന്നതായി പിതാവ് ജിതേഷ് വാസുദേവ് അ‌റിയിച്ചു.

ജനുവരിയിലാണ് കാർത്തിക്ക് കാനഡയിൽ എത്തിയത്. കാർത്തിക്കിന്റെ മരണത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അനുശോചനം രേഖപ്പെടുത്തി. കാർത്തിക്കി​ന്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് എല്ലാ സഹായവും നൽകുമെന്നും ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.