കട്ടക്കലിപ്പ്, ഇവരോടു ‘ചൊറിഞ്ഞാല്‍’ പണിയുറപ്പ്! ഇന്ത്യയുടെ 3 പേര്‍, ഒരു സര്‍പ്രൈസ് താരം
സ്വന്തം ലേഖിക.
ജനപ്രീതിയുടെ കാര്യത്തില്‍ ലോകത്തില്‍ നമ്പര്‍ വണ്ണല്ലെങ്കിലും മറ്റൊരു കാര്യത്തില്‍ എല്ലാ ഗെയിമുകള്‍ക്കും മുകളിലാണ് ക്രിക്കറ്റെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കളിക്കളത്തില്‍ താരങ്ങളുടെ മാന്യമായ പെരുമാറ്റമാണ് ക്രിക്കറ്റിലെ സ്‌പെഷ്യലാക്കി മാറ്റുന്നത്. ഈ കാരണത്താല്‍ തന്നെയാണ് മാന്യന്‍മാരുടെ ഗെയിമെന്ന വിശേഷവും ക്രിക്കറ്റിനു ലഭിച്ചിട്ടുള്ളത്. വളരെ അപൂര്‍വ്വമായി മാത്രമേ ക്രിക്കറ്റര്‍മാരുടെ ഭാഗത്തു നിന്നും ഇതിനു നിരക്കാത്ത പെരുമാറ്റമുണ്ടാവാറുള്ളൂ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ കളിക്കളത്തില്‍ ചില സന്ദര്‍ഭങ്ങളില്‍ രോഷം കാരണം നിയന്ത്രണം വിട്ട് എതിര്‍ ടീമിലെ കളിക്കാരുമായി കൊമ്പുകോര്‍ത്ത ചില ക്രിക്കറ്റര്‍മാരെയും നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ആധുനിക ക്രിക്കറ്റിലും കലിപ്പന്‍മാരായ ഇത്തരം ചില ക്രിക്കറ്റര്‍മാരുണ്ട്. നിലവില്‍ മല്‍സരരംഗത്തുള്ള താരങ്ങളില്‍ ഏറ്റവും ക്ഷോഭിക്കുന്ന അഞ്ചു പേര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.
ബംഗ്ലാദേശ് ക്യാപ്റ്റനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസനാണ് ഈ ലിസ്റ്റിലെ ഒരാള്‍. അമിത അഗ്രഷനും ദേഷ്യവുമെല്ലാം പ്രകടിപ്പിക്കാറുള്ള താരമാണ് അദ്ദേഹം. കളിക്കത്തില്‍ എതിര്‍ ടീമിലെ കളിക്കാരോടു മാത്രമല്ല, സ്വന്തം ടീമിലെ താരങ്ങളോടും ഷാക്വിബ് പൊട്ടിത്തെറിക്കാറുണ്ട്. മാത്രമല്ല കളിക്കളത്തിനു പുറത്ത് ആരാധകരോടും പല തവണ അദ്ദേഹം കൈയാങ്കളിയിലേര്‍പ്പെട്ടിട്ടുണ്ട്.
അംപയര്‍മാരോടും ഷാക്വിബ് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവങ്ങളുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ ഒരു മല്‍സരത്തിനിടെ അംപയറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് രോഷം കാരണം ഷാക്വിബ് മൂന്നു സ്റ്റംപുകളും വലിച്ചൂരി എറിയുന്ന ദൃശ്യങ്ങളും നേരത്തേ പുറത്തുവന്നിരുന്നു.
ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ലിസ്റ്റിലെ രണ്ടാമത്തെ താരം. നിലവിലെ വനിതാ ക്രിക്കറ്റര്‍മാരില്‍ഏറ്റവും ചൂടത്തിയായ താരങ്ങളിലൊരാളാണ് അവര്‍. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ് അംപയര്‍മാരോടു മോശമായി പെരുമാറുകയും ഗുരുതര ആരോപണമുന്നയിക്കുകയും ചെയ്തതിനെ തുടര്‍ന്നു ഹര്‍മന്‍പ്രീതിനു രണ്ടു മല്‍സരങ്ങളില്‍ ഐസിസിയുടെ വിലക്ക് നേരിടേണ്ടതായി വന്നിരുന്നു.
ഇതേ പരമ്പരയ്ക്കിടെ ഔട്ടായതിന്റെ ദേഷ്യത്തില്‍ ബാറ്റ് കൊണ്ട് ഹര്‍മന്‍പ്രീത് സ്റ്റംപുകളില്‍ അടിക്കുകയും ചെയ്തിരുന്നു. കളിക്കളത്തില്‍ ടീമംഗങ്ങളുടെ ഭാഗത്തു നിന്നും പിഴവ് സംഭവിച്ചാല്‍ അവരെ നോക്കി കണ്ണുരുട്ടി രോഷം പ്രകടിപ്പിക്കുന്നതും ഹര്‍മന്‍പ്രീതിന്റെ സ്ഥിരം രീതിയാണ്. 2017ലെ ലോകകപ്പില്‍ കളിക്കിടെ ഹെല്‍മറ്റൂരി ഗ്രൗണ്ടിലെറിഞ്ഞതിനെ തുടര്‍ന്നു അവര്‍ക്കു ഐസിസി പിഴയും ചുമത്തിയിരുന്നു.
