ക്രുണാല്‍ ഷോ..! ഓൾ റൗണ്ടർ മികവുമായി ക്രുണാൽ….; ഹൈദരാബാദിനെതിരെ അനായാസ ജയവുമായി ലഖ്നോ
സ്വന്തം ലേഖിക
ലഖ്നോ: ഐ.പി.എല്ലില്‍ ലഖ്നോ സൂപ്പര്‍ ജയന്റ്സിന് രണ്ടാം ജയവും സണ്‍റൈസേഴ്സ് ഹൈദരാബാദിന് രണ്ടാം തോല്‍വിയും.
ഹൈദരാബാദിനെ 5 വിക്കറ്റിനാണ് ലഖ്നോ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഹൈദരാബാദിന്റെ ഇന്നിങ്സ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 121ല്‍ ഒതുങ്ങിയപ്പോള്‍ ലഖ്നോ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സ്കോര്‍: സണ്‍റൈസേഴ്സ് – 121/8 – 20, ലഖ്നൗ – 127/5 – 16
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ഇടംകൈയ്യന്‍ സ്പിന്നര്‍ ക്രുണാല്‍ പാണ്ഡ്യയാണ് ലഖ്നോ വിന്റെ വിജയം എളുപ്പമാക്കിയത്. മൂന്ന് വിക്കറ്റുകളും 34 റണ്‍സുമാണ് താരത്തിന്റെ സമ്ബാദ്യം. നായകന്‍ കെ.എല്‍ രാഹുല്‍ 35 റണ്‍സെടുത്തു.
സ്പിന്നര്‍മാരാണ് ലഖ്നോക്ക് മേല്‍ക്കൈ നല്‍കിയത്. ക്രുണാല്‍ പാണ്ഡ്യ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലെഗ്സ്പിന്നര്‍ അമിത് മിശ്ര രണ്ടു വിക്കറ്റ് പിഴുതു. ലെഗ്സ്പിന്നര്‍ രവി ബിഷ്‍ണോയിയും മീഡിയം പേസര്‍ യഷ് ഠാകൂറും ഓരോ വിക്കറ്റ് വീതം നേടി.
ആദ്യ കളിയില്‍ ബാറ്റിങ്ങില്‍ പരാജയമായ ടീമിനെ കരകയറ്റാന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം എത്തിയെങ്കിലും കാര്യമുണ്ടായില്ല. നേരിട്ട ആദ്യ പന്തില്‍ പാണ്ഡ്യക്ക് മുന്നില്‍ കുറ്റി തെറിച്ച് മടങ്ങാനായിരുന്നു മാര്‍ക്രമിന്റെ വിധി.
രാഹുല്‍ ത്രിപതി (34), അന്‍മോല്‍പ്രീത് സിങ് (31), അബ്ദുസ്സമദ് (21 നോട്ടൗട്ട്), വാഷിങ്ടണ്‍ സുന്ദര്‍ (16) എന്നിവര്‍ മാത്രമേ ഹൈദരാബാദ് നിരയില്‍ രണ്ടക്കം കടന്നുള്ളൂ. മായങ്ക് അഗര്‍വാള്‍ (3), ഹാരി ബ്രൂക് (0) എന്നിവര്‍ തികഞ്ഞ പരാജയമായി.
അഭിഷേക് ശര്‍മക്ക് പകരം അവസരം ലഭിച്ച അന്‍മോല്‍പ്രീത് സിങ് തുടക്കത്തില്‍ ആക്രമണോല്‍സുകതയോടെ കളിച്ചെങ്കിലും മറുവശത്ത് മായങ്കിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങാനായില്ല. ക്രുണാലിന്റെ പന്തില്‍ മാര്‍കസ് സ്റ്റോയ്നിസിന് പിടികൊടുത്ത് മായങ്ക് മടങ്ങിയതിനുപിന്നാലെ അന്‍മോല്‍പ്രീതും ത്രിപതിയും ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയെങ്കിലും എട്ടാം ഓവറില്‍ പാണ്ഡ്യ ഇരട്ട പ്രഹരമേല്‍പിച്ചു.’
അന്‍മോല്‍പ്രീതിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ക്രുണാല്‍ തൊട്ടടുത്ത പന്തില്‍ മാര്‍ക്രമിനെ ക്ലീന്‍ ബൗള്‍ഡാക്കുകയും ചെയ്തു. അധികം വൈകാതെ ബ്രൂകിനെ ബിഷ്‍ണോയിയും മടക്കിയതോടെ ഹൈദരാബാദ് നാലിന് 55 എന്ന നിലയിലേക്ക് വീണു. പിന്നീടൊരിക്കലും ടീമിന് തിരിച്ചുകയറാനായില്ല.
അവസാനഘട്ടത്തില്‍ ആഞ്ഞടിച്ച അബ്ദുസ്സമദ് (10 പന്തില്‍ രണ്ടു സിക്സും ഒരു ഫോറുമടക്കം പുറത്താവാതെ 21) ആണ് ഹൈദരാബാദ് സ്കോര്‍ 100 കടത്തിയത്.