ഇന്ത്യയുടെ തന്നെ യുവ ഓപ്പണിങ് ബാറ്റര്‍ യശസ്വി ജയ്‌സ്വാളാണ് കളിക്കളത്തിലെ ചൂടനായ മറ്റൊരു താരം. കഴിഞ്ഞ വര്‍ഷത്തെ ദുലീപ് ട്രോഫിക്കിടെയായിരുന്നു താരത്തിന്റെ ഭാഗത്തു നിന്നും മോശം പെരുമാറ്റമുണ്ടായത്. എതിര്‍ ടീം താരമായ രവി തേജയെ വളരെ അഗ്രസീവായി ജയ്‌സ്വാള്‍ പല തവണ സ്ലെഡ്ജ് ചെയ്യുകയായിരുന്നു.
ഇതേ തുടര്‍ന്നു സ്വന്തം ടീമിന്റെ ക്യാപ്റ്റനായ അജിങ്ക്യ രഹാനെയില്‍ നിന്നും ജയ്‌സ്വാളിനു താക്കീതും നേരിടേണ്ടി വന്നു. എന്നാല്‍ ഇതു അനുസരിക്കാതെ താരം സ്ലെഡ്ജിങ് തുടരുകയായിരുന്നു. ഇതോടെ ക്ഷമ കെട്ട രഹാനെ ജയ്‌സ്വാളിനെ ഗ്രൗണ്ടില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഏഴോവറുകള്‍ ഗ്രൗണ്ടിനു പുറത്തിരുന്ന ജയ്‌സ്വാളിനെ പിന്നീട് രഹാനെ തിരികെ വിളിക്കുകയും ചെയ്തു.
ഈ ലിസ്റ്റിലെ സര്‍പ്രൈസ് താരമാണ് ഇംഗ്ലണ്ട് ക്യാപ്റ്റനും വെടിക്കെട്ട് ബാറ്ററുമായ ജോസ് ബട്‌ലര്‍. കാരണം കളിക്കളത്തില്‍ എല്ലായ്‌പ്പോഴും വളരെ ശാന്തനായി കാണപ്പെടാറുള്ള ക്രിക്കറ്ററാണ് അദ്ദേഹം. അപൂവ്വമായി മാത്രമേ ബട്‌ലര്‍ വികാരം പുറത്തു കാണിക്കാറുമുള്ളൂ. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ നിയന്ത്രണം വിട്ട് അദ്ദേഹം രോഷം പ്രകടിപ്പിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
ഒരിക്കല്‍ ബംഗ്ലാദേശുമായുള്ള മല്‍സരത്തിനിടെയാണ് ബട്‌ലര്‍ ചൂടായത്. ബംഗ്ലാ താരങ്ങള്‍ തന്നെ നിരന്തരം സ്ലെഡ്ജ് ചെയ്യുന്നതു കണ്ട അദ്ദേഹം അവര്‍ക്കരികിലേക്കു രോഷത്തോടെ വരികയും പ്രതികരിക്കുകയുമായിരുന്നു. മറ്റൊരു സന്ദര്‍ഭത്തില്‍ സൗത്താഫ്രിക്കയുടെ മുന്‍ താരം വെര്‍ണോണ്‍ ഫിലാന്‍ഡറോടു ബട്‌ലര്‍ കൊമ്പുകോര്‍ക്കുകയും ചെയ്തിട്ടുണ്ട്.
ആധുനിക ക്രിക്കറ്റിലെ ചൂടനായ അഞ്ചാമത്തെയാള്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജാണ്. കളിക്കളത്തില്‍ വളരെ അഗ്രസീവായി പെരുമാറുന്ന താരമാണ് അദ്ദേഹം. ക്രീസിലുള്ള ബാറ്ററെ പ്രകോപിപ്പിക്കാനും അവര്‍ തന്നോടു ചൂടായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാനും സിറാജ് മടിക്കാറില്ല.ഐപിഎല്ലിലടക്കം പല തവണ എതിര്‍ ടീം ബാറ്റര്‍മാരുമായി വാഗ്വാദത്തിലേര്‍പ്പെട്ട സിറാജിനെ നമ്മള്‍ കണ്ടിട്ടുണ്ട്. കളിക്കളത്തില്‍ കാര്യങ്ങള്‍ താന്‍ പ്രതീക്ഷിച്ചതു പോലെ സംഭവിക്കാതെ വരുമ്ബോഴാണ് പ്രകോപിപ്പിച്ച് അദ്ദേഹം വിക്കറ്റുകള്‍ നേടാന്‍ ശ്രമിക്കാറുള്ളത്.